Tuesday, January 27, 2009

അനാമികചരിതം രണ്ടാം ഖണ്ഡം

'സ്വപ്നം കാണുവാ?' അനു പിറകില്‍.

'കഴിച്ചു കഴിഞ്ഞോ?'

'ഹ്മം....'

സീറ്റില്‍ ചെന്നിരുന്നപ്പം അവള്‍ ചോദിച്ചു

'വിശക്കുന്നില്ലേ?'

'കുറച്ച്'

'ഞാന്‍ ഒരൂട്ടം തരാം, കഴിക്കുവോ?'

'എന്താ അത്?'

അവള്‍ ബാഗിന്റെ സൈഡ് തുറന്നു ഒരു പൊതി എടുത്തു എന്റെ നേരേ നീട്ടി. ആരെയും പ്രലോഭിപ്പിക്കുന്ന തകര്‍പ്പന്‍ ഉണ്നിയപ്പങ്ങള്‍!

'അമ്മ ഉണ്ടാക്കിയതാ, എന്റെ റൂം മേറ്റ്സ് നു കൊടുക്കാന്‍'

'എന്കി വേണ്ട, അവര്ക്കു തന്നെ കൊടുത്തേക്ക്' ഞാന്‍ ഒരു ഫോര്‍മാലിറ്റി കാണിച്ചു.

'എന്റെ കയ്യില്‍ ഒരു പൊതി കൂടി ഉണ്ട്. വേണ്ടത്ര കഴിച്ചോളൂ'

പിന്നെയും പിടിച്ചു നില്‍ക്കാന്‍ എനിക്ക് പറ്റിയില്ല. ഒറ്റയിരുപ്പിന് അന്ചോ ആറോ ഉണ്ണിയപ്പം ഞാന്‍ തീര്ത്തു.

'അനുവും കഴിക്ക്, എനിക്കൊരു കമ്പനി താ'

എനിക്ക് വേണ്ടി ആണോ എന്നറിയില്ല, അവളും ഒരെണ്ണം എടുത്തു.

'അമ്മക്ക് നല്ല കൈപുണ്യം കേട്ടോ'

'ഞാന്‍ പറഞ്ഞേക്കാം'

എനിക്കെന്തോ ഒരിഷ്ടം അവളോട് തോന്നി. (ഉണ്ണിയപ്പം തന്നതു കൊണ്ടല്ല കേട്ടോ, തന്നെയുമല്ല ആ ഇഷ്ടം സഹോദരീ സ്നേഹം ആണന്നു നിങ്ങള്‍ തെറ്റിദ്ധരിക്കല്ലേ....)

'അനൂ, ഉറക്കം വരുന്നുണ്ടങ്കില്‍ പറയണേ'

'ഇല്ല, കുറച്ചൂടെ കഴിഞ്ഞിട്ട് മതി'

കുറച്ചു നേരം കൂടി ഞങ്ങള്‍ സംസാരിച്ചിരുന്നു. വടക്കുനോക്കി യന്ത്രത്തില്‍ ശ്രീനി ഭാര്യയെ ചിരിപ്പിക്കാന്‍ ആഴ്ചപ്പതിപ്പിലെ കോമഡികള്‍ കടമെടുത്തത് പോലെ ഞാനും കുറെ ചളുകള്‍ അടിച്ച് വിട്ടു, ഏതായാലും ഇടക്കിടെ അനു ചിരിക്കുന്നുണ്ടായിരുന്നു.

അനുവിന്റെ ചിരി കാണാന്‍ ഒരു രസമുണ്ടായിരുന്നു. ചിരിക്കുമ്പോള്‍ അവളുടെ കവിള്‍ ചുമന്നു വരും, കണ്ണുകള്‍ ചെറുതാകും. സത്യം പറഞ്ഞാല്‍ ചിരിക്കുമ്പോള്‍ അവള്‍ക്ക് കണ്ണ് കാണാന്‍ പറ്റില്ല എന്ന് പോലും തോന്നിപ്പോയി എനിക്ക്.

അവള്‍ അധികമൊന്നും സംസാരിച്ചില്ലങ്കിലും ഞാന്‍ പറയുന്നത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഏകദേശം പതിനൊന്നു മണി ആയപ്പോഴേക്കും എല്ലാവരും ലൈറ്റ് ഒക്കെ ഓഫ് ചെയ്യാന്‍ തുടങ്ങി.

'അപ്പോള്‍ ശെരി ഗുഡ് നൈറ്റ്'

'ഗുഡ് നൈറ്റ്....'

എന്റെ കത്തിയില്‍ നിന്നും രക്ഷപെട്ടതിന്റെ സന്തോഷം അവളുടെ മുഖത്ത് ഉണ്ടായിരുന്നോ എന്ന് ഒരു സംശയം!

എന്റേത് സൈഡ് ലോവര്‍ സീറ്റ് ആയിരുന്നു. സീറ്റ് വലിച്ച് താഴേക്കിട്ട് ബെര്‍ത്ത് ഞാന്‍ റെഡി ആക്കി.

'വിരോധം ഇല്ലന്കില്‍ രാകേഷ് അപ്പര്‍ ബെര്‍ത്തില്‍ കിടക്കാമോ?'

'ഹ്മം, അനുവിന് വേണ്ടി എന്തും ചെയ്യും ഞാന്‍' എന്ന് പറഞ്ഞില്ല....

'അതിനെന്താ'

മുകളില്‍ ഇരുന്ന അവളുടെ ബാഗ് ഞാന്‍ എടുത്ത് സീറ്റിനു അടിയില്‍ വച്ചു. എന്റെ ബാഗ് ഒരു തലയിണ ആക്കി, മുകളില്‍ കറങ്ങുന്ന ഫാനിനെയും നോക്കി ഞാന്‍ കിടന്നു. കയ്യില്‍ ഇരുന്ന ഐപോഡ് എടുത്ത് കിഷോര്‍ കുമാര്‍ ഹിറ്റുകള്‍ കേള്‍ക്കാന്‍ തുടങ്ങി.

'അനു ഉറങ്ങിക്കാണുമോ എന്തോ?' മനസ്സില്‍ ഒരു സംശയം.... പതുക്കെ താഴേക്ക് നോക്കി. ഒരു ഇളം നീല നീല നിറത്തിലുള്ള പുതപ്പിനടിയില്‍ കഴുത്ത് വരെ മൂടി അവള്‍ ചുരുണ്ടു കൂടി കിടക്കുന്നു. ആ അരണ്ട വെളിച്ചത്തിലും അവളുടെ മുഖത്തെ സൌമ്യത എനിക്ക് വ്യക്തമായി കാണാമായിരുന്നു. ഒരു മുയല്ക്കുഞ്ഞിന്റെ നിഷ്കളങ്കത.

അവളുടെ മുഖത്ത് നിന്നും കണ്ണെടുക്കാനേ എനിക്ക് തോന്നിയില്ല. പക്ഷെ ആരെങ്കിലും കണ്ടാല്‍ എന്ത് വിചാരിക്കും എന്നോര്‍ത്ത് ഞാന്‍ വീണ്ടും ഐപോടില്‍ മുഴുകി.

കുറച്ചു നേരം തലങ്ങും വിലങ്ങും തിരിഞ്ഞു കിടന്നങ്ങിലും ഉറക്കം വന്നില്ല എനിക്ക്. മനസ് എവിടൊക്കെയോ ഓടിക്കളിക്കുന്നു, കൂടുതല്‍ സമയവും അത് അനുവിന് ചുറ്റും ഒടുകയായിരുന്നന്നു തോന്നുന്നു. കുറെ ഓടി മടുത്തപ്പോള്‍ അത് തിരിച്ചു വന്നു.

കണ്ണടച്ച് കുറച്ചു നേരം കിടന്നു. എപ്പോഴോ ഉറങ്ങിപ്പോയി. ആരൊക്കെയോ സംസാരിക്കുന്ന ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. സമയം രാത്രി തന്നെ. ട്രെയിന്‍ ഏതോ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്നു. സേലമോ ഈറോടോ ആയിരിക്കും.

പതുക്കെ താഴേക്ക് നോക്കി, അനുവിന്റെ താല്‍കാലിക ഉത്തരവാദിത്വം ആരും എന്നെ ഏല്‍പ്പിച്ചില്ല, എങ്കിലും. അവള്‍ ഏഴുനേറ്റ് ഇരിക്കുന്നു, പുറത്തേക്ക് നോക്കികൊണ്ട്.

'ഹലോ, എന്താ ഉറക്കം ഒന്നും ഇല്ലേ?' ഞാന്‍ പതുക്കെ ചോദിച്ചു.

അവള്‍ തിരിഞ്ഞു എന്നെ നോക്കി, ഒന്നും മിണ്ടിയില്ല. വീണ്ടും പുറത്തേക്ക് നോക്കി ഇരുന്നു.

'അവളുടെ കണ്ണുകള്‍ നനഞ്ഞിരുന്നോ?' എന്റെ മനസ്സു എന്നോട് തന്നെ മന്ത്രിച്ചു. 'ചോദിക്ക് എന്താണ് കാര്യമെന്ന്.... വേഗം'

ഞാന്‍ പതുക്കെ താഴേക്ക് ഇറങ്ങി.... കാല് നീട്ടി ഇരിക്കുകയായിരുന്ന അവള്‍ ഒരു വശത്തേക്ക് ഒതുങ്ങി ഇരുന്നു, എന്നോട് അവിടെ ഇരിക്കാന്‍ ആവശ്യപ്പെടുന്നത് പോലെ.

'അനു, സംതിന്ഗ് റോങ്ങ്‌?'

'ഏയ് ഒന്നുമില്ല....' അവളുടെ സ്വരം ഇടറിയോ?

'അല്ല, തനിച്ച് ഇരിക്കണമെങ്കില്‍ പറഞ്ഞാല്‍ മതി. ഞാന്‍ ഡിസ്ടര്ബ് ചെയ്യുന്നില്ല'

'അങ്ങനൊന്നുമില്ല'

'വയ്യേ? പനി വല്ലതും ആണോ?'

'അതൊന്നുമല്ല രാകേഷ്'

'പിന്നെന്താ അനു കരയുന്നെ? എന്തെങ്കിലും സീരിയസ് മാറ്റര്‍? എന്നോട് പറയാവുന്ന കാര്യം ആണങ്കില്‍ മതി'

'ഞാന്‍ പറയാം. കുറച്ചു നേരം ഇവിടെ വെറുതെ ഇരിക്കാമോ, ഉറക്കം വരുന്നില്ലന്കില്‍?'

'തേരേ ലിയെ സൌ രാത് ന സോനാ ഭി മുഛേ കുബൂല്‍ ഹെ' എന്ന് വിളിച്ചു പറയണമെന്ന് തോന്നി. എങ്കിലും ഞാന്‍ മറുപടി ഒന്നും പറഞ്ഞില്ല. അവളുടെ മുഖത്ത് തന്നെ നോക്കി ഇരുന്നു.

മുഖം കണ്ടാല്‍ അറിയാം കുറച്ചു നേരമായി അവള്‍ ഇരുന്നു കരയുക ആയിരുന്നന്നു. ആ ചെറിയ വെളിച്ചത്തിലും അവളുടെ കണ്ണുകളില്‍ കണ്ട ചുവപ്പ് നിറം എന്റെ മനസ്സിനെ എന്തെന്നില്ലാതെ നോവിച്ചു.

നെറ്റിയില്‍ നിന്നും പൊട്ട് അപ്രത്യക്ഷമായിരുന്നു. കിടക്കുന്നത് മുന്‍പ് എടുത്തു വച്ചതാണോ അതോ ഉറക്കത്തില്‍ എവിടെയെങ്കിലും പോയതാണോ. ചന്ദനക്കുറിയും മാഞ്ഞു പോയിരുന്നു.

കിടക്കുന്നതിനു മുന്‍പ് അടച്ച വിന്‍ഡോ അവള്‍ പകുതി തുറന്നു വച്ചു. പുറത്തു നിന്നും വന്ന കാറ്റില്‍ അവളുടെ മുടി പാറിപ്പറന്നു. അതൊന്ന് ഒതുക്കി വയ്ക്കാന്‍ അവള്‍ കൂട്ടാക്കിയില്ല.

ആ സുന്ദരമായ കണ്ണുകളെ ഇടക്കിടെ മറച്ചു കൊണ്ടിരുന്ന മുടി ഒന്നു ഒതുക്കിക്കൊടുക്കാന്‍ എന്റെ കൈകള്‍ തരിച്ചു.

'ട്രെയിനില്‍ ആദ്യമായി കണ്ട ഒരു പെണ്കുട്ടി ഇത്രയും സംസാരിച്ചപ്പം രാകേഷിനു എന്ത് തോന്നി?'

'അതിന് അനു അധികമൊന്നും മിണ്ടിയില്ലല്ലോ. ഞാനല്ലേ ഇടിച്ചു കയറിയത്'

'എന്നാലും....'

'പ്രത്യേകിച്ചൊന്നും തോന്നിയില്ല'

'വൈകിട്ട് രാകേഷ് സംസാരിച്ചത് മുഴുവന്‍ കേട്ടുകൊണ്ടിരുന്നപ്പോള്‍ നല്ല പരിചയമുള്ള ഒരാളാണ് ഇതെന്ന് എനിക്കൊരു തോന്നല്‍'

'അതിനാണോ ഇരുന്നു കരഞ്ഞത്?'

'ഏയ്, രാത്രി കിടന്നിട്ടു ഉറക്കം വന്നില്ല. പഴയ കുറെ കാര്യങ്ങള്‍ ആലോചിച്ചപ്പോള്‍ കുറച്ചു വിഷമം വന്നു. ഇപ്പോള്‍ തന്നെ ആരോടെന്കിലും എല്ലാം ഒന്നു തുറന്നു പറയണം എന്ന തോന്നല്‍.... മനസ്സില്‍ ആകെ ഒരു വീര്‍പ്പുമുട്ടല്‍, അതുകൊണ്ടാ രാകേഷ് ഉറങ്ങിയിട്ടില്ല എന്നു കണ്ടപ്പം ഇവിടെ വന്നു ഇരിക്കാമോ എന്ന് ചോദിച്ചത്....'

ഞാന്‍ അവള്‍ പറയുന്നത് കേട്ട് കൊണ്ടിരുന്നു, എന്തോ കാര്യം അവളുടെ മനസിനെ വല്ലാതെ അലട്ടുന്നുണ്ടന്നു മനസിലായി.

അവള്‍ ഒന്നു ചിരിക്കാന്‍ ശ്രമിച്ചു.

'രാകേഷ് ജീവിതത്തില്‍ ആരെയെന്കിലും സ്നേഹിച്ചിട്ടുണ്ടോ?' പെട്ടെന്നായിരുന്നു അവളുടെ ചോദ്യം.

'സ്നേഹം എന്ന് വച്ചാല്‍?'

'ഏതെന്കിലും പെണ്കുട്ടി....'

'അങ്ങോട്ട് മാത്രം തോന്നിയാല്‍ പോരല്ലോ, ഇങ്ങോട്ടും വേണ്ടേ.... അതുകൊണ്ട് ഇതുവരെ ഉണ്ടായിട്ടില്ല....' ഞാന്‍ അരക്കള്ളം പറഞ്ഞു.

'ആ സ്നേഹം നഷ്ടപ്പെടുമോള്‍ ഉണ്ടാകുന്ന വേദന.... രാകെഷിനു മനസിലാകുമോ?'

രണ്ടു പേരും പിന്നെ കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല. എന്ത് മറുപടി പറയണമെന്ന് അറിയാതെ ഞാന്‍ ഇരുന്നു. അവള്‍ക്ക് ഒരു ബോയ് ഫ്രണ്ട് ഉണ്ടായിരുന്നന്നു ഞാന്‍ ഊഹിച്ചു, പക്ഷെ അവന്‍ ഇപ്പോള്‍ എവിടെ? ചോദിക്കാന്‍ തോന്നിയില്ല.

'ഇങ്ങനെ മൂഡ് ഓഫ് ആയി ഇരിക്കാതെ.... വൈകിട്ട് ഞാന്‍ കണ്ട ആ സ്മാര്‍ട്ട് കുട്ടി എവിടെ, ഇപ്പം എന്റെ മുന്‍പില്‍ ഇരിക്കുന്ന ആണ് എവിടെ. പഴയത് ആലോചിച്ചാല്‍ ഒന്നും തിരിച്ചു കിട്ടില്ലല്ലോ, വിഷമിക്കാം എന്നല്ലാതെ....' അങ്ങനെ പലതും പറഞ്ഞ ഞാന്‍ അവളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. ഞാന്‍ ഇതു പറയുമ്പോള്‍ എനിക്ക് ഒരിക്കല്‍ പോലും മുഖം തരാതെ അവള്‍ പുറത്തേക്ക് തന്നെ നോക്കി ഇരിക്കുകയായിരുന്നു.

എനിക്ക് അവളോടുള്ള ഇഷ്ടം കൂടി വരികയായിരുന്നു. എന്തെന്നറിയാത്ത ഒരു വികാരം. അവളോട് ഇനി എന്ത് പറയണം എന്നറിയാതെ കുറച്ചു നേരം ഞാന്‍ തപ്പിത്തടഞ്ഞു നിന്നു.

'ജീവിതത്തില്‍ ഇങ്ങനെ ഒരു ദുരനുഭവം ഉണ്ടായന്നു കരുതി അതിനെ പറ്റി ആലോചിച്ചു വിഷമിക്കുന്നത് മണ്ടത്തരമാണ്. അനൂ, ഞാന്‍ പറയുന്നതു തെറ്റിദ്ധരിക്കരുത്. നഷ്ടപ്പെട്ടു പോയതിനേക്കാള്‍ സ്നേഹം തിരികെ കിട്ടിയാല്‍ അനുവിന്റെ ഈ വിഷമം മാറുമോ?'

അവള്‍ ഒന്നും മനസിലാകാത്തത് പോലെ എന്റെ മുഖത്തേക്ക് നോക്കി.

'എന്നില്‍ നിന്നും അനുവിന് അത് പ്രതീക്ഷിക്കാം'.

അവളുടെ മുഖത്ത് എന്തായിരുന്നു അപ്പോള്‍ എന്ന് നോക്കാന്‍ എനിക്ക് ധൈര്യം വന്നില്ല.

'എന്നെപറ്റി കൂടുതലൊന്നും അനുവിന് അറിയില്ല, തിരിച്ചും. അത് ശെരി തന്നെയാണ്. അതുകൊണ്ട് ഇന്നു കണ്ട എന്നെ ഇഷ്ടപ്പെടണം എന്നൊന്നും ഞാന്‍ പറയില്ല. പക്ഷെ നമുക്കു നല്ല ഫ്രണ്ട്സ് ആയി ഇരുന്നു കൂടേ? പരസ്പരം മനസിലാക്കാന്‍ അനുവിന് ആവശ്യമുള്ളത്ര സമയം എടുത്തോളൂ'

അനു എന്ത് പ്രതികരിക്കും എണ്ണ പേടിയിലായിരുന്നു ഞാന്‍. അതുകൊണ്ട് കൈയില്‍ മൊബൈല്‍ ഫോണ്‍ എടുത്ത് ഞാന്‍ അതില്‍ എന്തോ തിരയുന്ന മട്ടില്‍ ഇരുന്നു.

ഇടതു കൈ ഞാന്‍ ജനല്‍ കമ്പിയില്‍ പിടിച്ചിരിക്കുകയായിരുന്നു. കൈയില്‍ ഒരു ഇളം ചൂട് അനുഭവപ്പെട്ടപ്പോള്‍ ആണ് ഞാന്‍ തല ഉയര്ത്തി നോക്കിയത്. എനിക്ക് വിശ്വസിക്കാനായില്ല, അത് അനു ആയിരുന്നു. ഞാന്‍ പറഞ്ഞതെല്ലാം സമ്മതം എന്ന മറുപടി പോലെ അവള്‍ എന്റെ കയ്യില്‍ പിടിച്ചിരിക്കുന്നു!

അവളുടെ കണ്ണുകളില്‍ ഒരു തിളക്കം ഞാന്‍ കണ്ടു, ചുണ്ടിലെ വിഷാദ ഭാവം മന്ദഹാസത്തിനു വഴിമാറിക്കൊടുത്തോ? എനിക്ക് ആ ട്രെയിനില്‍ കിടന്നു തുള്ളിച്ച്ചാടനമെന്നു വരെ തോന്നി.

****

'ഹലോ, ഇറങ്ങുന്നില്ലേ?' ആരോ എന്നെ വിളിക്കുന്നതു പോലെ. കണ്ണ് തുറന്നു നോക്കിയപ്പോള്‍ മുന്നില്‍ അനു. അപ്പോള്‍ ഞാന്‍ കണ്ടതും പറഞ്ഞതും മുഴുവന്‍ സ്വപ്നം?

'ചെന്നൈ എത്തി, ഇനിയും ഉറങ്ങാനാണോ പരിപാടി?' അവള്‍ ചിരിക്കുന്നു

വാച്ചില്‍ നോക്കിയപ്പോള്‍ സമയം ആറ് മണി. കരക്റ്റ് സമയത്തിന് തന്നെ ചെന്നൈ സെന്‍ട്രല്‍ എത്തിയിരിക്കുന്നു. ഞാന്‍ ചാടി എഴുനേറ്റു.

'അപ്പോള്‍ ശെരി, ഞാന്‍ ഇറങ്ങുന്നു' 'ഓകെ. പറ്റിയാല്‍ ഇതുപോലൊരു യാത്രയില്‍ വീണ്ടും കാണാം', ഞാന്‍ മറുപടി പറഞ്ഞു.

ബാഗ് തോളില്‍ ഇട്ട് അവള്‍ നടന്നു പോകുന്നത് നോക്കി ഒരു നിമിഷം ഞാന്‍ നിന്നു. എന്നെ ഉണര്‍ത്താന്‍ അവള്‍ കയ്യില്‍ തട്ടിയപ്പോള്‍ തോന്നിയ ചൂട് എനിക്ക് അപ്പോഴും അനുഭവപ്പെടുന്നുണ്ടായിരുന്നു, സ്വപ്നതിലാണന്കിലും അവള്‍ എന്റെ കൈ പിടിച്ചപ്പോള്‍ എനിക്ക് തോന്നിയ അതേ ഇളം ചൂട്!

Sunday, January 18, 2009

അനാമികാ, ഐ ലവ് യു!

എറണാകുളം സൌത്ത് റെയില്‍വേ സ്റ്റേഷനില്‍ ആലപ്പി ചെന്നൈ എക്സ്പ്രസ്സ് ഉം കാത്ത് ഇരിക്കുകയായിരുന്നു ഞാന്‍. പെട്ടെന്ന് കിട്ടിയ അഞ്ചു ദിവസത്തെ അവധി തീര്‍ന്നതിന്റെ സങ്കടവും ട്രെയിന്‍ യാത്രയ്ക്കു ആരും കമ്പനി ഇല്ലല്ലോ എന്ന വിഷമവും. ബോറടി മാറ്റാന്‍ ബുക്ക് സ്ടാളില്‍ നിന്നും ഒരു 'ബോബനും മോളിയും' 'സിനിമ മംഗളവും' വാങ്ങി മടക്കി ബാഗില്‍ തിരുകി കയറ്റി.

പതിനഞ്ചു മിനിട്ട് ലേറ്റ് ആയി ആണ് ട്രെയിന്‍ വന്നത്. കമ്പാര്‍ട്ട്മെന്റില്‍ കയറുന്നതിനു മുന്‍പ് പുറത്തു ഒട്ടിച്ചിട്ടുള്ള റിസര്‍വേഷന്‍ ലിസ്റ്റില്‍ ഞാന്‍ നോക്കി, എന്റെ അടുത്ത ഇരിക്കുന്നത് ആരാണന്നു. പേരു 'അനാമിക'. വയസും കൂടി ചെക്ക് ചെയ്തു. പണ്ടു പറ്റിയത് പോലെ ആകരുതല്ലോ.

ലിസ്റ്റ് ചെക്ക് ചെയ്തപ്പം കണ്ടത് ഒരു 'മഞ്ജു' വിനെ. തുള്ളിച്ചാടി ട്രെയിനിനു അകത്തു കയറി. 'മഞ്ജു' വന്നപ്പഴാണ് ഞാന്‍ ഞെട്ടിയത്, ഒരു പത്തു വയസുകാരി കുട്ടി. അന്ന് മുതല്‍ ആണ് പേരിനൊപ്പം വയസുകൂടി ഞാന്‍ നോക്കാന്‍ തുടങ്ങിയത്.

നല്ലൊരു 'നായര്‍' കുട്ടി എന്നെങ്കിലും ഒത്തു വന്നിരുന്നന്കില്‍ എന്ന് പലപ്പോഴും ആശിച്ചിട്ടുണ്ട്, പക്ഷെ 'എറിയാന്‍ അറിയാവുന്നവന്റെ കയ്യില്‍ വടി കിട്ടില്ലല്ലോ'!

അനാമികയുടെ പ്രായം ഇരുപത്തി രണ്ട്!

'ദൈവമേ, ഇവള്‍ ഒരു കൊച്ചു സുന്ദരി ആയിരിക്കണേ'. ശകലം 'പഞ്ചാര' എങ്കിലും അടിക്കാമല്ലോ (ഞാന്‍ ആ ടൈപ്പ് അല്ലന്കിലും!) വല്ലപ്പോഴുമേ ഇതുപോലെ ഒരു ചാന്‍സ് ഒത്തുവരാറുള്ളു. ഇത്തവണ ആണങ്കില്‍ എന്റേത് സൈഡ് ലോവര്‍ സീറ്റും. എതിരെ അവള്‍ മാത്രം. ഇടങ്കോലിടാന്‍ ഒരു തെണ്ടിയും വരില്ല. ഞാന്‍ മനപായസം കണ്ടോണ്ടിരുന്നു.

അവള്‍ കയറേണ്ടത് ആലുവ നിന്നും. ട്രെയിന്‍ അര മണിക്കൂറിനുള്ളില്‍ തന്നെ ആലുവ എത്തി. ആകാംക്ഷയോടെ പുറത്തേക്ക് നോക്കി. അവളെ കാണുന്നില്ല. 'പ്രതീക്ഷിച്ചത് മുഴുവന്‍ വെറുതെ ആയോ?' ഞാന്‍ കെട്ടിയ മനക്കോട്ടകള്‍ എല്ലാം തകരാന്‍ തുടങ്ങിയിരുന്നു.

വണ്ടി വിടുന്നതിനു തൊട്ടു മുന്‍പ് ഒരു കൊച്ചു പെണ്കുട്ടി കമ്പാര്‍ട്ട്മെന്റിന് അടുത്തേക്ക് ഓടി വന്നു. ചന്ദന നിറത്തിലുള്ള ഒരു ചുരിദാര്‍ ആണ് വേഷം. കയ്യില്‍ ഒരു വലിയ ബാഗും. കൂടെ ശകലം പ്രായമായ ഒരു സ്ത്രീയും പുരുഷനും ഉണ്ട്. 'അച്ഛനും അമ്മയും ആയിരിക്കും. ദൈവമേ, അനാമിക ഇവള്‍ തന്നെ ആയിരിക്കണേ, അച്ഛനും അമ്മയും യാത്രക്ക് കൂടെ കാണരുതേ'. ഞാന്‍ വീണ്ടും ആശിച്ചു.

വണ്ടി അനങ്ങി തുടങ്ങുന്നത് വരെ അവള്‍ സീറ്റിലേക്ക് വന്നില്ല. വാതില്‍ക്കല്‍ നിന്നു അച്ഛനോടും അമ്മയോടും യാത്ര പറയുക ആയിരിക്കും.

ഏതായാലും അന്ന് എന്റെ ലക്കി ഡേ ആയിരുന്നു. അവള്‍ ആ ബാഗും തൂക്കി എന്റെ സീറ്റിനടുത്തേക്ക് എത്തി. അവളുടെ കണ്ണുകള്‍ സീറ്റ് നമ്പര്‍ തിരയുന്നുണ്ടായിരുന്നു. ലാലേട്ടനെ പോലെ ഒരു വശം ചെരിഞ്ഞായിരുന്നു അവള്‍ നടന്നത്. 'ബാഗിന്റെ ഭാരം കൊണ്ടായിരിക്കും', പാവം.

എന്റടുത്ത് എത്തി അവള്‍ നിന്നു, എന്നിട്ട് പേര്‍സ് തുറന്നു ടിക്കറ്റ് എടുത്ത് സീറ്റ് നമ്പര്‍ ഒന്നു കൂടി ഉറപ്പു വരുത്തി. അവള്‍ ബാഗ് മുകളിലത്തെ ബെര്‍ത്തില്‍ വയ്ക്കാന്‍ ഒരു വിഫല ശ്രമം നടത്തി, ഭാരം കൊണ്ടായിരിക്കും അവള്ക്ക് അതിന് കഴിഞ്ഞില്ല. അവളുടെ കായില്‍ നിന്നും ബാഗ് താഴേക്ക് വീഴും എന്ന് തോന്നിയപ്പോള്‍ ഞാന്‍ ചാടി എഴുനേറ്റു.

'ഞാന്‍ സഹായിക്കാം'

അവള്‍ തിരിഞ്ഞ് എന്റെ മുഖത്തേക്ക് നോക്കി, ഒന്നും പറഞ്ഞില്ല. എങ്കിലും ഞാന്‍ ആ ബാഗ് എടുത്ത് മുകളില്‍ വച്ചു. മുടിഞ്ഞ ഭാരം ആയിരുന്നു.

'വീട്ടിലെ ചക്കയും മാങ്ങയും ഒക്കെ പൊതിഞ്ഞു കെട്ടിക്കൊണ്ടു വന്നിരിക്കുവാണോ കൊച്ചെ?' എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു, പക്ഷെ ചോദിച്ചില്ല. കണ്ടപ്പോള്‍ തന്നെ ചളിഞ്ഞ തമാശ അടിക്കരുതെന്ന് മനസ് വിലക്കി.

'താങ്ക്യു', അവളുടെ നന്ദി പ്രകടനം.

'നോ പ്രോബ്സ്'.

അവള്‍ സീറ്റില്‍ ഇരുന്നു, എന്റെ നേരെ ഓപ്പോസിറ്റ് സൈഡില്‍. കുറച്ചു നേരത്തേക്കെങ്കിലും മാന്യത കളയണ്ട എന്ന് കരുതി ഞാന്‍ പുറത്തേക്ക് നോക്കി ഇരുന്നു.

ട്രെയിന്‍ സ്പീഡില്‍ പോകുമ്പോള്‍ മരങ്ങളും ഇലക്ട്രിക്‌ പോസ്റ്റുകളും വേഗത്തില്‍ പുറകോട്ടു പോകുന്നത് കാണാന്‍ എന്ത് രസം, ചെറുപ്പം മുതലേ ട്രെയിന്‍ യാത്ര എനിക്ക് ഭയങ്കര ഇഷ്ടം ആയിരുന്നു. ചെന്നൈയില്‍ ജോലി കിട്ടിയതിനു ശേഷം ഒരുപാടു തവണ ട്രെയിനില്‍ യാത്ര ചെയ്തിട്ടുണ്ട്, എങ്കിലും ആ കൌതുകം എനിക്കിതുവരെ പോയിട്ടില്ല.

ഇടക്കൊന്നു തിരിഞ്ഞ ഞാന്‍ അവളെ നോക്കി. കയ്യിലെ ചെറിയ ബാഗില്‍ നിന്നും അവള്‍ ഒരു ബുക്ക് എടുത്ത് വായന തുടങ്ങിയിരുന്നു. 'സിഡ്നി ഷെല്ഡന്‍' എഴുതിയ 'മാസ്റ്റര്‍ ഓഫ് ദ ഗെയിം'. 'ഓ, ഇവള്‍ വല്യ പുള്ളിയാ', മനസ്സില്‍ വിചാരിച്ചു കൊണ്ട് വീണ്ടും പുറത്തേക്ക് നോക്കി ഇരുന്നു.

ലവള്‍ വല്യ ഇംഗ്ലീഷ് പുസ്തകം വായിക്കുമ്പം ഞാന്‍ 'ബോബനും മോളിയും' എടുക്കുന്നതെങ്ങനെ? അല്ലന്കിലെ എന്നെ കണ്ടാല്‍ ഇരുപത്തി നാലു വയസായി എന്ന് ആരും പറയില്ല. ഇനി ഞാന്‍ കാര്‍ട്ടൂണ്‍ വായിക്കുന്നത് കണ്ടിട്ട് ഉള്ള ചാന്‍സ് കൂടി കളയണ്ട.

'സിനിമ മംഗളം' എടുക്കാമെന്ന് വച്ചാല്‍ അതിന്റെ കവര്‍ പേജില്‍ നയന്‍ താര നിവര്‍ന്നു നില്ക്കുന്നു. പെറ്റ തള്ള സഹിക്കില്ല അവളുടെ വേഷം. കാര്യം അതൊക്കെ കണ്ടിട്ടാണ് 'സിനിമ മംഗളം' വാങ്ങിച്ചതെങ്കിലും അത് പുറത്തറിയിക്കുന്നത് ശെരിയല്ലല്ലോ. ഞാന്‍ ഒരു ആഭാസന്‍ ആണന്നു അവള്‍ തെറ്റിദ്ധരിച്ചാലോ!

'ടപ്പേ' എന്നൊരു ശബ്ദം കേട്ടാണ് ഞാന്‍ തിരിഞ്ഞു നോക്കിയത്. അവളുടെ കയ്യില്‍ നിന്നും 'ഷെല്ഡന്‍' താഴെ വീണു കിടക്കുന്നു', കഥാനായിക ഉറങ്ങാന്‍ തുടങ്ങിയിരുന്നു.

കിട്ടിയ തക്കത്തിനു ഞാന്‍ അവളെ ഒന്നു അനലൈസ് ചെയ്തു.

ഷാമ്പൂ തേച്ചു അലസമായി ഇട്ടിരിക്കുന്ന മുടി കാറ്റത്ത്‌ പാറിപ്പറക്കുന്നത് കാണാന്‍ നല്ല രസമുണ്ടായിരുന്നു. ആഭരണങ്ങള്‍ അധികം ഒന്നും തന്നെ ഇല്ല. കയ്യില്‍ രുദ്രാക്ഷം പോലെയുള്ള മുത്തുകള്‍ കൊണ്ടുണ്ടാക്കിയ ഒരു ചെയിന്‍, കഴുത്തില്‍ ഒരു കൊച്ചു മാല. കറുത്ത നിറത്തിലുള്ള ഒരു കൊച്ചു പൊട്ട്‌, 'ഒട്ടിപ്പോ' ടൈപ്പ് ആണന്നു തോന്നുന്നു. അതിന് മുകളിലായി ഒരു ചെറിയ ചന്ദനക്കുറി. കാതില്‍ മുല്ല മൊട്ടു പോലുള്ള ഒരു കമ്മല്‍, അത് മാത്രം സ്വര്‍ണം.

പെന്‍സില്‍ കൊണ്ട് കണ്ണ് എഴുതിയിട്ടുണ്ട്, ചെറുതായി. കൈ നഖം ഇളം റോസ് കളറില്‍ അലങ്കരിച്ചിരിക്കുന്നു. ഇടതു കവിളിനും മൂക്കിനും ഇടയിലായി ഒരു ചെറിയ മറുക്, കണ്ണ് കിട്ടാതിരിക്കാന്‍ കൊച്ചു കുട്ടികള്‍ക്ക് അമ്മമാര്‍ കവിളില്‍ ഇടുന്ന അടയാളം പോലെ.

'ഈ മറുകായിരിക്കും ഇവളുടെ സൌന്ദര്യ രഹസ്യം', ഞാന്‍ മനസ്സില്‍ കരുതി. കൂടുതല്‍ അലന്കാരങ്ങള്‍ ഒന്നും ഇല്ലാത്ത ഒരു സിമ്പിള്‍ പെണ്‍കുട്ടി, മെലിഞ്ഞ ശരീരം, തരക്കേടില്ലാത്ത ഒരു ചന്തവും, അതായിരുന്നു അനാമിക.

അല്ലങ്കിലും സ്വര്‍ണക്കടക്കാരുടെ പരസ്യം പോലെ വരുന്ന പെണ്‍കുട്ടികളെ പണ്ടേ ഞാന്‍ വായ്നോക്കാറ് പോലുമില്ല. ചെറിയ മേക്കപ്പ് ആണ് എപ്പഴും എനിക്കിഷ്ടം. എന്റെ സുഹൃത്തുക്കളോട്, പെണ്‍ വിഭാഗത്തിനോട്, ഞാന്‍ പലപ്പോഴും പറയാറുള്ള ഒരു കാര്യമാണ് 'നെറ്റിയിലെ അലങ്കാരത്തിന്റെ പ്രാധാന്യം'. 'ഒരു പൊട്ടെങ്കിലും തൊട്ടുകൂടേടീ നിനക്ക്' എന്ന് പലരോടും ഞാന്‍ ചോദിചിട്ടുമുണ്ട്.

ആകെമൊത്തം എന്റെ അനാമികയെ (തെറ്റിദ്ധരിക്കണ്ട, കഥ എഴുതുമ്പോള്‍ എങ്കിലും ഞാന്‍ എന്റെ എന്ന് വിളിച്ചോട്ടെ. നിങ്ങള്ക്ക് പരാതി വല്ലതും ഉണ്ടാന്കില്‍ കമന്റ് എഴുതി രേഖപ്പെടുതുക്കോളൂ) കാണാന്‍ ഒരു ആനച്ചന്തം ഉണ്ടായിരുന്നു.

താഴെ വീണു കിടന്ന ആ ബുക്ക് ഞാന്‍ എടുത്ത് മടക്കി സൈഡില്‍ വച്ചു. വണ്ടി തൃശൂര്‍ എത്തുന്നതിനു മുന്‍പ് അവള്‍ ഉണര്‍ന്നു, താഴെ നോക്കുന്നത് കണ്ടപ്പോള്‍ ബുക്ക് ആണ് തിരയുന്നത് എന്ന് എനിക്ക് മനസിലായി.

'ബുക്ക് ഇവിടെ ഉണ്ട്', ഞാന്‍ നോവല്‍ അവളുടെ നേരെ നീട്ടി.

'ഉറങ്ങിയപ്പോള്‍ താഴെ പോയതാ, ഞാന്‍ എടുത്ത് വച്ചന്നെ ഉള്ളു'.

'താങ്ക്സ്‌', ദേ വീണ്ടും ആംഗലേയം.

അവള്‍ പുറത്തേക്ക് നോക്കുന്നത് കണ്ടപ്പോള്‍ എവിടം വരെ എത്തി എന്ന് ചെക്ക് ചെയ്യാനാണന്നു എനിക്ക് മനസിലായി.

'തൃശൂര്‍ ആകുന്നതെ ഉള്ളു'.

'ചായ, ചായ....' ചായക്കാരന്‍ പയ്യന്‍ അതിലെ വന്നു.

'ഒരു ചായ....', അവള്‍ അയാളെ വിളിച്ചു.

'എനിക്കും ഒരു ചായ തന്നേരെ', ഞാനും പറഞ്ഞു.

അവള്‍ ഒരു നൂറു രൂപ നോട്ട് അയാളുടെ നേരെ നീട്ടി.

'ചില്ലറയില്ല, അഞ്ചു രൂപ ചേഞ്ച്‌ തരുമോ ചേച്ചി?'

'എന്റെ കയ്യില്‍ ഇതേ ഉള്ളു'

പയ്യന്‍ ഒന്നും മിണ്ടാതെ കണ്ണ് മിഴിച്ചു നിന്നു.

'സാരമില്ല തല്‍ക്കാലം ഞാന്‍ കൊടുക്കാം'.

ഞാന്‍ ഒരു പത്തു രൂപ നോട്ട് അവന് കൊടുത്തു.

'ഡിന്നര്‍ ഓര്‍ഡര്‍ എടുക്കാന്‍ ആള് വരുമോ?', ഞാന്‍ ചായക്കാരനോട് ചോദിച്ചു.

'വരും സര്‍, തൃശൂര്‍ എത്തുമ്പോള്‍ ആള് വരും'.

അവള്‍ പേഴ്സ് തിരയാന്‍ തുടങ്ങി. അഞ്ചു രൂപ തിരയുന്നതാണന്നു എനിക്ക് മനസ്സിലായി.

'ഇപ്പം നോക്കണ്ട. ഈ ചായക്ക് പകരം എനിക്കൊരു ഡിന്നര്‍ സ്പോന്‍സര്‍ ചെയ്‌താല്‍ മതി'

'ആള് കൊള്ളാമല്ലോ'

ഞാന്‍ ഒരു വളിച്ച ചിരി പാസ്സാക്കി.

'എന്താ പേര്?', ഞാന്‍ ചോദിച്ചു.

അറിയാമെന്കിലും ചോദിച്ച് മനസിലാക്കണമല്ലോ!

'അനാമിക'

'ഞാന്‍ രാകേഷ്. ആണ് പഠിക്കുവാണോ അതോ....?'

'അല്ല, ഞാന്‍ ഇന്‍ഫിയില്‍ വര്‍ക്ക് ചെയ്യുവാ. രാകേഷോ?'

'സി. ടി. എസ്സില്‍. അനാമിക ഷോലിങ്ങനല്ലൂര്‍ ഉള്ള ബ്രാഞ്ചിലാണോ?'

'അതേ'

'ഓ. ഞാന്‍ താമസിക്കുന്നത് അവിടെയാ. എന്റെ ഓഫീസ് നാവല്ലൂര്‍ ആണ്. കണ്ടിട്ടുണ്ടോ?'

'ഇല്ല, അങ്ങോട്ട് ഇതുവരെ വന്നിട്ടില്ല'

അവള്‍ അധികം സംസാരിക്കാന്‍ താത്പര്യം കാണിച്ചില്ല. എങ്കിലും കിട്ടിയ 'ഇര' യെ ഞാന്‍ മാക്സിമം വധിച്ചുകൊണ്ടിരുന്നു.

'വര്‍ക്ക് ഒക്കെ എങ്ങനെ ഉണ്ട്?'

'കുഴപ്പമില്ല. അങ്ങനെ ഒക്കെ തട്ടിയും മുട്ടിയും പോണു'

'ഹ്മം.... നമ്മള്‍ സോഫ്റ്റ്‌വെയര്‍ കാരുടെ എല്ലാം ഒരു യാന്ത്രിക ജീവിതം അല്ലെ?'

'ഹ്മം....'

'എനിക്ക് പിന്നെ കുറച്ചു നല്ല ഫ്രണ്ട്സ് ഉണ്ട്, എല്ലാം മലയാളികള്‍. അതുകൊണ്ട് അഡ്ജസ്റ്റ് ചെയ്യുന്നു'

'എന്റെ ബെസ്റ്റ് ഫ്രണ്ട്സ് എല്ലാം ബാഗ്ലൂര്‍ ആണ്'

'അനുവിനും, ഈ അനാമിക എന്ന് എപ്പഴും നീട്ടി വിളിക്കാനുള്ള ബുദ്ധിമുട്ട് കൊണ്ടാ കേട്ടോ, അങ്ങോട്ട് ട്രാന്‍സ്ഫര്‍ നോക്കിക്കൂടാരുന്നോ?'

'അനു എന്ന് തന്നെയാ എല്ലാവരും എന്നെ വിളിക്കാറ്'. പുറത്തു നിന്നും വരുന്ന കാറ്റില്‍ അനുസരണക്കേട്‌ കാണിക്കുന്ന മുടി കൈ കൊണ്ട് ചെവിക്കു പുറകിലേക്ക് ഒതുക്കിക്കൊണ്‍്ട് അവള്‍ പറഞ്ഞു. 'ട്രാന്‍സ്ഫര്‍ ചോദിക്കാഞ്ഞിട്ടല്ല, കിട്ടാത്തതാ'.

'തൂ ചീസ് ബടി ഹെ മസ്ത് മസ്ത്...' എന്റെ ഫോണ്‍ നിലവിളിക്കാന്‍ തുടങ്ങി.... 'ആരാടാ സ്വര്‍ഗത്തിലെ കട്ടുറുമ്പ് ആകുന്നത്' എന്ന് ആത്മഗതം ചെയ്തു കൊണ്ട് ഞാന്‍ ഫോണ്‍ എടുത്തു.

'ട്രെയിന്‍ വന്നോടാ?', വീട്ടില്‍ നിന്നും ആണ് കാള്‍. അനുവിനോട് ഒരു 'എക്സ്ക്യൂസ് മീ' പറഞ്ഞു ഞാന്‍ വാതിലിനടുത്തേക്ക് പോയി.

'വന്നു, ഇപ്പം തൃശൂര്‍ എത്താറായി'

'എന്നിട്ടെന്തിയെ ഇതുവരെ നീ വിളിക്കാത്തത്?', സ്വരം മാറി.

'അത് പിന്നെ ചാര്‍ട്ടില്‍ അനാമികയുടെ പേരു കണ്ടപ്പോള്‍ എല്ലാം ഞാന്‍ മറന്നു' എന്ന് പറയാന്‍ പറ്റുമോ?

'നെറ്റ്‌വര്‍ക്ക് പ്രോബ്ലം ആയിരുന്നു', ദോഷമില്ലാത്ത ഒരു കള്ളം അടിച്ച് വിട്ടു.

കാള്‍ വേഗം കട്ട് ചെയ്ത് ഞാന്‍ സീറ്റിലേക്ക് ചെന്നു. അനുവിന്റെ മുഖത്ത് ഒരു കള്ളച്ചിരി ഉണ്ടായിരുന്നോ?.

'ആരായിരുന്നു? ഗേള്‍ ഫ്രണ്ട്?'

'അയ്യേ, എനിക്കോ. ഞാന്‍ അത്തരക്കാരന്‍ അല്ല'

'എത്തരക്കാരന്‍?'

'അല്ല, ഇങ്ങനെ ലൈന്‍ ഒക്കെ അടിച്ച് കറങ്ങി നടക്കുന്ന....'

'ഓ പിന്നേ'

'അനു ചുമ്മാ എഴുതാപ്പുറം വായിക്കാതെ, എന്നെ വീട്ടില്‍ നിന്നും വിളിച്ചതാ'

'ഇവിടെ നിന്നും എഴുനേറ്റു പോയി സംസാരിച്ചത്‌ കൊണ്ട് ചോദിച്ചത് കേട്ടോ. ഒന്നും തോന്നണ്ട'. അവള്‍ ചിരിച്ചു.

'അവള്‍ ചിരിച്ചാല്‍ മുത്ത്‌ പൊഴിയും....' എന്ന് പണ്ടാരോ പാടിയത് അനാമികയെ കണ്ടിട്ടാണോ എന്തോ!

'രാകേഷിന്റെ കയ്യില്‍ ബുക്ക് വല്ലതും ഉണ്ടോ?'

'ഞാന്‍ ഷെല്ഡന്‍ നോവലുകള്‍ ഒന്നും വായിക്കാറില്ലേ....'

'കളിയാക്കിയതാണോ? ഇംഗ്ലീഷ് നോവല്‍ ഒന്നും വേണ്ട. ഇതു എന്റെ ഫ്രെണ്ടിനു വേണ്ടി ഞാന്‍ വാങ്ങിയതാ. കുറച്ചു വായിച്ചപ്പം തന്നെ ബോര്‍ അടിച്ചു'

'പിന്നെ.... ബോബനും മോളിയും മതിയോ?'

'ആ.... അത് എന്റെ ഫേവറൈറ്റ് ആണ്'

ഛെ, ഇവളെ പേടിച്ചാണല്ലോ കര്‍ത്താവേ ഞാന്‍ ബോബനും മോളിയും ഒളിപ്പിച്ചു വച്ചത് എന്ന് ഓര്‍ത്തു പോയി. 'സിനിമാ മംഗളം' അവള്‍ കാണാതെ ഞാന്‍ ' ബോബനും മോളിയും' എടുത്തു കൊടുത്തു.

വണ്ടി തൃശൂര്‍ എത്തി. 'മീല്‍സ്, മീല്‍സ്....' കുശിനിക്കാരന്‍ വരുന്നുണ്ടായിരുന്നു.

'ചേട്ടാ, ഇവിടെ' അയാളെ വിളിച്ച് ഒരു ചിക്കന്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്തു.

'അനുവിന് എന്തെങ്കിലും?'

'വേണ്ട, ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്'

അയാള്‍ പോയിക്കഴിഞ്ഞപ്പം അനു പറഞ്ഞു.

'പണ്ടൊരിക്കല്‍ ട്രെയിനില്‍ നിന്നും ഡിന്നര്‍ കഴിച്ചതാ, അതുകൊണ്ട് മതിയായി'

'എന്ത് പറ്റി?'

'പിറ്റേ ദിവസം ഓഫീസില്‍ പോകാന്‍ പറ്റിയില്ല, ലീവ് എടുക്കേണ്ടി വന്നു'

'ബെസ്റ്റ്....'

പിന്നെ കുറച്ചു നേരത്തേക്ക് അവള്‍ 'ബോബനും മോളിയിലും' മുഴുകി. ഞാന്‍ കുറച്ചു കിനാവുകളിലും.

തൃശൂര്‍ കഴിഞ്ഞപ്പോഴേക്കും എല്ലാ സീറ്റുകളിലും ആള്‍ക്കാര്‍ എത്തി. ഞായര്‍ ആയിരുന്നത് കൊണ്ട് സീസണ്‍ ടിക്കറ്റുകാരുടെ തിരക്ക് ഇല്ലായിരുന്നു. അല്ലന്കില്‍ സൈഡ് ലോവര്‍ സീറ്റില്‍ ഇരിക്കുന്നവരുടെ കാര്യമാണ് കഷ്ടം. സീറ്റ് മറിച്ചിടാന്‍ പറയുമ്പോള്‍ 'പറ്റില്ല' എന്ന് പറയാമോ? എന്നിട്ട് മൂന്നോ നാലോ പേര്‍ അവിടെ വന്നിരിക്കും. റിസര്‍വ്‌ ചെയ്ത് പോകുന്ന എന്നെപോലെ ഉള്ളവര്‍ക്ക് സ്വസ്ഥമായി ഇതുപോലെ പഞ്ചാര അടിക്കാന്‍ പറ്റുമോ!

(ഞാന്‍ സീസണ്‍ ടിക്കറ്റുകാരന്‍ ആണങ്കില്‍ രംഗം മാറും കേട്ടോ. റിസര്‍വ്‌ ചെയ്തതിന്റെ ജാടയില്‍ ഇരിക്കുന്നവന്മാര്‍. നമ്മളെന്താ ഓസിനു കയറിയതാണോ? അവന്മാര്‍ക്ക് ഒതുങ്ങി ഇരുന്നാല്‍ എന്താ?)

ഏതായാലും അന്ന് അവള്‍ക്ക് കമ്പനി ഒന്നും ഇല്ലാതിരുന്നത് നന്നായി, അല്ലന്കില്‍ ഞാന്‍ എന്ത് ചെയ്തേനെ!

പാലക്കാട് എത്തിയപ്പോള്‍ എനിക്ക് ഓര്‍ഡര്‍ ചെയ്ത ബിരിയാണി കിട്ടി. ഉടന്‍ അനു ചോദിച്ചു.

'കഴിച്ചാലോ? പത്ത് മണി ആയി'

'വിശന്നു തുടങ്ങിയോ?'

'പിന്നില്ലാതെ, രാകേഷിന്റെ ഫുഡ് വരട്ടെ. ഒന്നിച്ചു കഴിക്കാം എന്നോര്‍ത്ത് വെയിറ്റ് ചെയ്തതല്ലേ'

'ശ്ശെ അതൊന്നും നോക്കണ്ടായിരുന്നു. നേരത്തെ കഴിക്കാന്‍ മേലാരുന്നോ?'

'ഇനിയും സംസാരിച്ച് സമയം കളയാതെ'

ഞാന്‍ ബിരിയാണി കയ്യില്‍ എടുത്തു.

'കൈ കഴുകണില്ലേ?'

'ഓ, എനിക്കങ്ങനെ ദുശീലം ഒന്നും ഇല്ല. കൊച്ചു പോയിട്ട് വാ'

അവള്‍ ഓടി പോയിട്ട് വന്നു പൊതി തുറന്നു. ഞാന്‍ പതുക്കെ എത്തി നോക്കി. വാഴയിലയില്‍ പൊതിഞ്ഞ അത്താഴം. ചോറും മോര് കൂട്ടാനും മീന്‍ പൊരിച്ചതും.

ബിരിയാണി ഒരു വാ കഴിച്ചപ്പോള്‍ തന്നെ എനിക്ക് മതിയായി.

'കൊച്ചിന് കരിനാക്ക് ഉണ്ടോ?'

'അതെന്താ?'

'അല്ല, ഈ ബിരിയാണി തിന്നാല്‍ ഞാന്‍ ഇപ്പം തന്നെ ആ വാതിലിനടുത്തുള്ള മുറിയില്‍ കയറി തപസ്സു ചെയ്യേണ്ടി വരും, അതാ'

അവള്‍ കുടുകുടെ ചിരിച്ചു.

'ഇവിടുത്തെ ഭക്ഷണം മിക്കവാറും ഇങ്ങനെ തന്നെയാ, അത് പറയാന്‍ കരിനാക്കൊന്നും വേണ്ട' ശകലം കെറുവോട് കൂടി അവള്‍ മറുപടി പറഞ്ഞു.

എനിക്ക് ആ ഫുഡ് കഴിക്കാന്‍ തോന്നിയില്ല. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന അവളുടെ മുന്‍പില്‍ വായും പൊളിച്ച് ഇരിക്കുന്നത് എങ്ങനെ? ഞാന്‍ എണീറ്റ് വാതിലിനടുത്തേക്ക് നടന്നു. ബിരിയാണി വെളിയിലേക്ക് എറിഞു. മുഖം കഴുകി കുറച്ചു നേരം കാറ്റു കൊണ്ടോണ്ട് പുറകിലേക്ക് ഓടി മറയുന്ന മരങ്ങളെ നോക്കി ഞാന്‍ നിന്നു. തണുത്ത കാറ്റ്.... നല്ല വിശപ്പും. ഇനി സേലത്ത് ചെല്ലുമ്പോള്‍ അവിടുന്ന് എന്തേലും വാങ്ങി കഴിക്കാമെന്ന് വിചാരിച്ചു.

(ഇ കഥ ഇവിടെ തീരുന്നില്ല.... ബാക്കി ഉടന്‍ തന്നെ ഞാന്‍ പോസ്റ്റുന്നതായിരിക്കും)