Wednesday, November 19, 2008

ദില്‍വാലെ ദുല്‍ഹനിയാ ലേ ജായേന്‍ഗേ

പെഡഗോഗിക് അനാലിസിസ്‌ എന്ന ബോറന്‍ ക്ലാസ്സില്‍ ഇരുന്നു കോട്ടുവാ ഇടുന്നതിനിടയിലാണ് അടുത്ത ആഴ്ചത്തെ കള്ചറല്‍ ഫെസ്റ്റില്‍ ഞങ്ങളുടെ ഫിസിക്കല്‍ സയന്‍സ് ടീം എന്ത് പെര്‍ഫോമന്‍സ് നടത്തും എന്ന ചോദ്യം എന്റെ മുന്‍പില്‍ ഒരു ചോദ്യ ചിഹ്നമായി വന്നു നിന്നത്. തലേന്ന് രാത്രി രണ്ടു മണിക്ക് ഫാഷന്‍ ചാനലിലെ 'വിദ്യഭ്യാസ' പരിപാടി കണ്ടതിന്റെ ക്ഷീണത്തില്‍ ഉറക്കം തൂങ്ങുന്ന പ്രേമനെ വിളിച്ചുണര്‍ത്തി ഞാന്‍ ചോദിച്ചു, 'എടാ അടുത്ത വെള്ളിയാഴ്ച നമ്മള്‍ എന്ത് പിണ്ണാക്ക് കാണിക്കും?' 'ങേ? അടുത്ത ആഴ്ച എക്സാം ആണോടാ?'. കുംഭകര്‍ണന്റെ കൊച്ചുമോനായ ഇവനോട് ചോദിച്ച എന്നെ വേണം തല്ലാന്‍ എന്ന് മനസ്സില്‍ വിചാരിച്ചു ഞാന്‍ സൈഡില്‍ ഇരുന്ന ലീജിയയെ നോക്കി ഒരു വളിച്ച ചിരി പാസാക്കി.


വൈകിട്ട് രാജധാനി ബാറിലെ അരണ്ട വെളിച്ചത്തില്‍ 'കിംഗ്‌ ഫിഷറിന്റെ' സൌന്ദര്യം ആസ്വദിച്ചു കൊണ്ടിരുന്നപ്പോഴാണു ഞാന്‍ ബിജോയോട് ചോദിച്ചത്, 'അളിയാ, നിനക്കു വല്ല ഐഡിയയും കിട്ടിയോ?'

ഓരോ വെള്ളിയാഴ്ചയും ഹാഫ് ഡേ പരിപാടികള്‍ ഓരോ ക്ലാസ്സിന്റെ വക, അഭിമാന പ്രശ്നമാണ്. പിന്നെ നാല് പെണ്‍കുട്ടികളുടെ ഇടയില്‍ ഷൈന്‍ ചെയ്യാന്‍ (പരിപാടി കുളമായില്ലങ്കില്‍) കിട്ടുന്ന അവസരവും. എനിക്ക് പിന്നെ പണ്ടേ ഇത്തരം 'ചീപ് ഷൈനിങ്ങിനു' താല്പര്യമില്ലാത്തതിനാല്‍, സത്യമായിട്ടും, ഞാന്‍ തന്നെ മുന്‍കൈ എടുത്തല്ലേ പറ്റൂ.


അടുത്ത ദിവസത്തെ 'സൈക്കോളജി' ക്ലാസ്സില്‍ ഇരുന്നു പാവലോവിന്റെയും സ്കിന്നറിന്റെയും ഒക്കെ മണ്ടന്‍ ആശയങ്ങള്‍ കേള്‍ക്കുന്നതായി അഭിനയിക്കുന്നതിനിടെ ഞങ്ങള്‍ക്ക് ഒരു ഐഡിയ കിട്ടി. 'യുറേക്ക യുറേക്ക' എന്ന് വിളിച്ച് ഓടണമെന്ന് ഉണ്ടായിരുന്നങ്കിലും നാച്ചുറല്‍ സയന്‍സിലെ തരുണീമണികള്‍ ഞങ്ങളുടെ 'ഷ്വാര്‍സെനഗര്‍' ബോഡി കണ്ടു കൂടെ പോന്നാലോ എന്ന് കരുതി വേണ്ടന്ന് വച്ചു.


ഒരു നാടകം എങ്ങനെയെങ്കിലും തട്ടിക്കൂട്ടുക, അതായിരുന്നു ഞങ്ങളുടെ മഹത്തായ ആ കണ്ടുപിടുത്തം. ബാകി സമയത്തെ പരിപാടികള്‍ക്ക് ഒരു വിഷമവുമില്ല. സ്വാഗത പ്രസംഗം അന്‍സു വക. മികച്ച അധ്യാപകനുള്ള ദേശീയ അവാര്‍ഡ് അബ്ദുള്‍ കലാമിന്റെ കയ്യില്‍ നിന്നും വാങ്ങിയ ലൂക്കോ സാറിന്റെ പ്രിയപുത്രിയും കോളേജിലെ ഒന്നാം നിര സാഹിത്യകാരികളില്‍ ഒരാളുമായ അന്‍സു അല്ലാതെ ആരു സ്വാഗതം പറയും?


പിന്നെയുള്ള പ്രസംഗം ബിജോ തന്നെ, ജോസ് കെ മാണി കഴിഞ്ഞാല്‍ പിന്നെ ഇവന്‍ ആണല്ലോ, പോരാഞ്ഞതിന് ഒരു മൈക്ക് തീനിയും. 'ആടിനെ പട്ടിയാക്കുന്നവന്‍' എന്ന് പണ്ടാരോ പറഞ്ഞത് ഇവന്റെ പ്രസംഗം കേട്ടതിനു ശേഷം ആയിരിക്കും.


രാജേഷിന്റെ വക ഒരു നാടന്‍ പാട്ട്. 'അളിയാ, അബദ്ധത്തില്‍ പോലും പാടുന്നതിനു ഇടയില്‍ പൂരപ്പാട്ട് കേറി വരരുതേ' എന്ന് ഞാന്‍ ഒരു ഉപദേശം കൊടുത്തു. പിന്നെ ക്ലാസ്സിലെ മലയാളി മങ്കമാരുടെ വക ഒരു നൃത്തം. ഇത്രയും ഞങ്ങള്‍ നേരത്തെ തന്നെ ആലോചിച്ചു വച്ചിരുന്നു.


ഇനി നാടകത്തിന്റെ ഇതിവൃത്തം രചിക്കണം. ആ ഭാരിച്ച ചുമതല ഞങ്ങള്‍ നാല്‍വര്‍ സംഘം - ഞാന്‍, കുട്ടി നേതാവ് (ബിജോ), പ്രേമന്‍, പിന്നെ രാജേഷ് - ഏറ്റെടുത്തു. പ്രാക്ടിക്കല്‍ വര്‍ക്കിനായി ഗ്രൂപ്പ് ഡിസ്കഷന്‍ നടക്കുന്ന ടൈം ഞങ്ങള്‍ നാടക രചനക്കായി തിരഞ്ഞെടുത്തു.


'പുരാണ നാടകം ആയാലോ' എന്ന് നേതാവ്. അതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ആയ വേഷം, വേദി ഒരുക്കല്‍ ഇത്യാദി കാര്യങ്ങള്‍ ഓര്‍ത്തപ്പോള്‍ 'അതിനെ ആധുനികവല്‍ക്കരിച്ചാലോ' എന്ന് രാജേഷ്. അവസാനം പുരാണ കഥാപാത്രങ്ങള്‍ക്ക് പകരം സിനിമ നടീനടന്മാരെ വച്ച് ഒരു നാടകം തട്ടിക്കൂട്ടാം എന്ന് തീരുമാനമായി. അങ്ങനെ ഞങ്ങള്‍ നാള് പേരും ചേര്ന്നു സ്ക്രിപ്റ്റ് തയാറാക്കി. നിത്യ ഹരിത നായകന്‍ നസീര്‍ രാമനായി വരുന്നു. ആ റോളിലേക്ക് ആരനന്നു പറയണ്ടല്ലോ:) ഇ ഞാന്‍ തന്നെ. സീമ സീതയായി. ഞങ്ങള്‍ 'ഉണ്ടക്കണ്ണി ' എന്ന് വിളിക്കുമ്പോള്‍ ആ കണ്ണുകള്‍ ഒന്നു കൂടി ഉരുട്ടി വലുതാക്കുന്ന നിഷ അങ്ങനെ ഞങ്ങടെ നാടകത്തിലെ നായിക. സഹനടന്‍ ആയി പിള്ളേച്ചന്‍, ലക്ഷ്മണന്റെ റോളില്‍. ലക്ഷ്മണന് രാമന്റെ ഇരട്ടി പൊക്കം ഉണ്ട്, പക്ഷെ എന്ത് ചെയ്യും. ഇ ഒരു നാടകത്തിനു വേണ്ടി ആളെ വാടകക്ക് എടുക്കാന്‍ പറ്റില്ലല്ലോ.

ജനക മഹാരാജാവായി ബിജോ അളിയന്‍, ഒരു കള്ള് കുടിയന്‍ ആയി. വില്ലന്‍ രാവണന്‍ ആണല്ലോ, അതുകൊണ്ട് ആ റോളില്‍ ജയന്‍, സ്വല്പം തണ്ടും തടിയും ഉള്ള, വെണ്ണ പോലുള്ള ശരീരത്തെ 'മസിലുകള്‍' എന്ന് വിളിക്കുന്ന പ്രേമന് കൊടുത്തു ജയന്റെ ഉത്തരവാദിത്വം. ഹനുമാന്‍ സീതയെ അന്വേഷിക്കാന്‍ പോകുന്ന ആള്‍ ആയതുകൊണ്ട് സി. ഐ. ഡി. മൂസ എണ്ണ ഒരു കഥാപാത്രത്തെ കൂടി ഉള്‍പെടുത്തി. രാജേഷ് അളിയന്‍ മൂസ ആകാം എന്ന് ഏറ്റു. നാടകത്തിനു ഞങ്ങള്‍ പേരും ഇട്ടു 'ദില്‍വാലെ ദുല്‍ഹനിയാ ലെ ജായേന്‍ഗെ'.

ബെന്നി അച്ഛന്റെ ക്ലാസ്സില്‍ വച്ച് ജോബി അളിയന്‍ എന്നോട് ചോദിച്ചു 'എടാ, നിങ്ങടെ നാടകത്തില്‍ എനിക്ക് റോള്‍ വല്ലതും ഉണ്ടോ?'. 'ഇല്ലടാ, ഞങ്ങള്‍ മഹാഭാരതം റീമേക് ചെയ്യുന്നില്ല, രാമായണമാ പുനരാവിഷ്കരിക്കുന്നത്'. 'അതുകൊണ്ട്?' 'അല്ല, മഹാഭാരതം ആയിരുന്നന്കില്‍ ശകുനിയുടെ റോള്‍ തരാമായിരുന്നു. നിന്റെ സ്വഭാവത്തിന് അതാ ചേരുന്നത്'. ജോബിയുടെ മറുപടി ഞാന്‍ ഇവിടെ എഴുതുന്നില്ല. സെന്‍സര്‍ ബോര്‍ഡ് എന്റെ ബ്ലോഗിന് എ+ സര്‍ട്ടിഫിക്കറ്റ് തരും.

നാടകത്തിന്റെ വസ്ത്രാലന്കാരം പ്രേമനും രാജേഷും ഏറ്റു. സാധന സാമഗ്രികള്‍ ഏര്‍പ്പാട് ചെയ്യുന്ന കാര്യം ഞാനും ബിജോയും. കുറെ പാട്ടുകള്‍ കോര്‍ത്തിണക്കി ഒരു കാസറ്റ് റെക്കോര്‍ഡ് ചെയ്തു. കള്ള് കുടിയന്‍ ആയ നസീറിനു കുടിക്കാന്‍ ഒരു ഒഴിഞ്ഞ 'മക്ഡവല്‍' കുപ്പിയില്‍ ഞാന്‍ കരിങ്കാലി വെള്ളം നിറച്ചു.

അങ്ങനെ ഞങ്ങള്‍ കാത്തിരുന്ന ദിവസം വന്നു. അല്ലറ ചില്ലറ കലാപരിപാടികള്‍ക്ക് ശേഷം ഞങ്ങടെ മാസ്റ്റര്‍ പീസ് തുടങ്ങി - 'ദില്‍വാലെ ദുല്‍ഹനിയാ ലെ ജായേന്‍ഗെ'. നാടകത്തിന്റെ ആദ്യ രംഗം. സീമയുടെ സ്വയംവരം. സീമയുടെ അപ്പന്‍ പൈലി ബിജോ വിളംബരം ചെയ്യുന്നു. 'ഒറ്റയടിക്ക് മൂന്നു ഫുള്‍ കുപ്പി അടിക്കുന്നവന് ഞാന്‍ എന്റെ മകളുടെ കൈ പിടിച്ചു കൊടുക്കും'. ആ വെല്ലു വിളി സ്വീകരിച്ചു കൊണ്ട് ഞാന്‍ രംഗ പ്രവേശം ചെയ്യുന്നു. ശേഷം നിങ്ങള്‍ പ്രതീക്ഷിക്കുന്നത് പോലെ. കുപ്പികള്‍ ഒറ്റയടിക്ക്‌ തീര്‍ത്ത് സീമയുടെ കൈയും പിടിച്ച് നസീര്‍ നടക്കുന്നു.

വനവാസത്തിനു പകരം ഒരു ഹണിമൂണ്‍ യാത്ര. നസീര്‍ വെള്ളമടിച്ച് പിമ്പിരി ആയിരിക്കുന്ന ഒരു സമയത്ത് സീമയെ ജയന്‍ തട്ടികൊണ്ട്‌ പോയി. നസീര്‍ ഇന്‍റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്ത് മൂസയുടെ നമ്പര്‍ കണ്ടുപിടിച്ച് സീമയെ കണ്ടെത്താനുള്ള കോണ്ട്രാക്റ്റ് മൂസക്ക് കൊടുത്തു. മൂസ 'വളഞ്ഞ കമ്പികളും ഒടിഞ്ഞ മരങ്ങളും' നോക്കി ജയന്‍ പോയ വഴി കണ്ടുപിടിച്ച് ജയന്റെ 'ബ്ലംഗ്ലാവില്‍' ചെന്നു. സീമയെ 'ബാലകലോല്‍സവം' ചെയ്യുന്നതിന് മുന്പ് മൂസ ജയനെ ഇടിച്ചു വീഴ്ത്തി സീമയെ കൊണ്ടു വരുന്നു.

സീമയെ പ്രതീക്ഷിച്ചിരിക്കുന്ന നസീറിനു 'ഹോട്ട് ന്യൂസ്' കിട്ടി. മൂസയുടെ പ്രകടനത്തില്‍ മയങ്ങിയ സീമ മൂസയുടെ കൂടെ പോയി. നാടകത്തിന്റെ ക്ലൈമാക്സില്‍ ബിജോ അളിയന്റെ വക അനൌണ്‍സ്മെന്റ്. 'ഞങ്ങളുടെ നാടകം ഇതാ അവസാനിക്കുന്നു. ദില്‍വാലെ ദുല്‍ഹനിയാ ലെ ജായേന്‍ഗെ അഥവാ മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടു പോയി'

ഇതിനിടയില്‍ കുറെ രംഗന്കളില്‍ ഞങ്ങള്‍ ഡാന്‍സ് (സംശയിക്കണ്ട, ഡപ്പാന്കൂത്ത്) കളിച്ചു, നസീറിന്റെ വെള്ളമടി രംഗങള്‍ ഞാന്‍ മനോഹരമാക്കി. ഇങ്ങനത്തെ ചവറു നാടകമാനന്കിലും കുറെ 'ചളു' ഡയലോഗുകള്‍ അടിച്ച് കയറ്റിയത് കാരണം കൂട്ടുകാര്‍ക്കെല്ലാം സംഭവം ഇഷ്ടപ്പെട്ടു. പിന്നെ എന്റെ വെള്ളമടി പ്രകടനം കണ്ടിട്ട പലരും ചോദിക്കുകയും ചെയ്തു 'നീ ശെരിക്കും രണ്ടെണ്ണം വീഷിയിട്ടുണ്ടായിരുന്നോട?' എന്ന്.

പക്ഷെ ചുരുക്കം ചില അധ്യാപകര്‍ക്ക് മാത്രം ഞങ്ങടെ കലാപരിപാടി രസിച്ചില്ല. ഞങ്ങടെ ക്ലാസ് ഇന്‍ ചാര്‍ജ് ഒരു സിസ്റ്റര്‍ ആയിരുന്നു, സിസ്റ്റര്‍ പവി. എന്നേം ബിജോ അളിയനേം വിളിച്ച് കുറെ ഉപദേശം. 'കുറച്ചു നാളുകള്‍ കൂടി കഴിഞ്ഞാല്‍ അധ്യാപകര്‍ ആകേണ്ട നിങ്ങള്‍ ഇങ്ങനെ ഒരു മോറല്‍ പോലും ഇല്ലാത്ത ഒരു നാടകം അവതരിപ്പിക്കാന്‍ പാടുണ്ടോ?' എന്നൊക്കെ ചോദിച്ച്. 'നിങ്ങളില്‍ നിന്നും ഞാന്‍ ഇങ്ങനെ ഒന്നും പ്രതീക്ഷിച്ചില്ല' എന്ന് പറഞ്ഞ കുറച്ച് സെന്റിയും. ഞങ്ങള്‍ ഒന്നും പറഞ്ഞില. അന്‍പത് ശതമാനം ഇന്റെര്‍ണല്‍ മാര്‍ക്ക് ഉള്ളതല്ലേ, എന്ത് പറയാന്‍.

ഏതായാലും അതിന് ശേഷം പല നാടകങ്ങളും ഞങ്ങള്‍ കോളേജില്‍ അവതരിപ്പിച്ചു. സിസ്റ്റര്‍ പറഞ്ഞതു പോലെ മോറല്‍ ഉള്ളതും അല്ലാത്തതുമായ പലതും. സീരിയസ് നാടകങ്ങളും കോമെഡിയും ഒക്കെ. എല്ലാ ക്ലാസ്സില്‍ നിന്നും നാടകത്തില്‍ താത്പര്യം ഉള്ളവര്‍ ചേര്ന്നു ഒരു നാടക സമിതിയും ഉണ്ടാക്കി. ഞാനും ബിജോ അളിയനും അതിലെ മെംബേര്‍സ് ആയിരുന്നു. കുടുംബനാഥന്‍ ആയ ലോനചായന്‍, കള്ളനും പിടിച്ചു പറിക്കാരനുമായ റൌഡി അങ്ങനെ പല നല്ല വേഷങ്ങളും അവതരിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞു. ഗാന്ധി ജയന്തി ദിവസം പൊതുജനങ്ങള്‍ക്കു മുന്‍പില്‍ ടൌണ്‍ ഹാളിലും ഞങ്ങള്‍ നാടകം അവതരിപ്പിച്ചു. ഇതിനൊക്കെ ഞങ്ങള്ക്ക് പ്രജോദനം ആയത് 'ദില്‍വാലെ ദുല്‍ഹനിയാ ലെ ജായേന്‍ഗെ' ആണന്നു ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കുളിര് കോരും:)

Saturday, July 26, 2008

ഒരു അധ്യാപക വിദ്ധ്യാര്‍ഥിയുടെ ഡയറിക്കുറിപ്പുകള്‍ - 'എന്റെ പ്രേമാ, നീ ഒരു സംഭവം തന്നെ!'

'ഒഴിക്കടാ അളിയാ ഒരെണ്ണം കൂടെ'.... പ്രേമന്‍ വക റിക്വസ്റ്റ്. ഗ്രീക്ക് ദേവന്‍ ആയ ഹെര്‍കുലീസ് (റം) അവനില്‍ പ്രസാദിച്ച ലക്ഷണം ഞാന്‍ കണ്ടു.

ചെന്നൈയിലെ ജോലിത്തിരക്കില്‍ നിന്നും മോചിതനായി ഒരു രണ്ടു മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് നാട്ടില്‍ എത്തിയതായിരുന്നു ഞാന്‍. ഉറ്റ സുഹൃത്ത് പ്രേമനും (പഞ്ചാര കുട്ടനായ പ്രമോദിനെ ഇങ്ങനെ വിളിച്ചു തുടങ്ങിയത് ഞാന്‍ ആണ്, കോളേജിലെ തരുണീമണികള്‍ക്കിടയിലും ഈ നാമം പ്രചരിപ്പിച്ചതിന്റെ ക്രെഡിറ്റ് വേറാര്‍ക്കുമല്ല) കുറച്ചു സമാധാനത്തിനായി കൂത്താട്ടുകുളം സോണിയ ബാറിലെ അരണ്ട വെളിച്ചത്തില്‍ പഴയ സ്മരണകള്‍ അയവിറക്കാന്‍ എത്തി. മൂന്നാമത്തെ റൌണ്ട് ഫിനിഷ് ചെയ്ത അവന്‍ വൈറ്റ് റം ഏത് വെള്ളം ഏത് എന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയില്‍ എത്തി.... 'അളിയാ, നിന്നെ കാണുമ്പോള്‍ മാത്രമെ ഉള്ളടാ മനസമാധാനമായി ഞാന്‍ രണ്ടെണ്ണം വീശാറുളളു'.... അവന്‍ സെന്റി അടിക്കാന്‍ തുടങ്ങിയപ്പോള്‍ എന്റെ ഓര്‍മ്മകള്‍ ഒരു മൂന്നു വര്‍ഷം പുറകോട്ടു പാഞ്ഞു....

പാലായിലെ പുരാതനമായ ബി. എഡ്. കലാലയം. സമൂഹത്തിന്റെ ഭാവി തലമുറയെ വളര്‍ത്തി എടുക്കാന്‍ (തെറ്റിദ്ധരിക്കരുത്, അധ്യാപനം എന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളു) വെമ്പല്‍ കൊള്ളുന്നവര്‍ പരിശീലനം നേടിയെടുക്കുന്ന സ്ഥലം. ഈയുള്ളവനും അവിടെ അര്‍മാദിക്കാനുള്ള (പഠിക്കാനുള്ള എന്ന് പറഞ്ഞാല്‍ അത് കല്ല് വച്ച നുണ ആകും, അതുകൊണ്ടാ) ഭാഗ്യം ഉണ്ടായി. ബി. എഡ്. വിദ്ധ്യാര്‍ഥികള് എന്ന് പറഞ്ഞാല്‍ അധ്യാപകരെ പോലെ തന്നെ പെരുമാറണം എന്ന് കേട്ടിട്ടുണ്ട്. എന്റെ കൂതറ സ്വഭാവവും വച്ച് ഇ കോഴ്സ് എങ്ങനെ പൂര്‍ത്തിയാക്കും എണ്ണ ശങ്കയോടെ ആണ് ഞാന്‍ കോളേജില്‍ കാലെടുത്തു വച്ചത്. 'മുല്ലപൂമ്പൊടി ഏറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൌരഭ്യം' എന്ന് പണ്ടാരോ (പണ്ടാരമല്ല, പണ്ട് ആരോ) പാടിയിട്ടുണ്ടല്ലോ. ഇനി എങ്കിലും ഞാന്‍ നന്നായേക്കും എണ്ണ പ്രതീക്ഷ എന്നില്‍ പൊട്ടി മുളച്ചു.

'പാപി ചെല്ലുന്നവന്‍ പാതാളം' എന്ന് മറ്റേതോ കവി പാടിയിട്ടുള്ള കാര്യം ഞാന്‍ മറന്നു. ചെന്ന ദിവസം തന്നെ എനിക്ക് കിട്ടിയ കമ്പനി ബഹു കേമം. പഠിപ്പിക്കുന്ന അധ്യാപകരെ കാണുമ്പോള്‍ അവരുടെ കുടുംബക്കാരെ സഹിതം സ്തുതിച്ചു പൂരപ്പാട്ട് പാടുന്ന ജോബി അളിയനും, കര്‍ത്താവ്‌ കഴിഞ്ഞാല്‍ മാണി സാറിനെ ദൈവമായി കരുതുന്ന, രാഷ്ട്രീയക്കാരന് വേണ്ട അവശ്യ വസ്തു ആയ പതപ്പീര് വേണ്ടുവോളം അറിയാവുന്ന ബിജോയും, പൂരപ്പാട്ടുകളും നാടന്‍ പാട്ടുകളും സിലബസില്‍ ഉള്പെടുതിയിരുന്നങ്കില്‍ റാങ്ക് വാങ്ങുമായിരുന്ന രാജേഷും, 'മിണ്ടാപ്പൂച്ച കലം ഉടക്കും' എണ്ണ ചൊല്ല് അന്വര്‍ധമാക്കിയ, ഒറ്റയിരുപ്പിന് മൂന്നു കുപ്പി കള്ളു കുപ്പികള്‍ കാലിയാക്കുന്ന പ്രേമനും, ഒരു കരണത്ത് അടിച്ച് രണ്ടു തെറിയും വിളിച്ചാല്‍ പോലും നിന്റെ കൈ വേദനിചോടാ എന്ന് ചോദിക്കുന്ന, പിള്ളേച്ചന്‍ എന്ന് അറിയപ്പെട്ടിരുന്ന സന്തോഷും എല്ലാം ചേര്‍ന്നപ്പോള്‍ 'ഒരു ഉത്തമ അദ്ധ്യാപകന്‍ ആയതു തന്നെ' എന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു.

ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തെങ്ങ്, പന തുടങ്ങിയ ദൈവങ്ങളെ കുടിയിരുത്തിയിട്ടുള്ള പരിസര പ്രദേശങ്ങളിലെ ആരാധനാലയങ്ങളിലെ സ്ഥിരം സന്ദര്‍ശകര്‍ ആയി മാറി ഞങ്ങള്‍. രണ്ടെണ്ണം അകത്തു ചെല്ലുമ്പോള്‍ തന്നെ ഫ്ലാറ്റ് ആകുന്ന പിള്ളേച്ചനും സെന്റി അടിക്കുന്ന പ്രേമനും ലോകത്തിനെ തന്നെ തെറികള്‍ കൊണ്ട് സ്നേഹിക്കുന്ന ജോബിയും.... ഇ പ്രകടനങ്ങള്‍ കാണാന്‍ ഞാനും.... കൂട്ടം കൂടി ആഘോഷിക്കുന്ന ഈ സമയത്ത് ആരെയെന്കിലും ആക്രമിക്കുക എന്നത് ഞങ്ങളുടെ സ്ഥിരം ഹോബി ആയിരുന്നു, പാവം പ്രേമനാണ് മിക്കവാറും അതിനുള്ള ഭാഗ്യം സിദ്ധിക്കാറ്. കൂട്ടത്തില്‍ വീട്ടില്‍ ശകലം അനുസരണ കാണിക്കുന്ന പയ്യന്‍ അവനെ ഉണ്ടായിരുന്നുള്ളു. മൂത്രം ഒഴിക്കാന്‍ പറമ്പിലേക്ക് ഇറങ്ങിയാല്‍ പോലും വീട്ടില്‍ പറഞ്ഞിട്ട് പോകുന്ന ഒരു പാവം. കഷ്ടകാലത്തിനു ഒരു ദുര്‍ബല നിമിഷത്തില്‍ അവന്‍ ഇങ്ങനെയുള്ള കുറെ കാര്യങ്ങള്‍ ഞങ്ങളോട് പറഞ്ഞു പോയി. അതില്‍ പിന്നെ ജോബി അളിയന്റെ സ്ഥിരം ടാര്‍ഗറ്റ് പ്രേമന്‍ ആയി. ഒരിക്കല്‍ ഇതുപോലെയുള്ള ഒരു സംഗമത്തിനിടെ അളിയന്‍ 'എടാ രാകേഷേ, പ്രേമന്റെ ആദ്യ രാത്രി എങ്ങനെ ആയിരിക്കും എന്ന് നീ ഒന്നു ഊഹിച്ചേ'. എന്തെങ്കിലും ആഭാസത്തരം ആയിരിക്കും എന്ന് കരുതി ഒരു (പകല്‍) മാന്യന്‍ ആയ ഞാന്‍ പറഞ്ഞു 'നീ തന്നെ അങ്ങ് ഊഹിച്ചു പൂരിപ്പിച്ചാല്‍ മതി'. മൂന്നാമത്തെ കുപ്പിയുടെ മട്ടും അകത്താക്കി, പ്ലേറ്റിലെ അവസാനത്തെ പോടിമീനെ വായിലിട്ടു ചവച്ചു കൊണ്ട് എരുമ അമറുന്ന സൌണ്ടില്‍ അളിയന്‍ തുടര്‍ന്നു. 'അമ്മേ, അവള്‍ മുറിയില്‍ എനിക്കായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നേരമായി. ഞാന്‍ അകത്തു കയറി കതക് അടച്ചോട്ടേ? എന്നിട്ട്....'. 'ഫാ....' ബാക്കി മുഴുമിപ്പിക്കാന്‍ പ്രേമന്‍ അനുവദിച്ചില്ല.... 'പന്ന **മോനേ'.... ഏതായാലും ഇരുന്നിടത്ത് നിന്നു എഴുനേല്‍ക്കാന്‍ അവന്മാര്‍ക്കും, അടി ഉണ്ടായാല്‍ പിടിച്ചു മാറ്റാന്‍ ഞങ്ങള്‍ക്കും ആഗ്രഹം ഉണ്ടായിരുന്നന്കില്‍ കൂടി 'പന' ഭഗവാന്റെ അനുഗ്രഹം കാരണം ആര്‍ക്കും അതിനു കഴിഞ്ഞില്ല.

'നീ ഉറങ്ങുവാണോ?'. പ്രേമന്റെ ചോദ്യം എന്നെ സോണിയയിലേക്ക് തിരിച്ചെത്തിച്ചു. 'അളിയാ, സമയം ഒരുപാട് ആയെടാ. എനിക്ക് വീട്ടില്‍ പോണം....' (താമസിച്ചാല്‍ അമ്മ തല്ലുമായിരികും, ഞാന്‍ മനസ്സില്‍ ഓര്‍ത്തു ചിരിച്ചു). 'നിന്റെ ഈ സ്വഭാവം ഇതു വരെ മാറിയില്ലേ?, ശെരി നീ വാ' എന്ന് പറഞ്ഞ് അവനെ പിടിച്ച് ബൈക്കിന്റെ പുറകില്‍ കയറ്റി, അടുത്ത ലീവ് ഇനി എപ്പോള്‍ കിട്ടും എന്ന ആലോചനയില്‍ ഞാന്‍ വണ്ടി വിട്ടു....

******************************

എന്റെ കലാലയത്തിലെ പോക്രിത്തരങ്ങള്‍ എഴുതാന്‍ തുടങ്ങിയാല്‍ ഒരുപാടുണ്ട്. അതെല്ലാം സമയവും മൂഡും കിട്ടുന്നതുപോലെ എഴുതി ഇവിടെ പോസ്റ്റുന്നതായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റാന്‍ മറക്കരുതേ.

Sunday, March 30, 2008

ഒരു കൊച്ചു പ്രണയം

പ്രണയം, സുന്ദരമായ ഒരു വികാരം. ഒരിക്കലെങ്കിലും പ്രണയിക്കാത്തവര്‍ ആരും ഉണ്ടാകില്ല അല്ലെ? എനിക്കും പ്രണയം തോന്നിയിട്ടുണ്ട്, പലരോടും. ഒരു കുരുന്നു മനസില്‍ തോന്നിയ ആ വികാരത്തെ പ്രണയം എന്ന് വിളിക്കാന്‍ പറ്റുമോ? പക്ഷെ എനിക്കത് ഇപ്പോഴും ഓര്‍ത്തെടുക്കാന്‍ പറ്റുന്നുണ്ട്, എന്‍റെ ആദ്യ പ്രണയം.

ഞാന്‍ അന്ന് ആറാം ക്ലാസ്സില്‍ പഠിക്കുന്നു, ഒരു മിക്സഡ് സ്കൂളില്‍. പ്രേമം, സ്നേഹം എന്നൊക്കെ പറഞാല്‍ എന്താണന്നു മനസിലാക്കാനുള്ള പ്രായം ആയോ എന്ന് ചോദിച്ചാല്‍ എനിക്ക് ഉത്തരമില്ല.ആ കുട്ടി എന്‍റെ ക്ലാസ്സില്‍ ആയിരുന്നു (പേരു പറയാന്‍ നിര്‍വാഹം ഇല്ല, അവളുടെ കല്യാണം ഒക്കെ കഴിഞ്ഞു , ഇനി ഞാന്‍ എന്തിനാ വെറുതേ:)). സാമാന്യം നന്നായി പഠിക്കുന്ന, ആണ്‍ കുട്ടികളോട് അധികമൊന്നും സംസാരിക്കാന്‍ വരില്ലാത്ത ഒരു മിടുക്കി. എന്‍റെ ഒരു കൂട്ടുകാരനാണ് 'അവള്‍ നിനക്കു ചെരുമെടാ' എന്ന കമന്റ്റ് ആദ്യം പാസാക്കിയത്. എന്ത് കൊണ്ടാണ് അവന്‍ അങ്ങനെ പറഞ്ഞത് എന്നെനിക്കറിയില്ല, പക്ഷേ ആ വാചകം എന്‍റെ മനസില്‍ പതിഞ്ഞു. അതിന് ശേഷം അവളുടെ മുഖത്ത് നോക്കാന്‍ കൂടി എനിക്ക് നാണം ആയിരുന്നു. ഒരു പ്രണയം എന്‍റെ മനസില്‍ ഉടലെടുത്തു കാണണം. ഒരു ഒണ്‍ വേ പ്രേമം. അതാരോടും പറയാതെ എന്‍റെ മനസില്‍ ഞാന്‍ കൊണ്ടു നടന്നു. ഇന്നത്തെ പോലെ പ്രേമം തുറന്നു പറയാനുള്ള ധൈര്യം അന്നില്ലായിരുന്നു എന്ന് കൂട്ടിക്കോ. ഹൈ സ്കൂള്‍ ആയപ്പോഴേക്കും ഞാന്‍ ഒരു ബോയ്സ് സ്കൂളിലേക്ക് മാറി, അവള്‍ മറ്റൊരു സ്കൂളിലും. ഒരേ സ്ഥലത്ത് ആയിരുന്നന്കില്‍ എന്‍റെ പ്രേമം പൂവണിയിക്കാന്‍ ഞാന്‍ ഒരു കൈ നോക്കിയേനെ. പക്ഷേ അതിന് ശേഷം ഒന്നു തമ്മില്‍ കാണാന്‍ കൂടെ കഴിഞ്ഞില്ല. പതുക്കെ പതുക്കെ അവള്‍ മനസില്‍ നിന്നു മാഞ്ഞിരിക്കണം. പിന്നെ അവളെ പറ്റി ഓര്‍ക്കാന്‍ എനിക്ക് തോന്നിയിട്ടില്ല.

'പണ്ടു എനിക്ക് നിന്നോട് പ്രേമമായിരുന്നു, നീ അത് മനസിലാക്കിയില്ല' എന്ന് ഇപ്പോള്‍ പറഞ്ഞാല്‍ എന്തായിരിക്കും അവളുടെ പ്രതികരണം?

Saturday, March 29, 2008

കുറെ അസൂയ നിറഞ്ഞ വിശേഷങ്ങള്‍

സ്കൂളില്‍ പഠിക്കുന്ന കാലത്ത് എന്‍റെ ചേട്ടനോട് എനിക്ക് പലപ്പോഴും അസൂയ തോന്നിയിട്ടുണ്ട്. ചേട്ടന്‍ എന്നേക്കാളും മൂന്നു വയസിന് മൂത്തതാണ്. എന്നെപ്പോലെ അല്ല, കുറച്ചു കൂടി ശാന്തതയോടെ എല്ലാ കാര്യത്തിലും പ്രതികരിക്കുമായിരുന്നു ചേട്ടന്‍ ചെറുപ്പത്തില്‍ തന്നെ. അതുകൊണ്ടായിരിക്കാം എന്നില്‍ അസൂയ എന്ന വികാരം ഉടലെടുത്തത്. എപ്പോഴായിരുന്നു അതിന്റെ തുടക്കം എന്നെനിക്കു ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല.



ചേട്ടന്‍റെ സ്കൂളില്‍ - തിരുവനന്തപുരം ഗവ: മോഡല്‍ ഹൈ സ്കൂള്‍, കേരളത്തിലെ തന്നെ ഏറ്റവും വലിയ സ്കൂളുകളില്‍ ഒന്ന് - ഇടക്കിടെ സമരങ്ങള്‍ ഉണ്ടാകുമായിരുന്നു. ഞാന്‍ സ്കൂളില്‍ നിന്നു വരുന്നതിനു മുന്‍പ് തന്നെ ചേട്ടന്‍ വീട്ടില്‍ ഹാജര്‍. 'എന്താ നേരത്തേ വന്നത്?' എന്ന് ചോദിച്ചാല്‍ എന്നും ഒരേ ഒരു മറുപടി മാത്രം. 'ഇന്നു സമരം ആയിരുന്നു'. സമരങ്ങളില്ലാത്ത ആഴ്ചകളില്ല.


ഞാന്‍ അന്ന് പ്രൈമറി സ്കൂളില്‍ ആയിരുന്നു, വീടിനടുത്തുള്ള സ്കൂളില്‍. ചേട്ടനും അവിടെ ആയിരുന്നു പഠിച്ചത്, പക്ഷേ അവിടെ നാലാം ക്ലാസ്സ് വരയെ ഉള്ളു, അതിന് ശേഷമാണ് ചേട്ടന്‍ മോഡല്‍ സ്കൂളിലേക്ക് മാറിയത്. ഞാനും കാത്തിരുന്നു, നാലാം ക്ലാസ്സ് കഴിയാന്‍. മോഡല്‍ സ്കൂളില്‍ ചേരുക എന്നത് ഒരു സ്വപ്നം പോലെ ഞാന്‍ കൊണ്ടു നടന്നു. ക്ലാസ്സ് ഇല്ലാത്ത, സമരങ്ങള്‍ നിറഞ്ഞ ആ ദിവസങ്ങള്‍ക്കായി ഞാന്‍ കാത്തിരുന്നു. ചില സിനിമകളിലെ കോടതി രംഗങ്ങള്‍ കാണുമ്പോള്‍ ചേട്ടന്‍ വിളിച്ചു പറയുമായിരുന്നു 'ഇതു മോഡല്‍ സ്കൂള്‍ ആണ്, അവിടെ ഷൂട്ട്‌ ചെയ്തതാ'. പക്ഷേ എന്‍റെ ആ സ്വപ്‌നങ്ങള്‍ സ്വപ്‌നങ്ങള്‍ ആയി തന്നെ അവശേഷിച്ചു. ഞാന്‍ നാലാം ക്ലാസ് കഴിഞ്ഞപ്പഴേക്കും ഞങ്ങള്‍ താമസം മാറി കോട്ടയത്ത്‌ വന്നു. ശേഷം 'അഭ്യാസം' മുഴുവന്‍ ക്രിസ്ത്യന്‍ മാനേജ്മെന്‍്റ്റ് സ്കൂളുകളില്‍. അവിടെ എന്തോന്ന് സമരം. മോഡല്‍ സ്കൂളിന്‍റെ പടിക്കകത്ത് പോലും കേറാതെ എനിക്ക് എന്‍റെ സ്വപ്നങ്ങളെ അടക്കേണ്ടി വന്നു, റിലീസ് ചെയ്യാതെ പെട്ടിക്കകത്ത് ഇരിക്കുന്ന സിനിമകള്‍ പോലെ. ഒരുപക്ഷേ എനിക്ക് കിട്ടാതെ പോയ, ചേട്ടന് മാത്രം ലഭിച്ച ആ അവധികളെ പറ്റി ഓര്‍ത്തിട്ടാകാം എനിക്ക് ചേട്ടനോട് ആദ്യമായി അസൂയ തോന്നിയത്.

കുടുംബ സമേതം യാത്ര ചെയ്യുമ്പോള്‍ ഞങ്ങളുടെ ആശ്രയം അച്ഛന്‍റെ ബജാജ് ചേതക് ആയിരുന്നു. അച്ഛന്‍ ഡ്രൈവര്‍, അമ്മ പുറകിലത്തെ സീറ്റില്‍. അവര്‍ക്കിടയില്‍ ചേട്ടന്‍ ഇരിക്കും, എനിക്ക് തറ ടിക്കറ്റ് പോലെ, സ്കൂട്ടറിനു മുന്‍പില്‍ നില്‍പ്‌. പലപ്പോഴും ഞാന്‍ ചോദിച്ചിട്ടുണ്ട് ' എനിക്ക് സീറ്റില്‍ ഇരിക്കണം, ചേട്ടനെ മുന്‍പില്‍ നിര്‍ത്തിക്കൂടെ?' എന്ന്. 'ചേട്ടന്‍ നിന്നെക്കാളും വലുതല്ലേടാ, അവന്‍ നിന്നാന്‍ എനിക്ക് വണ്ടി ഓടിക്കാന്‍ പറ്റില്ല', ഇതായിരുന്നു എനിക്ക് കിട്ടിയിരുന്ന മറുപടി. എന്നേക്കാളും വലിയ ചേട്ടനോട് എനിക്ക് അസൂയ തോന്നി.

വീട്ടില്‍‌ ഒരിക്കല്‍ എന്തോ ചെറിയ പണി വന്നു, അമ്മയും അച്ഛനും കൂടി അത് ചേട്ടനെ ഏല്പിച്ചു. അത് എനിക്ക് തനിച്ച് ചെയ്യണം എന്നുണ്ടായിരുന്നു. പക്ഷേ ആരും സമ്മതിച്ചില്ല, വേണമെങ്കില്‍ ചേട്ടന്‍റെ സഹായി ആയി കൂടെ കൂടിക്കോളാന്‍ പറഞ്ഞു. മൂത്ത കുട്ടി ആയ ചേട്ടനോട് വീണ്ടും അസൂയ തോന്നി.അയല്‍പക്കത്തുള്ള വീടുകളിലെ ആണ്‍കുട്ടികള്‍ മിക്കവാറും ചേട്ടന്‍റെ സമപ്രായക്കാര്‍ ആയിരുന്നു. സ്വാഭാവികമായും അവര്‍ എല്ലാവരും ചേട്ടന്‍റെ സുഹൃത്തുക്കളും. അവര്‍ കൂട്ടുകാര്‍ സ്ഥിരം കറങ്ങാന്‍ പോകുന്നു, രാത്രി സിനിമയ്ക്കു പോവുകയും വഴിയോരത് ഇരുന്നു സോള്ളുകയും ചെയ്യുന്നു. ഒരു മൂന്നു വയസു കൂടി ഉണ്ടായിരുന്നങ്കില്‍ എന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. ഇതും ചേട്ടനോടുള്ള അസൂയക്ക്‌ ഒരു കാരണമായിരുന്നിരിക്കാം.

ചേട്ടന്‍ കോളേജില്‍ ചേരുമ്പോള്‍ ഞാന്‍ എട്ടാം ക്ലാസ്സില്‍ എത്തിയതെ ഉള്ളു. ഞാന്‍ പഠിക്കുന്നത് ഒരു ബോയ്സ് സ്കൂളില്‍ ആണ്, കുറച്ചു പെന്‍ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നങ്കില്‍ എന്ന് കൊതിച്ചിരുന്ന സമയം. ചേട്ടന്‍ പോയത് മിക്സേഡ് കോളേജിലേക്ക്, അസൂയ തോന്നാതിരിക്കുന്നതെങ്ങനെ?

മൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പഴേക്കും ഞാനും കോളേജില്‍ എത്തി. ആ സമയമായപ്പോഴേക്കും ഞങ്ങള്‍ നല്ല സുഹൃത്തുക്കളുമായി. സഹോദരങ്ങള്‍ എന്നതില്‍ ഉപരി നല്ല കൂട്ടുകാര്‍ എന്ന രീതിയിലാണ് ഞങ്ങള്‍ അപ്പോള്‍ മുതല്‍. ചേട്ടന്‍റെ കൂട്ടുകാര്‍ എന്‍റെയും കൂട്ടുകാര്‍ ആയി. അതില്‍ പിന്നെ എനിക്ക് ചേട്ടനോട് അസൂയ തോന്നിയിട്ടില്ലന്നു മാത്രമല്ല ഇളയ മകന്‍ ആയതില്‍ സന്തോഷം തോന്നിയിട്ടുമുണ്ട്. (വീട്ടിലെ കുറെ ഉത്തരവാദിത്ത്വങ്ങളില്‍ നിന്നും രക്ഷപെട്ടത്‌ കൊണ്ടാവാം:))

വായ്നോട്ടം

ഒരു ഞായറാഴ്ച. കൂത്താട്ടുകുളം ബസ്സ് സ്ടാന്റില്‍ പൊരി വെയിലത്ത്‌ കിടക്കുന്ന ബസ്സില്‍ ഇരിക്കുകയായിരുന്നു ഞാന്‍. ബസ്സ് പുറപ്പെടാന്‍ ഇനിയും കുറച്ചു സമയം കൂടി ബാക്കി ഉണ്ട്. സമയം കളയാന്‍ എന്ത് ചെയ്യും എന്ന് ആലോചിച്ച് നാല് പാടും നോക്കി. സ്റ്റാന്റ്റിനുള്ളിലെ ബേക്കറിയുടെ മുന്‍പില്‍ നില്ക്കുന്ന ആ പെണ്‍കുട്ടിയില്‍ എന്‍റെ കണ്ണുകള്‍ ഉടക്കി. ഐശ്വര്യ റായി പോലെ ഒന്നും അല്ലങ്കിലും ഒന്നു നോക്കാനുള്ള സൗന്ദര്യം അവള്‍ക്ക് ഉണ്ടായിരുന്നു. പ്രീഡിഗ്രിക്ക് പഠിക്കുന്ന ഒരു പയ്യന്‍ വായ്നോട്ടം നടത്തിയില്ലങ്കില്‍ അല്ലെ അത്ഭുതം ഉള്ളു? അവള്‍ ആണങ്കില്‍ തനിച്ചും.

അവള്‍ മറ്റെങ്ങോട്ടോ നോക്കി നില്‍കുകയായിരുന്നു. ബസ്സ് പുറപ്പെടാറായി. എന്നെ ഒന്നു നോക്കിയങ്കില്‍.... എന്‍റെ മനസു വായിച്ചതു പോലെ അവള്‍ ഞാനിരുന്ന ബസ്സിലേക്ക് നോക്കി. വായും പൊളിച്ച് നോക്കിയിരുന്ന എന്നെ അവള്‍ സ്വാഭാവികമായും കണ്ടു. അവളുടെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു. ങേ? ഞാന്‍ അത്ഭുതത്തോടെ ചുറ്റും നോക്കി, അവള്‍ എന്നെ ആണോ നോക്കി ചിരിക്കുന്നത്? ബസ്സില്‍ കുറച്ചു പേര്‍ മാത്രമെ ഉള്ളു, എന്‍റെ അടുത്ത ആരും ഇരിപ്പില്ല താനും. അവള്‍ നോക്കുന്നത് എന്നെ തന്നെ. അപ്പോള്‍ അവള്‍ക്കു എന്നെ ബോധിച്ചു. അതുകൊണ്ടാണല്ലോ ചിരിച്ചത്. ഞാനും ഒരു നല്ല പാല്‍പുഞ്ചിരി പാസാക്കി. അപ്പോഴാണ് ഒരു കാപാലികന്റെ വേഷത്തില്‍ ഡ്രൈവര്‍ വന്നത്. കുറച്ചു മുന്‍പു വരെ ബസ്സ് പുറപ്പെടാന്‍ കാത്തിരുന്ന ഞാന്‍ ബസിനു സ്ടാര്‍ടിംഗ് ട്രബിള്‍ ഉണ്ടായിരുന്നങ്കില്‍ എന്ന് ആശിച്ചു. പക്ഷേ എന്‍റെ പ്രതീക്ഷകളെ തച്ചുടച്ചു കൊണ്ട് അയാള്‍ ഒരു ദാഷിണ്യവുമില്ലാതെ ബസ്സ് സ്റ്റാര്‍ട്ട്‌ ചെയ്തു. പോകുന്നതിനു മുന്‍പ് അവള്‍ക്കു കൈ കൊണ്ട് ഒരു ബൈ കൊടുക്കാന്‍ ഞാന്‍ മറന്നില്ല, ഒന്നുമില്ലേലും എന്നെ നോക്കി ചിരിച്ചതല്ലേ. അവളുടെ ആ സുന്ദരമായ ചിരി എന്‍റെ മനസില്‍ നിന്നും മായാതെ കുറച്ചു നേരം നിന്നു.

തിങ്കളാഴ്ച, കോളേജില്‍ പതിവു പോലെ കൂട്ടുകാരുടെ കൂടെ കറക്കം. സെക്കന്‍റ് ഗ്രൂപ്പ് ക്ലാസ്സിന്‍റെ മുന്‍പില്‍ ചെന്നപ്പോള്‍ സിംലയെ കണ്ടു. സിംലയോട് സംസാരിച്ചു കൊണ്ടു നിന്നപ്പോള്‍ പിറകില്‍ നിന്നും 'രാകേഷ്' എന്നൊരു വിളി ഞാന്‍ കേട്ടു. തിരിഞ്ഞു നോക്കിയ ഞാന്‍ ഞെട്ടി, അതാ അവള്‍, ഞാന്‍ ഇന്നലെ സ്റ്റാന്‍ഡില്‍ കണ്ട അതെ പെണ്‍കുട്ടി. അവള്‍ എന്‍റെ കോളേജിലോ? ചുമ്മാതല്ല ഇന്നലെ കണ്ടപ്പോള്‍ ഒരു പരിചയം പോലെ തോന്നിയത്. എന്ത് പറയണം എന്നറിയാതെ മിഴിച്ചു നിന്ന എന്നോട് അവള്‍ ചോദിച്ചു 'ഇന്നലെ എന്നെ കണ്ടപ്പോള്‍ മനസിലായി അല്ലേ? എനിക്ക് രാകേഷിനെ അറിയാമായിരുന്നങ്കിലും നമ്മള്‍ ഇതുവരെ പരിച്ചയപ്പെട്ടിട്ടില്ലല്ലോ'. സ്വല്പം ചമ്മലോടെ ആണങ്കിലും 'മനസിലായത് കൊണ്ടല്ലേ ഞാന്‍ ചിരിച്ചതും കൈ വീശി കാണിച്ചതും?' എന്ന് പറഞ്ഞു ഞാന്‍ മാനേജ് ചെയ്തു.

Friday, March 28, 2008

ഞാ‍ന്‍ ഒരു ദാനശീലന്‍

കുട്ടിക്കാലം.... എല്ലാവര്‍ക്കും കാണും അവരുടെ ബാല്യത്തെ പറ്റി കുറെ ഓര്‍മകള്‍.... അത് രസകരമായ അനുഭവങ്ങള്‍ ആകാം, നൊമ്പരങ്ങള്‍ ആകാം അങ്ങനെ പലതും.... എനിക്കും ഉണ്ട് ഓര്‍ത്തെടുക്കാന്‍ കുറെ സംഭവങ്ങള്‍. വീട്ടിലെ കറുത്ത പൂച്ചയെ വെളുപ്പിക്കാന്‍ വാഷിംഗ്‌ പൌഡര്‍ ഉപയോഗിച്ച് പത ഉണ്ടാക്കി പൂച്ചയുടെ മേത്ത് തേച്ചത്‌, പല്ലു തേക്കാന്‍ മടിയായതിനാല്‍ തേച്ചന്നു കള്ളം പറയുമായിരുന്നത് (അതിന്‍റെ ഫലം ഞാന്‍ ഇപ്പോള്‍ അനുഭവിക്കുന്നുണ്ട്, ആറ് പല്ലാണ് കേടും ഓട്ടയും കാരണം അടപ്പിക്കേണ്ടി വന്നത്), അനിയത്തിയുമായി (അച്ഛന്‍റെ അനിയത്തിയുടെ മകള്‍) അടി ഉണ്ടാക്കിയത് അങ്ങനെ പലതും. പക്ഷെ എന്തുകൊണ്ടോ ഞാന്‍ തല്ലൊന്നും കിട്ടാതെ എല്ലാ കുഴപ്പങ്ങളില്‍ നിന്നും രക്ഷപ്പെടുമായിരുന്നു.

പ്രൈമറി സ്കൂളില്‍ പഠിക്കുന്ന കാലം, അച്ഛന്‍റെ തറവാട് സ്കൂളിന്‍റെ അടുത്തായിരുന്നു. എന്നും ഉച്ചക്ക് ആഹാരം കഴിക്കാന്‍ ഞാന്‍ അവിടെ പോകും. സ്കൂളില്‍ നിന്നു വിട്ടാലും അവിടെ തന്നെ. വൈകിട്ട് അച്ഛനും അമ്മയും ഓഫീസില്‍ നിന്നും വന്നു കൊണ്ടു പോകുന്നത് വരെ ഞാ‍ന്‍ അവിടെ ആയിരിക്കും. അവിടെ അമ്മൂമ്മയും കൊച്ചച്ചനും ആയിരുന്നു ഉണ്ടായിരുന്നത്. കൊച്ചച്ഛന്റെ കല്യാണം കഴിഞ്ഞിട്ടില്ലായിരുന്നു ആ സമയത്ത്. അമ്മൂമ്മ ആയിരുന്നു എനിക്ക് ഭക്ഷണം ഉണ്ടാക്കി തന്നിരുന്നത്.

വൈകിട്ട് അടുത്ത വീട്ടില്‍ പോയി പാല് വാങ്ങിക്കണം. ഞാന്‍ ഒരു കുഴി മടിയനും. അതുകൊണ്ട് വീട്ടില്‍ ചെല്ലുന്ന ഉടനേ ക്ഷീണം അഭിനയിച്ച് ഞാന്‍ ഉറങ്ങാന്‍ കിടക്കും. വെറും അഭിനയം, പലപ്പോഴും ആ ഓസ്കാര്‍ പ്രകടനം കാരണം എനിക്ക് പാല്‍ വാങ്ങാന്‍ പോകേണ്ടി വന്നിട്ടില്ല. പക്ഷെ ചിലപ്പോള്‍ എന്നെ ഉണര്‍ത്തി (ഉണര്‍ത്താന്‍ ഞാന്‍ ഉറങ്ങുകയല്ല എന്ന് പാവം അമ്മൂമ്മക്ക് അറിയില്ലല്ലോ) പറഞ്ഞു വിടും. എന്‍റെ ആ അഭിനയത്തെ പറ്റി ഞാന്‍ ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. (ഇനി അമ്മൂമ്മ ഈ ബ്ലോഗ് വായിക്കുമോ എന്തോ?)

ഉച്ചക്ക് കഴിക്കാന്‍ പോകുമായിരുന്ന കാര്യം ഞാന്‍ പറഞ്ഞല്ലോ. ചെറുപ്പം മുതലേ എനിക്ക് ചോറു കഴിക്കാന്‍ വലിയ മടി ആയിരുന്നു, വല്ല വറുത്തതും പൊരിച്ചതും ഒക്കെ കിട്ടിയാല്‍ വല്യ സന്തോഷം. അമ്മൂമ്മ ആണങ്കില്‍ എന്നെ ചോറു തീറ്റിച്ചേ അടങ്ങത്തൊള്ള്, ഞാന്‍ കഴിക്കുന്നതും നോക്കി ഇരിക്കും. വേണ്ട എന്ന് പറഞ്ഞാല്‍ കൊച്ചച്ചന്‍ ഇടപെടും. അതുകൊണ്ട് ഞാന്‍ പേടിച്ച് ഒന്നും മിണ്ടാതെ ഇരിക്കും. പക്ഷേ ആ ചോറു ഭൂതത്തില്‍ നിന്നും രക്ഷപെടാന്‍ ഞാന്‍ ഒരു വിദ്യ കണ്ടു പിടിച്ചു. പകുതി കഴിച്ചു കഴിയുമ്പോള്‍ അമ്മൂമ്മയെ ഞാന്‍ അടുക്കളയിലേക്ക് പറഞ്ഞു വിടും, വെള്ളം വേണം, അല്ലങ്കില്‍ കറി വേണം എന്നൊക്കെ പറഞ്ഞ്‌. ഊണു മുറിക്ക് വീടിന്‍റെ പുറകു വശത്തേക്ക് ഒരു വാതില്‍ ഉണ്ട്, അമ്മൂമ്മ അകത്തു പോകുന്ന ആ നിമിഷത്തില്‍ പ്ലേറ്റ്‌ എടുത്ത് ഞാന്‍ പുറത്തേക്ക് ഓടും. അവിടെ പുല്ലു പിടിച്ചു കിടക്കുന്ന കുറച്ചു ഭാഗം ഉണ്ട്, ചോറു മുഴുവന്‍ അവിടെ കൊട്ടിക്കളഞ്ഞിട്ട് പെട്ടെന്ന് തന്നെ ഞാന്‍ തിരിച്ചെത്തും. അമ്മൂമ്മ എത്തുമ്പോഴേക്കും ഒന്നും അറിയാത്ത ഒരു പാവത്തിനെ പോലെ ഞാന്‍ കഴിച്ചു കഴിഞ്ഞ രീതിയില്‍ ഇരിക്കുന്നുണ്ടാകും. അടുത്ത വീട്ടിലെ പൂച്ചയും കുറച്ചു കാക്കകളും എനിക്ക് നന്ദി പറയാറുണ്ടായിരുന്നു. കുറേ നാള്‍ ഞാന്‍ ഈ പരിപാടി തുടര്‍ന്നു പോന്നു, ആരും അറിയാതെ.

ഒരു ദിവസം പതിവു പോലെ വൈകിട്ട് ഞാന്‍ സ്കൂള്‍ കഴിഞ്ഞു തറവാട്ടില്‍ ചെല്ലുമ്പോള്‍ അതാ വാതിലില്‍ കൊച്ചച്ചന്‍, മുഖത്ത് പതിവില്ലാത്ത ഗൌരവം. 'ബാഗ്‌ അകത്തു വച്ചിട്ട് കൂടെ വാടാ' കൊച്ചച്ചന്‍ എന്നോട് പറഞ്ഞു. 'എന്താ കൊച്ചച്ചാ കാര്യം?' ഞാന്‍ ചോദിച്ചു. 'അടുത്ത വീട്ടിലെ പൂച്ച ഭയങ്കര ശല്യം, അത് അടുക്കളയുടെ പുറകില്‍ ഉണ്ട്. അതിനെ ഓടിക്കാന്‍ ഒരു നല്ല വടി എടുത്തു കൊണ്ട് നീ വാ'. പൂച്ചയെ തല്ലാനല്ലേ, അതിനു നല്ല അടി കൊടുക്കണമെന്ന് എനിക്ക് തോന്നി. നല്ല ഒരു വടി തന്നെ സംഘടിപ്പിച്ചു ഞാ‍ന്‍. 'ഇന്നാ കൊച്ചച്ചാ' വടി ഞാന്‍ നീട്ടി. 'എന്‍റെ കൂടെ വാടാ' കൊച്ചച്ചന്‍ എന്നേയും കൂട്ടി ഞാ‍ന്‍ ചോറു കളയാറുള്ള ഭാഗത്തേക്ക്‌ ചെന്നു, അപ്പോഴേക്കും ഞാ‍ന്‍ അപകടം മണത്തു, പക്ഷേ എന്ത് ചെയ്യും. ഓടാന്‍ പറ്റില്ലല്ലോ. അവിടെ കിടക്കുന്ന ചോറു ചൂണ്ടിക്കാണിച്ചു കൊച്ചച്ചന്‍ ചോദിച്ചു 'എന്താടാ ഇത്?' ഞാ‍ന്‍ ഒന്നും മിണ്ടാതെ തല കുനിച്ച് നിന്നതെ ഉള്ളു, ഒന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ. അന്ന്‍ ഉച്ചക്കത്തെ മീന്‍ മുള്ളാണ് പണി പറ്റിച്ചത്. പൂച്ചയും കാക്കയും അടിപിടി കൂടുന്നത് കണ്ട കൊച്ചച്ചന്‍ എന്‍റെ ദാനധര്‍മ്മം കണ്ടുപിടിച്ചു. കുഞ്ഞായത് കൊണ്ടായിരിക്കണം, തല്ലൊന്നും തരാതെ, ഇനി ചോറു കളയില്ല എന്ന് സത്യം ചെയ്യിച്ചിട്ട് കൊച്ചച്ചന്‍ എന്നെ വിട്ടു. ഏതായാലും അതോടെ എന്‍റെ പുണ്യപ്രവര്‍ത്തി നിലച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ.