Sunday, May 9, 2010

വെറുതെ ഒരു ഭര്‍ത്താവ്

കല്യാണം കഴിഞ്ഞുള്ള 'വിരുന്നിനു പോക്കു' ചടങ്ങുകള്‍ക്കിടയില്‍ കിട്ടിയ ഒരു ഒഴിവുദിനത്തില്‍ ഒന്‍പതു മണിക്ക് കണ്ണും തിരുമ്മി എഴുനേറ്റ് 'പ്രിയതമേ, ഒരു ചായ' എന്ന് നീട്ടി വിളിച്ചില്ല, അതിനു മുന്‍പേ അവള്‍ ആവി പറക്കുന്ന ചായയുമായി മുന്‍പില്‍ വന്നപ്പോള്‍ അതിനു പിന്നില്‍ എന്തെങ്കിലും കാരണം കാണും എന്ന് ശുദ്ധനായ ഞാന്‍ ചിന്തിച്ചില്ല.

'ആ മിടുക്കി ആണല്ലോ, ചായക്ക് മധുരം കൂട്ടി ഇട്ടില്ലല്ലോ അല്ലേ?'

'ശകലം മധുരമുള്ള ചായ കുടിച്ചന്നോര്‍ത്ത് കുഴപ്പമൊന്നുമില്ല, ഒന്നുമില്ലേലും ഞാനല്ലേ ഉണ്ടാക്കിയത്?'

'അതുകൊണ്ടല്ല ഡാര്‍ലിംഗ്, പഞ്ചാര എനിക്കത്ര ഇഷ്ടല്ല'

'ഓ പിന്നെ, കോളേജില്‍ പഠിച്ച കാലത്ത് പഞ്ചാരയുടെ ഹോള്‍സെയില്‍ ഡീലര്‍ ആയിരുന്നന്നു ഞാന്‍ കേട്ടിട്ടുണ്ട്'. അവള്‍ എനിക്കിട്ടു ഒന്ന് ആക്കി.

ചൂട് ചായ മോന്താന്‍ തുടങ്ങുമ്പോള്‍ അവളുടെ വക ഉപദേശം. 'ആ പല്ലൊന്നു തേച്ചൂടെ?'

'ഇല്ലാത്ത ശീലങ്ങള്‍ വെറുതെ എന്തിനാ'? ഞാന്‍ സത്യസന്ധനായി.

'ദേ, സ്വര്‍ണത്തിന്റെ വില വീണ്ടും കൂടി'. മനോരമ കയ്യില്‍ എടുത്തു കൊണ്ട് അവള്‍ വിളിച്ചു കൂവി. അവളുടെ സന്തോഷം കണ്ടാല്‍ എന്‍റെ അമ്മായി അപ്പന് നാലഞ്ചു സ്വര്‍ണക്കട ഉണ്ടന്ന് തോന്നും.

'സ്വര്‍ണത്തിന് വില കൂടിക്കോട്ടെ. എനിക്ക് വല്ലപ്പോഴും കാശിനു ആവശ്യം വന്നാ കല്യാണത്തിനു നീയിട്ട മാല ഒക്കെ തൂക്കി വില്‍ക്കാമല്ലോ'. ഞാന്‍ ആത്മഗതം ചെയ്തു.

'എന്‍റെ സ്വര്‍ണത്തില്‍ തൊട്ടുള്ള കളിയൊന്നും വേണ്ട'. ഉടന്‍ വന്നു പ്രിയതമയുടെ മറുപടി. അല്ലങ്കിലും അങ്ങനെയാ. എല്ലാ കാര്യത്തിലും 'നമ്മുടെ' ആണങ്കിലും സ്വര്‍ണത്തിന്റെ വിഷയത്തില്‍ മാത്രം 'എന്‍റെ' എന്നേ അവള്‍ പറയൂ'. കലികാലം.

'നിനക്കെന്നാല്‍ വല്ല സ്വര്‍ണക്കട മുതലാളിയേയും കല്യാണം കഴിച്ചാല്‍ പോരായിരുന്നോ?'

'അതെങ്ങനാ, വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്നല്ലേ ചൊല്ല്. എന്‍റെ വിധി'. എന്‍റെ കയ്യില്‍ നിന്നും ചായ ഗ്ലാസ്‌ വാങ്ങി അവള്‍ അടുക്കളയിലേക്കു നടന്നു.

ഞാന്‍ പതുക്കെ ലാപ്ടോപ് ഓപ്പണ്‍ ചെയ്ത് മെയിലുകള്‍ ചെക്ക് ചെയ്യാന്‍ തുടങ്ങി. ജിമെയിലില്‍ ഒരു സൂസന്റെ മെയില്‍. 'രാകേഷ്, ഹിയര്‍ ഈസ്‌ സംതിംഗ് സ്പെഷ്യല്‍ ഫോര്‍ യു' എന്ന് സബ്ജക്റ്റ്. 'ഓ സൂസന്‍, പണ്ട് പ്രോജെക്ടില്‍ കൂടെ വര്‍ക്ക്‌ ചെയ്ത സൂസന്‍ ജേക്കബ്‌. അവള്‍ക്കു ഞാന്‍ എന്‍റെ പേര്‍സണല്‍ മെയില്‍ ഐ ഡി കൊടുത്തിട്ടില്ലല്ലോ, പിന്നെങ്ങനെ അവള്‍ മെയില്‍ അയച്ചു'? എന്ന് ആലോചിച്ച് അതില്‍ ക്ലിക്ക് ചെയ്ത ഞാന്‍ ഞെട്ടി. നല്ല 'ചൂടോടെ' നില്‍ക്കുന്ന സൂസന്റെ ഒരു പടം. 'കല്യാണം കഴിഞ്ഞിട്ടും ഇതൊന്നും നിര്‍ത്താറായില്ലേ?' എന്ന ചോദ്യം കേട്ട് ഞാന്‍ വീണ്ടും ഞെട്ടി. ചുവന്ന കണ്ണുകളോടെ എന്‍റെ പിറകില്‍ നില്‍ക്കുന്ന എന്‍റെ സ്വന്തം ഭാര്യ.

'അല്ല, അത് പിന്നെ..' ഞാന്‍ വീണ്ടും തെറ്റിധരിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ നടിയുടെ കൂടെയുള്ള പടം പുറത്തു വന്നപ്പോള്‍ ആ സ്വാമി പോലും ഇത്രയും ഞെട്ടിയിട്ടുണ്ടാവില്ല.

'നാണമില്ലേ മനുഷ്യാ, അതെങ്ങനാ. അണ്ണാന്‍ കുഞ്ഞു മരം കയറ്റം മറക്കുമോ? ആരെങ്കിലും കാണുന്നതിനു മുന്പ് അത് ക്ലോസ് ചെയ്. ഏതു നേരവും ഈ ലാപ്ടോപ് ഉം കെട്ടിപ്പിടിച്ചോണ്ടിരിക്കുന്നതിന്റെ ഗുട്ടന്‍സ് എനിക്കിപ്പഴല്ലേ പിടികിട്ടിയത്'.

ഇവള്‍ക്ക് പണ്ട് കേരളാ പോലീസില്‍ ആയിരുന്നോ പണി. ഒരു പോക്കറ്റടിക്കാരനെ കിട്ടുമ്പോള്‍ പണ്ടത്തെ തെളിയാതെ കിടക്കുന്ന കേസ് എല്ലാം അവന്‍റെ തലയില്‍ വയ്ക്കുന്ന സ്വഭാവം?

മാതൃ പാര്‍ട്ടിയിലേക്ക് മടങ്ങി വന്നപ്പോള്‍ ഡിമാണ്ട് ഒന്നുമില്ലാതെ നിന്ന ലീഡറെപ്പോലെ ഞാന്‍ ചുണ്ടുകള്‍ കൂട്ടിപ്പിടിച്ചു. അവള്‍ പോയപ്പോള്‍ ഒഫീഷ്യല്‍ മെയില്‍സ് നോക്കാന്‍ തുടങ്ങി. വെക്കേഷന്‍ ആണങ്കിലും എന്‍റെ മാനേജര്‍ക്ക് അതൊന്നും അറിയണ്ട, കുറേ 'കുരിശ് ടാസ്കുകള്‍' അങ്ങേര് മെയിലില്‍ അയച്ചിരിക്കുന്നു. ഇതെല്ലാം എപ്പം ചെയ്യും എന്ന് ആലോചിച്ചു തലയില്‍ കൈ വച്ചിരിക്കുമ്പോള്‍ അതാ വരുന്നു അവളുടെ അടുത്ത ഡയലോഗ്.

'ഇനി ബാക്കിയുള്ള പെണ്ണുങ്ങളെ കൂടി കണി കാണുവായിരിക്കും.  ഈ പണ്ടാരം അധികം താമസമില്ലാതെ ഞാന്‍ തല്ലിപ്പൊട്ടിക്കും'. അതല്ലേലും അങ്ങനാണല്ലോ. പെണ്‍വര്‍ഗ്ഗവും ഇലക്ട്രോണിക്സ് സാധനങ്ങളും മൂന്നാം നാളുകാര്‍ ആണ്. ദൈവം പെണ്‍വര്‍ഗത്തിന്റെ തലയില്‍ സ്വര്‍ണത്തിനും സാരിക്കും സ്ഥലം കൊടുത്തപ്പോള്‍ മറ്റൊന്നും അതില്‍ കയറ്റാന്‍ പറ്റാത്ത വിധം ഫുള്‍ ആയി.

'അതേ, ഞാന്‍ ഒരു കാര്യം പറയട്ടെ?'. പ്രിയതമയുടെ വാക്കുകളില്‍ തേനും പാലും ഒഴുകുന്നു. 'ഇന്ന് ഫ്രീയല്ലേ, എന്നെ ബീച്ചില്‍ കൊണ്ടു പോകാമോ?'

രാവിലത്തെ മധുരിക്കുന്ന ചായ കുടിക്കണ്ടായിരുന്നു എന്ന് തോന്നി. ഒരു ദിവസം റസ്റ്റ്‌ എടുക്കാന്‍ പോലും ഇവള്‍ സമ്മതിക്കില്ലല്ലോ. തന്നെയുമല്ലാ, ഈ ചൂടുകാലത്ത് ബീച്ചില്‍ പോകാത്തതിന്റെ കുറവേ ഉള്ളു. മനസ്സില്‍ തെറി തോന്നിയാലും പുറമേ മുപ്പത്തിരണ്ട് പല്ലും കാണിച്ചു ടീം ലീഡറിനോഡ് സംസാരിച്ചു ശീലിച്ചത് പ്രയോജനപ്പെട്ടു.

'അതിനെന്താ ചക്കരേ, എനിതിംഗ് ഫോര്‍ യു'. ഞാന്‍ ഒരു ഉത്തമ ഭര്‍ത്താവായി. 'സൂസന്റെ' ക്ഷീണം എനിക്ക് മാറ്റണമല്ലോ.

'നീ മധു പകരൂ..' എന്ന പാട്ട് മൂളി, കഞ്ഞി മുക്കി തേച്ച ഷര്‍ട്ടില്‍ സ്പ്രേ അടിച്ചു കേറ്റുമ്പോള്‍ സംശയ ദ്രിഷ്ടിയോടെ അവള്‍ എന്നെ നോക്കി. 'അല്ലാ, ഇതാരെ കാണിക്കാനാ ഇങ്ങനെ ഒരുങ്ങുന്നത്? പഴയ കാമുകിമാരെ വല്ലോം ക്ഷണിച്ചിട്ടുണ്ടോ ബീച്ചിലേക്ക്?'

'കാമുകിയോ? എന്ന് വച്ചാ എന്തുവാ?' ഞാന്‍ നിഷ്കളങ്കന്‍ ആയി.

'ഉവ്വ, എന്നേ കൊണ്ട് ഹിസ്ടരിയും ജോഗ്രഫിയും ഒന്നും എടുപ്പിക്കരുത്'. അവള്‍ കണ്ണുരുട്ടി.

'ഡാര്‍ മോളൂ, നിന്‍റെ ഉണ്ടക്കണ് കള്‍ക്ക് എന്ത് ഭംഗി. നമ്മുടെ കിഴക്കേലെ വരിക്ക പ്ലാവിലെ ചക്കയുടെ കുരുവിനേപ്പോലെ തിളക്കം'.

'ഓ പിന്നെ, വെറുതെ ഓരോന്ന് പറയാതെ', അവള്‍ തിരിഞ്ഞു നടന്നു. 'ദൈവമേ, ആക്കി പറഞ്ഞാലും ഇവള്‍ക്ക് മനസ്സിലാവില്ലേ?'

കാറില്‍ പോകുന്ന വഴി സൈഡിലെ വലിയെ പരസ്യ ബോര്‍ഡില്‍ എന്‍റെ ശ്രദ്ധ പോയി. സാരിക്കടയുടെ പരസ്യമായിരുന്നന്നു എന്ന് തോന്നുന്നു, പക്ഷെ ആ പെണ്ണിന് സാരി ഉടുത്താല്‍ എന്തോ അലര്‍ജി ഉള്ളത് പോലെ, കുറച്ചു ഭാഗത്ത് മാത്രമേ സാരി ചുറ്റിയിട്ടുള്ളൂ, ബാക്കിമുഴുവന്‍ ഓപ്പണ്‍.

'മതി, ഒരു പടം പോലും വെറുതെ വിടില്ല അല്ലേ?'. ദൈവമേ, അവള്‍ അതും കണ്ടോ?

'ഏതു പടം, ഞാന്‍ ഏതു കടയുടെ പരസ്യം ആണ് അത് എന്ന് നോക്കിയതാ'.

'എന്നാ പറ, ഏതു കടയുടെയാ?'

ദൈവമേ, വടി കൊടുത്ത് അടി വാങ്ങിയല്ലോ. ഏതു കടയുടെ ആണന്നു എനിക്കെങ്ങനെ അറിയാം?. ഞാന്‍ വിഷയം മാറ്റാന്‍ ഒരു ശ്രമം നടത്തി.

'നിനക്ക് ചുരിദാര്‍ വാങ്ങണമെന്നോ മറ്റോ പറഞ്ഞില്ലേ?, ഇന്ന് പോണോ?'

'വേണ്ട. നമുക്ക് ശനിയാഴ്ച പോകാം. സെലക്ട്‌ ചെയ്യാന്‍ ഒത്തിരി സമയം വേണ്ടേ?'. അവളുടെ ഉത്സാഹം കണ്ടോ, എനിക്ക് ലോട്ടറി അടിച്ചന്നു പറഞ്ഞാലും ഇത്രയും സന്തോഷം കാണില്ല. 'അത് പറഞ്ഞപ്പഴാ, കോട്ടയത്ത് ഇമ്മാനുവേല്‍ വന്നിട്ടുണ്ട്'.

'അതാരാ, നിന്‍റെ ക്ലാസ്മേറ്റ് ആണോ?'

'ശ്ശേ പൊട്ടന്‍, ഇമ്മാനുവേല്‍ ടെക്സ്റയില്‍സ്'

ഈശ്വരാ, ഇവന്മാര്‍ക്കൊക്കെ കട തുടങ്ങാന്‍ വേറെ സ്ഥലമൊന്നും കിട്ടിയില്ലേ?. ബാകിയുള്ളവന്മാരുടെ കളസം കീറുമ്പഴേ ഇവനൊക്കെ സമാധാനമാകത്തൊള്ളോ? ഞാന്‍ വിഷയം വീണ്ടും മാറ്റണമല്ലോ.

'എന്‍റെ കൂടെ പഠിച്ച ആ സംഗീതയുടെ വീട് ഇവിടെ എങ്ങാണ്ടാ, ഒന്ന് വിളിച്ചാ ഓസില്‍ ഒരു ചായയും വടയും കഴിക്കായിരുന്നു'

'അല്ലാ, അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ, ഇദ്ദേഹം വല്ല ഗേള്‍സ്‌ സ്കൂളിലുമാണോ പഠിച്ചത്?. അല്ലാ ഏതു സഹപാഠിയുടെ പേര് പറഞ്ഞാലും അതൊരു പെണ്‍ നാമം ആയിരിക്കും, അതുകൊണ്ട് ചോദിച്ചതാ'

ദൈവമേ, വീണ്ടും ആപ്പ്. എന്നോടെന്തിനീ ക്രൂരത?

ഇടയ്ക്കു പൈനാപ്പിള്‍ ജൂസ് കുടിക്കാന്‍ നിര്‍ത്തിയപ്പോള്‍ വഴിയില്‍ കൂടി നടന്നു പോയ കിടാങ്ങളെ ജന്മ സഹജമായ വാസന കൊണ്ട് ഒന്ന് നോക്കിപ്പോയി.

'ഈ വായ്നോട്ടത്തിന് ഒരു കുറവുമില്ല അല്ലേ?'. ഇടിമുഴക്കം പോലുള്ള ശബ്ദത്തോടെ, തീ പാറുന്ന കണ്ണുകളുമായി വീണ്ടും അവള്‍.

'അല്ലാ, ഞാന്‍ വായ്നോക്കുന്നതില്‍ നിനക്ക് കുഴപ്പമില്ല എന്നൊക്കെ ആണല്ലോ കല്യാണത്തിനു മുന്പ് നീ പറഞ്ഞത്?' ഞാന്‍ എന്നെ ന്യായീകരിക്കാന്‍ ശ്രമിച്ചു.

'വായ്നോക്കും എന്ന് പറഞ്ഞപ്പോള്‍ ഇത്രയും ഞാന്‍ പ്രതീക്ഷിച്ചില്ല. ഇതൊരുമാതിരി പെണ്ണുങ്ങളെ കാണാത്ത എവിടുന്നോ വന്നത് പോലെ. ഒരു കോലില്‍ ചുരിദാറിന്റെ ഷാള്‍ തൂക്കിയിട്ടാലും അങ്ങോട്ട്‌ നോക്കി നിന്ന് കളയുമല്ലോ നാണമില്ലാതെ. തന്നെയുമല്ല 'വായ്നോട്ടം' എന്ന് പേര് മാത്രമല്ലേ ഉള്ളു, വായിലോട്ടു മാത്രമല്ലല്ലോ നോട്ടം'.

'അയ്യേ, നീ ചുമ്മാ തെറ്റിദ്ധരിക്കാതെ ചക്കരേ', ഞാന്‍ ആ സന്ദര്‍ഭത്തെ ഒന്ന് സാധൂകരിക്കാന്‍ ശ്രമിച്ചു. ഏതു നേരത്താണോ പെണ്ണ് കെട്ടാന്‍ തോന്നിയത്. ഏതായാലും താലി കെട്ടുന്ന സമയത്ത് 'അവനവന്‍ കുഴുക്കുന്ന കുഴിയില്‍..' എന്ന പാട്ട് കേട്ടതായി ഞാന്‍ ഓര്‍ക്കുന്നില്ല.

ബീച്ചില്‍ ചെന്നപ്പോള്‍ നിരാശ ആയിരുന്നു എനിക്ക് ഫലം. കളക്ഷന്‍ വളരെ കുറവ്. പിന്നെ തിരയെണ്ണാന്‍ സൌകര്യമുള്ള ഒരു സ്ഥലം നോക്കി ഞാനും അവളും ഇരുന്നു.

സമയം സന്ധ്യ ആകാറായിരുന്നു. ഒരു കൊച്ചു കുഞ്ഞ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം എന്ന് കരുതി അമ്മയുടെ മാറില്‍ ചായുന്നത് പോലെ അവള്‍ എന്‍റെ തോളില്‍ ചാരിക്കിടന്നപ്പോള്‍ ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവാനാണ് ഞാന്‍ എന്ന് തോന്നി.

'എന്തൊരു ഭംഗി അല്ലേ?'

അസ്തമയ സൂര്യന്റെ മനോഹാരിതയില്‍ മതിമറന്ന് ആവേശത്തോട്‌ കൂടി അവള്‍ എന്നോട് ഈ ചോദ്യം ചോദിച്ചപ്പോള്‍ 'അതേ' എന്ന് ഞാന്‍ മറുപടി പറഞ്ഞത് ചക്രവാളത്തില്‍ മറയുന്ന ആദിത്യന്റെ അരുണിമ ആസ്വദിച്ചിട്ടായിരുന്നില്ല. അവളുടെ ചുണ്ടുകളില്‍ വിരിഞ്ഞ പുഞ്ചിരിക്കും കണ്ണുകളിലെ തിളക്കത്തിനും അസ്തമയ സൂര്യനെക്കാള്‍ ആയിരം മടങ്ങ്‌ വശ്യത ഉണ്ടായിരുന്നു.

Friday, April 2, 2010

സാഹസം

അങ്ങനെ ഞാന്‍ അതും ചെയ്തു..

ശോ.. തെറ്റി ധരിക്കരുതേ.. ഒരു കല്യാണം കഴിച്ച കാര്യമാ ഞാന്‍ ഉദ്ദേശിച്ചത് :)

ഇക്കഴിഞ്ഞ മാര്‍ച്ച്‌ മാസം 22 നു ആയിരുന്നു ആ സാഹസത്തിനു ഞാന്‍ മുതിര്‍ന്നത്.. എന്റെ സഹ ധര്മിണിയുടെ പേര് ശ്രുതി.

എന്റെ ബ്ലോഗ്‌ ആക്ടിവിറ്റീസ് കുറയാന്‍ കാരണവും അത് തന്നെ..

ഫോണ്‍ കമ്പനികള്‍ക്ക് കഴിഞ്ഞ കുറെ മാസങ്ങളില്‍ വരുമാനം കൂടി എന്ന റിപ്പോര്‍ട്ട്‌ വായിച്ചില്ലേ? അതില്‍ ഒരു പങ്കു എന്റെ ആയിരുന്നു. കല്യാണം കഴിഞ്ഞില്ലേ, ഇനി ചിലപ്പോ അവരുടെ വരുമാനം കുറഞ്ഞേക്കും. ഇനി ഇപ്പൊ ഫോണ്‍ ചെയ്താലും ഇല്ലേലും ലവള്‍ എന്റെ അടുത്ത് തന്നെ കാണുമല്ലോ :) (ദേ, ലവള്‍ ഇത് വായിച്ചു ചിരിക്കുന്നു :))

താമസിയാതെ തന്നെ ഞാന്‍ ബൂലോകത്ത് സജീവം ആകുന്നതായിരിക്കും. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനകള്‍ ഞങ്ങളുടെ കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

ലവളെ കൊണ്ട് രണ്ടു ബ്ലോഗ്‌ എഴുതിക്കാമോ എന്ന് കൂടി നോക്കട്ടെ..

അപ്പൊ തല്‍കാലം ടാറ്റാ :)

Sunday, November 29, 2009

എസ്. എം. എസ്.

ആദ്യമേ പറയട്ടെ. ഈ കഥയിലെ നായകന്‍ ഞാന്‍ അല്ല! ഇതിലെ നായകന് എന്റെ സ്വഭാവങ്ങളുമായോ പ്രവൃര്‍ത്തികളുമായോ എന്തെങ്കിലും സാമ്യം തോന്നുന്നുണ്ടങ്കില്‍ അത് തികച്ചും യാദ്രിശ്ചികം മാത്രമാണ് (പിന്നെ മഞ്ഞ കണ്ണ് കൊണ്ട് നോക്കിയാല്‍ എല്ലാം മഞ്ഞ ആയിരിക്കുമല്ലോ!)


ചെന്നൈയില്‍ ജോലി ചെയ്തിരുന്ന സമയത്താണ് ഈ പോസ്റ്റില്‍ പറയുന്ന അത്യാഹിതങ്ങള്‍ എന്റെ സുഹൃത്തായ വിജയ്‌ക്ക് സംഭവിക്കുന്നത്. അവനേപ്പറ്റി പറയുകയാണങ്കില്‍, ജഗദീഷിന്റെ പുഞ്ചിരിയും സലിം കുമാറിന്റെ സൗന്ദര്യവും ഇന്ദ്രന്‍സിന്റെ ആരോഗ്യവും ദിലീപിന്റെ സ്വഭാവവും ബിജുക്കുട്ടന്റെ ശബ്ദ ഗാംഭീര്യവും ഒത്തിണങ്ങിയ വീര ശൂര പരാക്രമി. എവിടെങ്കിലും ഒരു ചുരിദാറിന്റെ ഷാള്‍ കണ്ടാല്‍ പിന്നെ ആ ഭാഗത്തേക്ക് മാത്രം നോക്കി നില്‍ക്കുന്ന സല്‍ഗുണ സമ്പന്നന്‍.


ഹച്ച് വോടാഫോണിന്റെ കരാള ഹസ്തങ്ങള്‍ക്കിടയില്‍ പെടുന്നതിനു മുന്‍പുള്ള സമയം. മാസം പതിനായിരം എസ്. എം. എസ്. ഫ്രീ എന്ന ഓഫര്‍ ഹച്ച് തന്നിരുന്നു. കൂടെ ജോലി ചെയ്തിരുന്നവര്‍ക്കൊക്കെ (പെണ്‍കുട്ടികള്‍ എന്ന് എടുത്തു പറയണ്ടല്ലോ അല്ലെ?) ചറ പറാ മെസ്സേജുകള്‍ അയക്കുക എന്നത് അവന്റെ ഒരു ഹോബി ആയിരുന്നു. ഗുഡ് മോര്‍ണിംഗ്, ആഫ്ടര്‍നൂണ്‍, ഈവനിംഗ്, നൈറ്റ്‌ എന്ന് വേണ്ട എന്തിനു ഏതിനും കക്ഷി മെസ്സേജ് അയച്ചിരിക്കും. ഓണം, വിഷു, ക്രിസ്മസ് മുതലായ വിശേഷ ദിവസങ്ങള്‍ വന്നാല്‍ അവനു ചാകര ആണു. ഇവന്റെ മെസ്സേജ് അയക്കല്‍ കണ്ടു ഹച്ചുകാര്‍ ഈ ഓഫര്‍ നിര്‍ത്തലാക്കുമോ എന്ന് പോലും ഞങ്ങള്‍ക്ക് തോന്നി.


ഒരു ദിവസം രാത്രി 12 മണിക്ക് എല്ലാവര്‍ക്കും ഗുഡ് നൈറ്റ്‌ ഉം സ്വീറ്റ് ഡ്രീംസ് ഉം ഒക്കെ അയച്ചു കക്ഷി ഉറങ്ങാന്‍ കിടന്നു. 'ചക്കരെ ഫോണ്‍ എടുക്കടാ..' എന്ന റിംഗ് ടോണ്‍ കേട്ട് പാതി മയക്കത്തില്‍ ആയിരുന്ന അവന്‍ ഞെട്ടി എഴുനേറ്റു. ഫോണ്‍ നോക്കിയപ്പോള്‍ 'പ്രിയ കാളിംഗ്'.


പ്രിയ.. സല്‍മാന്‍ ഖാന്‍ കത്രീനയെ മനസ്സില്‍ കൊണ്ട് നടക്കുന്നത് പോലെ വിജയ്‌ യുടെ മനസ്സിലെ സ്വപ്ന സുന്ദരി. 'ഇവള്‍ എന്തിനാണോ ഈ രാത്രിയില്‍ വിളിക്കുന്നത്?' എന്ന ചോദ്യവുമായി വിജയ്‌ ഫോണ്‍ എടുത്തു.

'ഹലോ പ്രിയക്കുട്ടീ.. ഉറങ്ങാറായില്ലേ?'

'പ്രിയക്കുട്ടിയോ? നീയാരാടാ അവളുടെ അമ്മാവനോ?'. പ്രിയയുടെ സുന്ദര നാദം പ്രതീക്ഷിച്ചിരുന്ന അവന്‍റെ കാതിലേക്ക് ഒഴുകിയെത്തിയത് ഒരു കര്‍ണ കഠോര ശബ്ദം!

'ഹലോ.. ഇ.. ഇ.. ഇതാരാ?'

'ഞാന്‍ പ്രിയയുടെ അപ്പന്‍, എന്താ നിനക്ക് അഡ്രെസ്സ് കൂടി വേണോടാ?'

അടിവയറ്റില്‍ കൂടി എന്തോ ഒന്ന് പോകുന്നത് അവന്‍ തിരിച്ചറിഞ്ഞു!

'അവളെന്ന് മുതലാടാ നിന്‍റെ കുട്ടി ആയത്?'

'അത് ഞാന്‍.. പിന്നെ.. ചുമ്മാ..'

'പാതി രാത്രിക്കാനോടാ മെസ്സേജ് അയക്കുന്നത്?'

'അത് ഇന്ന് ലേറ്റ് ആയി ഓഫീസില്‍ നിന്നും വന്നപ്പം..'

'ഓഹോ.. അപ്പം നിനക്ക് ഈ മെസ്സേജ് അയക്കല്‍ ഒരു സ്ഥിരം പരിപാടിയാണ് അല്ലേ?'

'അങ്ങനല്ല.. വല്ലപ്പോഴും..'

'അവന്‍റെ ഒരു ഗുഡ് നൈറ്റ്‌ ഉം സ്വീറ്റ് ഡ്രീംസ് ഉം.. മേലാല്‍ എന്റെ മോള്‍ക്ക്‌ മെസ്സേജ് അയച്ചേക്കരുത് കേട്ടോടാ'

അയക്കും എന്ന് പറയാന്‍ അവനു പറ്റില്ലല്ലോ. മറുപടിയായി ദയനീയമായി ഒന്ന് മൂളാനെ അവനു കഴിഞ്ഞുള്ളൂ.

അന്ന് രാത്രി അവന്‍ കണ്ട സ്വപ്നങ്ങളിലെ വില്ലന്‍ പ്രിയയുടെ അപ്പന്‍ തന്നെ ആയിരിക്കണം. അതില്‍ പിന്നെ കുറച്ചു ദിവസത്തേക്ക് അവന്‍ പ്രിയയുടെ മുന്നില്‍ പെടാതെ നടന്നു, ഒരു ചമ്മല്‍ ഒഴിവാക്കാമല്ലോ. പക്ഷെ ഒരിക്കന്‍ പ്രിയയുടെ മുന്‍പില്‍ അവന്‍ അറിയാതെ ചെന്ന് പെട്ടു. കുശലം പറച്ചിലുകള്‍ക്ക് ശേഷം അവള്‍ ചോദിച്ചു.


'എന്താ ഇപ്പം മെസ്സേജുകള്‍ ഒന്നും കാണാനില്ലല്ലോ?'

''ഉവ്വടീ, എന്നിട്ട് വേണം നിന്റെ അപ്പന്‍ ഗുണ്ടകളെ വിട്ടു എന്നെ തല്ലിക്കാന്‍..'' എന്ന് പറയണം എന്ന് തോന്നിയങ്കിലും അവന്‍ കണ്ട്രോള്‍ ചെയ്തു. അത് കഴിഞ്ഞപ്പോഴാണ് അവന്‍ ചിന്തിച്ചത്, ആ സംഭവത്തെ പറ്റി പ്രിയ അറിഞ്ഞു കാണില്ല, അല്ലങ്കില്‍ അവള്‍ ഇങ്ങനെ ചോദിക്കില്ലല്ലോ!

'ആകെ തിരക്കിലാ, അതാ'.. വിജയ്‌ നൈസ് ആയിട്ടങ്ങു സ്ലിപ് ആയി!

പിന്നീട് ഒരു ദിവസം രാത്രി എല്ലാവക്കും ഒരു ഫോര്‍വേര്‍ഡ് മെസ്സേജ് അയച്ചു കൊണ്ടിരുന്നപ്പോള്‍ അവന്റെ ഫോണ്‍ വീണ്ടും വിറച്ചു. 'പ്രിയ കാളിംഗ്..' അപ്പോഴാണ്‌ ആ ഞെട്ടിക്കുന്ന സത്യം അവന്‍ മനസ്സിലാക്കിയത്. മെസ്സേജ് അയച്ച ഒരു ലിസ്റ്റില്‍ അവളുടെ പേരും ഉണ്ടായിരുന്നു. അപ്പോള്‍ ഇത് അവളുടെ ആ അംജദ് ഖാന്‍ അപ്പന്‍ തന്നെ! കന്നി മത്സരത്തില്‍ വഖാറിനെ നേരിടുമ്പോള്‍ സച്ചിന്‍റെ നെഞ്ച് പോലും ഇത്രയും ഇടിച്ചിട്ടുണ്ടാവില്ല. അവന്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തില്ല.

പിറ്റേന്ന് കമ്പനി ബസ്സില്‍ ഓഫീസിലേക്ക് പൊയ്ക്കൊണ്ടിരിക്കുമ്പോള്‍ ആണ് അവനു ഒരു പരിചയമില്ലാത്ത ഫോണില്‍ നിന്നും കാള്‍ വന്നത്. ക്രെഡിറ്റ്‌ കാര്‍ഡ് വേണോ എന്ന് ചോദിച്ചു ഏതേലും ബാങ്ക് തരുണീമണി ആയിരിക്കും, ലവളോടു പഞ്ഞാര അടിച്ചേക്കാം എന്ന് കരുതി അവന്‍ ഫോണ്‍ എടുത്ത് സ്റ്റൈലില്‍ പറഞ്ഞു 'ഹലോ, വിജയ്‌ ഹിയര്‍'


'അവളുടെ ഫോണില്‍ നിന്ന് വിളിച്ചാ നീ എടുക്കില്ല എന്ന് എനിക്ക് മനസ്സിലായി'


('ദൈവമേ.. പ്രിയയുടെ അപ്പന്‍!) 'അത്.. പിന്നെ.. കാള്‍ ഞാന്‍ കണ്ടില്ല'

'വേല എന്നോട് വേണ്ടടാ.. നിന്നെക്കാള്‍ കുറേ ഓണം കൂടുതല്‍ ഉണ്ടവനാ ഞാന്‍'

('പിന്നെ.. ഓണം കൂടുതല്‍ ഉണ്ടാല്‍ ബുദ്ധി കൂടുമോ? എന്നാ പിന്നെ അടുത്ത കൊല്ലം മുതല്‍ ഓരോ ഓണത്തിനും അഞ്ചാറു പ്രാവശ്യം ഞാന്‍ ഉണ്ടോളാമേ')
ഇവിടെ മൌനം..

'നിന്നോട് മെസ്സേജ് അയക്കരുതെന്നു മലയാളത്തില്‍ പറഞ്ഞാല്‍ മനസ്സിലാകില്ലേടാ?'

('ഇല്ല, ഞാന്‍ ഇംഗ്ലീഷ് മീടിയത്തിലാ പഠിച്ചത്')
'അത്.. അറിയാതെ പറ്റിയതാ'

'പിന്നെ.. നമ്പര്‍ എന്നോട് വേണ്ടടാ.. ഇങ്ങനെ അറിയാതെ നീ ഇനിയും അയക്കും അല്ലെടാ?'

('ഇനി അയക്കുവാണേല്‍ അറിഞ്ഞോണ്ടേ അയക്കൂ')
'ഇല്ല.. ഇനി അയക്കില്ല'

'നിനക്കെന്റെ തനി സ്വഭാവം അറിയാന്‍ മേല. ഞാന്‍ മഹാ തറയാ'

('അത് ഇപ്പഴേ മനസ്സിലായി')
വീണ്ടും മൌനം

'എന്താടാ നിന്‍റെ നാവിറങ്ങിപോയോ?

('ഇറങ്ങിപ്പോയാ ഇയാള്‍ പൊക്കിയെടുക്കാന്‍ വരുമോ? ഇയാള്‍ക്കെന്താ ഫയര്‍ ഫോര്‍സിലാണോ പണി?')

'ഇവിടെ തന്നെ ഉണ്ട്'

'ആഹാ.. അഹങ്കാരീ.. തര്‍ക്കുത്തരം പറയുന്നോ? നിന്നെ ഞാന്‍ കാണിച്ചു തരാമെടാ'

('അയ്യേ, എനിക്കെങ്ങും കാണണ്ട. തന്‍റെ കെട്ടിയോളെ പോയി കാണിച്ചാ മതി')
'ഇനി അയക്കില്ല എന്ന് പറഞ്ഞില്ലേ?'

'ഇത് തന്നെ അല്ലേടാ കഴിഞ്ഞ പ്രാവശ്യവും നീ പറഞ്ഞത്.. ഇനി നീ സൂക്ഷിച്ചോ.. അടുത്ത മറുപടി ഫോണില്‍ ആയിരിക്കില്ല'.

ആ ഫോണ്‍ കട്ട്‌ ചെയ്തു കഴിഞ്ഞപ്പോള്‍ വിജയ്‌ ഒരു ദീര്‍ഖ ശ്വാസം വിട്ടു. ബസ്സില്‍ അടുത്തിരുന്നവര്‍ അത് മറ്റെന്തോ ആണന്നു തെറ്റിധരിച്ചന്നു മാത്രം!

ഈ രണ്ടാമത്തെ സംഭവത്തിനു ശേഷം, ശകലം മടിയോടെ ആണങ്കിലും അവന്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും മുന്നറിയിപ്പ് തന്നു. ആരും പ്രിയക്ക് രാത്രി മെസ്സേജ് അയക്കരുത്, അവളുടെ അപ്പന്‍ ആള് ശെരിയല്ല എന്നൊക്കെ. നടന്ന സംഭവങ്ങള്‍ അവനു തുറന്നു പറയേണ്ടി വന്നു. പാവം, ആത്മാര്‍ഥത ഉള്ളവനാ.

ഞങ്ങളുടെ പ്രോജെക്ടില്‍ നിന്നും ഒരു കൊടൈക്കനാല്‍ ട്രിപ്പ്‌ പ്ലാന്‍ ചെയ്തത് ആയിടക്കാണ്. ഒരു ട്രെയിന്‍ ട്രിപ്പ്‌, അവിടെ ചെന്നിട്ടു പിന്നെ ബസ്സില്‍. പ്രിയ ഉണ്ടന്നറിഞ്ഞു വിജയ്‌ യും ട്രിപ്പിനു റെഡിയായി. പക്ഷെ അവസാന സമയം, എന്തോ ചില കാരണങ്ങളാല്‍ അവനു വരാന്‍ പറ്റിയില്ല. അവനു പകരം അവന്‍റെ ടിക്കെറ്റില്‍ ശരത് വരാന്‍ റെഡി ആയി, ശരത്തിന് വേണ്ടി ആദ്യം ടിക്കറ്റ്‌ ബുക്ക്‌ ചെയ്തില്ലായിരുന്നു.  ചെന്നൈ എഗ് മോറില്‍ ട്രെയിന്‍ കാത്തു നിന്നപ്പോള്‍ ഞങ്ങള്‍ ഓരോരുത്തരുടെ മുന്‍പിലും വന്നു ശരത് പറഞ്ഞു.

'എടാ, ടി. ടി. ആര്‍. വന്നു നോക്കുമ്പം നിങ്ങള്‍ എന്നെ വിജയ്‌ എന്ന് വിളിക്കണം, കേട്ടോടാ?'

'ഞാനാണ് വിജയ്‌..'

'ഞാനാണ് വിജയ്‌..'

'ഞാനാണ് വിജ.................'

അവന്‍ പകുതിക്ക് വച്ച് നിര്‍ത്തിയത് കേട്ട് ഞാന്‍ തിരിഞ്ഞു നോക്കി.. അവന്‍ ചെന്നു പെട്ടെത് പ്രിയയെ യാത്ര അയക്കാന്‍ വന്ന അവളുടെ അപ്പന്‍റെ മുന്‍പില്‍. അയാള്‍ ഒരു കലിപ്പിച്ച നോട്ടം അവനെ നോക്കി. 'യോ.. യോ..' പറഞ്ഞു നടന്നിരുന്ന അവന്‍റെ എല്ലാ 'യോയും' പോയി..

'ഞാനല്ല വിജയ്‌..' എന്ന് പറയണമെന്നുണ്ടായിരുന്നു അവനു, പക്ഷെ സാഹചര്യങ്ങളുടെ സമ്മര്‍ദത്തെ അതിജീവിക്കാനുള്ള ത്രാണി അവനുണ്ടായിരുന്നില്ല എന്നതാണ് പരമമായ യാഥാര്‍ത്ഥ്യം!

പ്രിയയുടെ ചേച്ചിയുടെ കല്യാണത്തിനു അവള്‍ ഞങ്ങളെ ക്ഷണിച്ചപ്പോള്‍ വിജയുടെ മുഖത്തെക്കാന് ഞങ്ങള്‍ ആദ്യം നോക്കിയത്.

'പോണോടാ, നിന്‍റെ കൊച്ചിന്റെ ചേച്ചിയുടെ കല്യാണത്തിനു?'

'ഡാ, ഞങ്ങളുടെ പ്രേമം നിങ്ങള്‍ക്കല്ലാതെ ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്ക് മാത്രമേ അറിയൂ, വേറാരും കേള്‍ക്കണ്ട'

'ങേ?? നീ അവളോട്‌ പറഞ്ഞോ?'

'ഏയ്‌, ഞാന്‍ പറഞ്ഞത് എനിക്കും എന്‍റെ പഴയ കാമുകിക്കും. ഇവളുടെ പേര് പറഞ്ഞല്ലേ ഞാന്‍ മറ്റവളുമായി അടിച്ചു പിരിഞ്ഞത്'

'ബെസ്റ്റ്'

'എടാ, അവള് ഒന്നും കേള്‍ക്കല്ലേ.  ഇനി എനിക്കവളോട് പ്രേമമാനന്നു അവള്‍ അപ്പനോട് പോയി പറഞ്ഞാല്‍ അയാള്‍ എന്നെ തല്ലാന്‍ ഗുണ്ടകളെ വിടും'

'അപ്പം നിനക്ക് പേടി ഉണ്ട്'

'പോടാ, അതൊന്നുമല്ല. കാര്യം ഞാന്‍ അഹിംസാ വാദി ആണങ്കിലും ആരേലും എന്‍റെ മേത്തു തൊടുന്നത് എനിക്കിഷ്ടമല്ല. പിന്നെ അടിയാകും, രക്തചൊരിച്ചില്‍ ഉണ്ടാകും. ഞാന്‍ രണ്ടു മൂന്നെന്നത്തിനെ തട്ടിയെന്നിരിക്കും. പിന്നെ സാക്ഷി പറയാന്‍ നിങ്ങള്‍ കോടതി കയറിയിറങ്ങണം. എന്തിനാടാ ഇതെല്ലാം?'

'പോടെ മൈ** ക്ണാപ്പാ. നീ കല്യാണത്തിന് വരുന്നോ? പേടിയാണേല്‍ അത് പറ'

'ആഹാ അത്രക്കായോ? എന്നാ അവളുടെ അപ്പനെ പോയി കണ്ടു ഞാനാണ് വിജയ്‌ എന്ന് പറഞ്ഞിട്ടേ ബാക്കി കാര്യമുള്ളൂ'

'എടാ നീ ഇപ്പം പോയി പറയാന്‍ പോകുവാണോ?'

'ആണങ്കില്‍..'

'ഇന്ന് ലീവ് എടുക്കാന്‍ പറ്റില്ല, നല്ല പണി ഉണ്ട്. അപ്പം നിന്‍റെ ശവാടക്ക് കൂടാന്‍ പറ്റില്ലല്ലോ'

('സെന്‍സേര്‍ട്')
'നീ നോക്കിക്കോടാ, കല്യാണത്തിന് പോകുമ്പോള്‍ അവളുടെ അപ്പനുമായി ഞാന്‍ മുട്ടിയിരിക്കും. ഒന്നുമില്ലേലും എന്‍റെ ഭാവി അമ്മായിയപ്പന്‍ ആകേണ്ട ആളല്ലേ?'

'ഓ പിന്നെ.. നീ ഒരു ഹോട്ടെലില്‍ നിന്നും സ്ഥിരം ചായ കുടിക്കാറില്ലല്ലോ!'

('വീണ്ടും സെന്‍സേര്‍ട്')

പ്രിയയുടെ ചേച്ചിയുടെ കല്യാണ ദിനം. ഹാളിനു വെളിയില്‍ എത്തിയപ്പോള്‍ അവന്‍ പറഞ്ഞു, 'നിങ്ങളിവിടെ നിന്ന് നോക്കിക്കോ ഞാന്‍ അവളുടെ അപ്പനോട് മുട്ടുന്നത് എങ്ങനെ ആണന്നു'.


അകത്തേക്ക് പോയ കക്ഷി അത് പോലെ തന്നെ തിരിച്ചു വന്നു, വെസ്ടിന്‍ഡീസ് പര്യടനത്തിനു പോയ ഇന്ത്യന്‍ ടീമിലെ ഓപ്പണര്‍മാര്‍ ഗ്രൌണ്ടിലേക്ക് ഇറങ്ങുകയും ഉണ്ടന്‍ തന്നെ തിരിച്ചു കയറുകയും ചെയ്യാറുള്ളത് പോലെ (ഇപ്പോഴത്തെ ഇന്ത്യന്‍ ടീം അല്ല കേട്ടോ, പണ്ടത്തെ)


'എന്ത് പറ്റിയടാ, നീ മുട്ടിയില്ലേ?'


'എടാ, അവളുടെ അപ്പന്‍ ശെരിക്കും ഗുണ്ടകളെ വിളിച്ചു നിര്‍ത്തിയിട്ടുണ്ടന്നു തോന്നുന്നു. അവിടെ കുറേ തടിമാടന്മാര്‍'


'അത് ഗുണ്ടകള്‍ അല്ലടാ , അവളുടെ അമ്മാവന്മാരാ' പ്രിയയുടെ അടുത്തുള്ള വിനോദ് പറഞ്ഞു.


പാല്‍പായസ പ്രിയനായ വിജയ്‌ അന്ന് പായസം പോയിട്ട് ചോറ് പോലും നേരെ ചൊവ്വേ കഴിച്ചില്ല! തന്നെയുമല്ല പിന്നൊരിക്കലും പ്രിയാ ഹോട്ടലില്‍ നിന്നും ചായ കുടിക്കണമെന്നു തോന്നിയതുമില്ല!


ഏതായാലും പ്രിയയുടെ അപ്പന്‍ കാരണം രക്ഷപെട്ടത് ഞങ്ങളാണ്. ദിവസവും ഞങ്ങളുടെ മൊബൈല്‍ ഇന്‍ബോക്സ് നിറച്ചു കൊണ്ടിരുന്നത് അവന്‍റെ വക കുറേ ചവറു മെസ്സേജുകള്‍ ആയിരുന്നു, ഞങ്ങള്‍ വിചാരിച്ചിട്ട് നിര്‍ത്താന്‍ പറ്റാത്തത് അങ്ങേരു സാധിച്ചു തന്നു!  'ഫ്രീ മെസ്സേജ് വെറുതെ പാഴാക്കി കളയുന്നത് എങ്ങനെയാടാ?' എന്ന് പിന്നീടൊരിക്കലും അവന്‍ ഞങ്ങളോട് പറഞ്ഞിട്ടില്ല.

Sunday, October 25, 2009

ഞാന്‍ എന്ന മാന്യന്‍

ആര്‍ട്സ്‌ ക്ലബ്‌ ഇനാഗുറേഷന്‍ പരിപാടികള്‍ കഴിഞ്ഞു ഓടിട്ടോരിയത്തില്‍ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോള്‍ ഞാന്‍ വിയര്‍ത്തു കുളിച്ചിരുന്നു. 'ഇവനെന്താ അവിടെ ചുമടെടുക്കുക ആയിരുന്നോ?' എന്ന് ചോദിക്കരുത്‌. ഗാനമേളയുടെ സമയത്ത് പുറകില്‍ കിടന്നു ശകലം ഡാന്‍സ്, അതെ ഡപ്പാന്‍കൂത്ത് തന്നെ! നമ്മളേക്കൊണ്ട് അത്രയൊക്കെയേ പറ്റൂ.

'ഇനിയെന്താടാ പരിപാടി, കള്ളടിക്കാന്‍ പോയാലോ?' എന്ന് അനീഷ്‌ ചോദിച്ചു. 'വേണ്ട, ഉള്ള സാധനമൊക്കെ ഉച്ചക്ക് മുന്‍പേ തീര്‍ന്നു കാണും. ഇനിയുള്ളത് പൂത്തക്കള്ള് ആയിരിക്കും. അല്ലങ്കില്‍ പൊടിയോ ആനമയക്കിയോ', രാജിയുടെ മറുപടി. അല്ലങ്കിലും ഇക്കാര്യത്തില്‍ അവനു പണ്ടേ നല്ല അറിവാ.

എനിക്കാണങ്കില്‍ കള്ളടിക്കാന്‍ ഒരു മൂഡ്‌ ഇല്ലായിരുന്നു. അല്ലങ്കിലും പണ്ടേ (ഇപ്പഴും) അക്കാര്യത്തില്‍ എനിക്ക് നല്ല കണ്ട്രോള്‍ ആണു. വെള്ളമടിക്കണം എന്ന് തീരുമാനിച്ചാല്‍ അന്ന് അടിച്ചിരിക്കും. (അല്ലാതെ വെള്ളമടി നിര്‍ത്തുന്ന കാര്യമാണന്നു ആരേലും തെറ്റിധരിച്ചോ?, ശേയ്). അന്ന് പിന്നെ ലവള്‍ പറഞ്ഞത് കൊണ്ട് മാത്രം രാവിലെ മുതല്‍ വെള്ളമടിക്കാതെ ഇരുന്നന്നെ ഉള്ളു.

'വേണ്ടടാ, നമുക്ക് വീടിലേക്ക്‌ പോയേക്കാം, ആകെ മടുത്തു.' ഓടിട്ടോരിയത്തില്‍ നിന്നും പുറത്തേക്ക് പോയ പിള്ളേരുടെ എണ്ണം എടുത്ത്‌ കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു. അല്ലേലും അതിനും ശേഷം അവിടെ നിന്നിട്ട് എന്ത് കാണാന്‍?

ഗണപതിക്കു എലി എന്നത് പോലെ അന്ന് എന്റെ സന്തത സഹചാരി ഒരു കൈനെറ്റിക്‌ ഹോണ്ട ആയിരുന്നു. അതെടുക്കാനായി പാര്‍ക്കിംഗ് സ്ഥലത്തേക്കു നടക്കുമ്പോള്‍ അനീഷ്‌ പറഞ്ഞു 'ഡാ, നീ പോകുന്ന വഴി എന്നെ താഴെ കവലയില്‍ ഡ്രോപ്പ് ചെയ്യ്‌, ഞാനും കൂടി വരാം'. ഞാന്‍ കീ അവന്റെ കയ്യില്‍ കൊടുത്തിട്ട് പറഞ്ഞു, 'എന്നാ അവിടം വരെ നീ തന്നെ ഓടിച്ചോ'.

വണ്ടി എടുത്ത് ലേഡീസ്‌ ഹോസ്റെലിനു മുന്‍പില്‍ എത്തിയപ്പോള്‍ അവിടെ ശ്രീജിത്ത്‌, എന്റെ അയല്‍പക്കം കാരന്‍, നില്‍പ്പുണ്ടായിരുന്നു. പുള്ളിയേം കൂടി കൊണ്ട് പോയേക്കാം എന്ന് വിചാരിച്ചു ഞാന്‍ പറഞ്ഞു 'ഡാ, ശ്രീജിത്തിനേം കൂടി കയറ്റണം, നീ ട്രിപ്പിള്‍ അടിക്കുമോ?'

അവന്‍ എന്റെ മുഖത്തേക്കു നോക്കി, പിന്നെ ഹോസ്റ്റലിന്റെ മുന്‍പിലേക്കും. അവിടെ നിന്നും ചില തരുണീമണികള്‍ ഇറങ്ങി വരുന്നുണ്ടായിരുന്നു. ആ സന്ദര്‍ഭത്തില്‍ നിങ്ങള്‍ ആരെങ്കിലും ആണെങ്കില്‍ വണ്ടിയുടെ ഡ്രൈവിംഗ് സീറ്റില്‍ നിന്നും മാറിത്തരുമോ? അത് തന്നെ അവനും ചെയ്തു. 'വേണ്ടടാ, താഴെ കവല വരെ അല്ലെ ഉള്ളു, ഞാന്‍ തന്നെ ഓടിച്ചോളാം'.

അങ്ങനെ അനീഷ്‌ മുന്‍പിലും ഞാന്‍ നടുവിലും ശ്രീജിത്ത്‌ എന്‍റെ പുറകിലുമായി ആ കൈനെറ്റിക്കിന്റെ സീറ്റില്‍ ഇരിപ്പുറപ്പിച്ചു. അപ്പഴാണ് അപ്പാപ്പന്സിന്റെ (ഹോസ്റെലിനു മുന്‍പിലുള്ള ചായക്കട, കോളേജിലെ നല്ല കുട്ടികള്‍ക്ക് 'പുള്‍' ചെയ്യാന്‍ പറ്റിയ സ്ഥലം. എന്ന് വച്ചാ ദം അടിക്കുക, ആത്മാവിന് പോഹ കൊടുക്കുക, പച്ച ഇംഗ്ലീഷില്‍ പറഞ്ഞാല്‍ വലിക്കുക എന്നു അര്‍ഥം. പിന്നെ ആ നാട്ടിലെ ഏക ചൈനീസ് രെസ്ടോരന്റും അത് മാത്രമായിരുന്നു, അല്ലാതെ പാറ്റയെ ഡ്രസ്സ്‌ ചെയ്തു വച്ച മുട്ടക്കറിയും പ്രാണിയെ ഇട്ടു തിളപ്പിച്ച ചായയും എവിടെ കിട്ടാന്‍?) മുന്‍പില്‍ നിന്നും ഒരുത്തന്‍ വിളിച്ചു പറഞ്ഞത് 'ഡാ, നമ്മുടെ മാത്തന്‍ താഴെ നില്‍പ്പുണ്ടങ്കില്‍ ഇങ്ങോട്ട് വരന്‍ പറ'. 'ഓക്കേ' പറഞ്ഞു അനീഷ്‌ വണ്ടി വിട്ടു.

മെയിന്‍ റോഡിലേക്കിറങ്ങി, പ്ലസ്‌ ടു വിനു മുന്‍പിലുള്ള വളവു തിരിയാന്‍ തുടങ്ങുമ്പോഴാണ് കുളിര്‍മ കൂള്‍ ബാറിനു മുന്‍പില്‍ നില്‍ക്കുന്ന മാത്തനെ ഞാന്‍ കണ്ടത്‌. വണ്ടിയിലിരുന്നു ഞാന്‍ വിളിച്ചു പറഞ്ഞു 'എടാ, നിന്നെ അവന്മാര്‍ അന്വേഷിക്കുന്നുണ്ട്, വേഗം അപ്പാപ്പന്‍സിലോട്ടു ചെല്ല്'. ഓക്കേ പറഞ്ഞു മാത്തന്‍ കൈ പൊക്കി കാണിച്ചു. ഇത് കണ്ടതും അനീഷ്‌ ഒരു കൈയില്‍ ഹാന്‍ഡില്‍ ബാലന്‍സ് ചെയ്തു വലതു കൈ പൊക്കി സ്റ്റൈലില്‍ ഒരു ഹായ്‌ പറഞ്ഞു.

വളവില്‍ എതിരേ ഒരു ജീപ്പ് വരുന്നുന്നത് കണ്ട അനീഷിനു ബാലന്‍സ് തെറ്റി. വണ്ടി വലത്തോട്ടു വെട്ടി, വണ്ടിയിലിരുന്ന ഞാനും ശ്രീജിത്തും ഞെട്ടി. എന്ത് ചെയ്യാന്‍ പറ്റും? ഞാന്‍ നോക്കുമ്പോള്‍ സ്കൂട്ടര്‍ അതാ ജീപിനു മുന്‍പിലേക്ക് പോകുന്നു. ഞങ്ങളുടെ ഭാഗ്യത്തിന് അനീഷിനു ഒരു രണ്ടു സെക്കന്റ്‌ നേരത്തേക്ക് വണ്ടി ബാലന്‍സ് ചെയ്യാന്‍ പറ്റി. വണ്ടി നേരേ നിന്ന ആ സമയം കൊണ്ട് ജീപ്പ് ഞങ്ങളെ കടന്നു പോയി, വീണ്ടും ബാലന്‍സ് പോയി വണ്ടി വലത്തോട്ടു തന്നെ വീണു. ഇതെല്ലം സെക്കന്റുകള്‍ കൊണ്ടു കഴിഞ്ഞു. ദൈവത്തിന്റെ സഹായം ഒന്ന് കൊണ്ടു മാത്രമാണു അന്ന് ഞങ്ങള്‍ അപകടത്തില്‍ നിന്നും രക്ഷപെട്ടത്.

ജീപ്പ് സഡന്‍ ബ്രേക്ക്‌ ഇട്ടു നിര്‍ത്തുന്ന ശബ്ദം ഞാന്‍ കേട്ടു. കുളിര്‍മയുടെ മുന്‍പില്‍ നിന്ന എല്ലാവരും ഓടി വന്നു, ഞങ്ങളെ പിടിച്ച് എഴുനെല്‍പ്പിച്ചു. സത്യം പറഞ്ഞാല്‍ ആ സമയത്ത് ഞങ്ങള്‍ക്ക് എന്ത് പറ്റിയെന്നോ, വഴിയില്‍ കൂടി പോയ പെണ്‍കുട്ടികള്‍ എന്ത് വിചാരിചിരിക്കുമെന്നോ എന്നൊന്നുമല്ല എന്‍റെ മനസ്സില്‍ തോന്നിയത്‌. വണ്ടിക്കു എന്ത് പറ്റിക്കാനും?, അതായിരുന്നു എന്‍റെ ചിന്ത. കാരണം ഒരു അപകടം ഉണ്ടായി എന്നു പറഞ്ഞാല്‍ പിന്നെ വീട്ടില്‍ നിന്നും വണ്ടി എനിക്ക് തരുക എന്നത് നടക്കുന്ന കാര്യമല്ല, പ്രത്യേകിച്ച് വണ്ടിക്കു എന്തെങ്കിലും ഡാമേജ് ഉണ്ടായാല്‍.

ആ ജീപ്പുകാരന്‍ വണ്ടി തിരിചിട്ടിട്ടു ഇറങ്ങി വന്നു. ആരൊക്കെയോ ചേര്‍ന്ന് ഞങ്ങളെ പിടിച്ച് അതിനുള്ളില്‍ കയറ്റി. ആരൊക്കെയായിരുന്നു അത് എന്നു എനിക്ക് ഓര്‍മ്മയില്ല, എല്ലാം ഒരു സ്വപ്നം പോലേ ആയിരുന്നു, ഒരു മരവിപ്പ്.

'നിനക്ക് എന്തേലും പറ്റിയോടാ?' ആരോ ചോദിച്ചു. അപ്പോഴാണ്‌ ഞാന്‍ എന്‍റെ കയ്യും കാലും ഒക്കെ നോക്കുന്നത്. വീണപ്പോള്‍ കൈ കുത്തിയതുകൊണ്ട് കയ്യില്‍ കുറച്ചു തോല് പോയിരുന്നു, കാല്‍മുട്ടിന്റെ ഭാഗത്ത് ജീന്‍സ്‌ മുഴുവന്‍ തേഞ്ഞു കീറിപ്പോയിരിക്കുന്നു. നല്ല കട്ടിയുള്ള ജീന്‍സ്‌ ആയിരുന്നത് കൊണ്ട് കാലിന്റെ തോല് പോകാതെ രക്ഷപെട്ടു . (ആ കീറല്‍ ഉള്ള ജീന്‍സ്‌ പിന്നെ ശകലം കൂടെ കീറി സ്റ്റൈല്‍ ആക്കി കുറേ കാലം ഞാന്‍ ഇട്ടോണ്ട് നടന്നു എന്നത് വേറെ കാര്യം).

ശ്രീജിത്തിനെ നോക്കി, കാല്‍ മുട്ടുകളിലും കൈയിലും കൈപ്പത്തിയിലും ഒക്കെ ആയി കുറ തോല് പോയി ചോരവരുന്നുണ്ടായിരുന്നു. അനീഷിനായിരുന്നു കൂടുതല്‍ പരുക്ക്‌. അവന്‍ നെറ്റിയിടിച്ചാണ് വീണത്‌. മുഖത്ത് കുറച്ചു മുറിവുകള്‍, കയ്യിലും കാലിലും വേറെ കുറേ പരിക്കുകള്‍. അവന്റെ ബോധം പോയിരുന്നു. അത് കണ്ടു ഞങ്ങള്‍ എല്ലാവരും പേടിച്ചു. വേഗം തന്നെ വണ്ടി അടുത്തുള്ള ഒരു ക്ലിനിക്കിലേക്ക് വിട്ടു. ആരോ ഒരാള്‍ എന്‍റെ വണ്ടിയും എടുത്ത് പിറകെ വരുന്നുണ്ടായിരുന്നു.

പോകുന്ന വഴി അനീഷിനു ബോധം വന്നു, പക്ഷേ അവന്‍ എന്തൊക്കെയോ പിച്ചും പേയും പറയുന്നുണ്ടായിരുന്നു, അവനും വല്ലാതെ പേടിച്ചു പോയി. ക്ലിനിക്കില്‍ ചെന്നു എല്ലാവരുടെയും മുറിവുകള്‍ ഡ്രസ്സ്‌ ചെയ്തു, ഭാഗ്യത്തിന് ആര്‍ക്കും വല്യ പരിക്കുകളോ ഒടിവുകളോ ഒന്നും തന്നെ ഇല്ലായിരുന്നു.

അരമണിക്കൂറിനകം ആ ക്ലിനിക്‌ കോളേജ് പിള്ളേരെക്കൊണ്ട് നിറഞ്ഞു. കൂട്ടത്തിലുള്ള ആര്‍ക്കോ അപകടം എന്ന് കേട്ട് വന്നവരായിരുന്നു എല്ലാം. എന്ത് സഹായം വേണമെങ്കിലും ചെയ്യാന്‍ തയാറായി വന്നവര്‍, അതാണ്‌ കൂട്ടുകാര്‍, അതായിരിക്കണം കൂട്ടുകാര്‍! (ഈ ഡയലോഗ് ഞാനും എവിടെയോ കേട്ടിട്ടുണ്ട് :))

കുറച്ചു സമയം അവിടെ ഇരുന്നു വിശ്രമിച്ചു, അനീഷ്‌ നോര്‍മല്‍ ആയി. അവനെ വീട്ടില്‍ കൊട് വിടാന്‍ വേറെ ചിലര്‍ റെഡി ആയി നില്‍പ്പുണ്ടായിരുന്നു. ഞാന്‍ പുറത്തിറങ്ങി എന്‍റെ വണ്ടി പരിശോധിച്ചു. ഇന്ടിക്കേട്ടരിനു ഒരു പൊട്ടല്‍, ഹാണ്ടിലില്‍ കുറച്ചു പോറലുകള്‍ അങ്ങനെ ചെറിയ കുഴപ്പങ്ങള്‍ മാത്രം. ഒറ്റ നോട്ടത്തില്‍ അതൊന്നും തിരിച്ചറിയില്ല. ഞാന്‍ തന്നെ വണ്ടി എടുത്തു, എല്ലാരോടും താങ്ക്സ് ഒക്കെ പറഞ്ഞു, ശ്രീജിത്തിനെയും കൂട്ടി വീട്ടിലേക്കു വിട്ടു. എന്നിട്ട് ആരെയും അറിയിക്കാതെ പതുക്കെ വണ്ടി ഷെഡില്‍ കയറ്റി വച്ച് വീട്ടില്‍ കയറി.

ഇനിയാണ് കഥയുടെ ക്ലൈമാക്സ്‌. പിറ്റേന്ന് ക്ലാസില്‍ ഞാനും അനീഷും ചെന്നു കയറി. സംഭവം കോളേജിലെ മിക്കവരും അറിഞ്ഞിരുന്നു. എല്ലാവരുടെയും വിചാരം ഞങ്ങള്‍ വെള്ളമടിച്ചു കിറുങ്ങി വണ്ടിയോടിച്ചു എന്നാണ്, പ്രത്യേകിച്ചും ആര്‍ട്സ് ക്ലബ്‌ ഡേ യും. സത്യം പറഞ്ഞിട്ടും ഒരുത്തനും വിശ്വസിക്കുന്നില്ല. 'എനിക്കൊരുതന്റെയും സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണ്ട' എന്നതാണ് പണ്ടേ എന്‍റെ നയം, അതുകൊണ്ട് ഞാന്‍ അധികം മൈന്‍ഡ് ചെയ്തുമില്ല. പാവം അനീഷ്‌ ആയിരുന്നു സഹതാപ പാത്രം. അവനായിരുന്നു മുഖത്തും കൈയ്യിലും ബാന്ടെജ് ഒക്കെ. വണ്ടി എന്റെതായിരുന്നത് കൊണ്ടു പലരും വിചാരിച്ചത് ഞാന്‍ അവനെ കൊണ്ടു ഉരുട്ടി ഇട്ടു എന്നാണ്. എന്‍റെ ഒള്ള ഇമേജ് (എന്തെങ്കിലും ഉണ്ടായിരുന്നകില്‍) കൂടി പോയന്നു പറഞ്ഞാല്‍ മതിയല്ലോ.

മാത്ത്സ് കംബൈന്‍ഡ് ക്ലാസ്സില്‍ ഇരിക്കുന്ന ഞങ്ങളുടെ മുന്‍പിലേക്ക് ഫ്രാന്‍സിസ് സര്‍ കയറി വന്നു. ഞങ്ങളെ പരിക്കുകള്‍ കണ്ട സര്‍ സങ്കടത്തോടെ ചോദിച്ചു, 'അനീഷേ, രാകേഷേ. നിങ്ങള്‍ എന്തിനാ ഇന്ന് വന്നത്?. ക്ലാസ്സില്‍ ഇരിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടങ്കില്‍ വീട്ടില്‍ പോയി റസ്റ്റ്‌ എടുക്കാന്‍ മേലായിരുന്നോ? അല്ല, എന്താ പറ്റിയത്‌?'

ആഹാ, ഹാജര്‍ കളയാതെ വീട്ടില്‍ പോകാന്‍ ഒരു ചാന്‍സ് കിട്ടിയ സന്തോഷത്തില്‍ ശകലം വേദന ഒക്കെ അഭിനയിച്ചു ഞാന്‍ പറഞ്ഞു, 'അത് സര്‍, ഇന്നലെ കോളേജില്‍ നിന്നും പോകുന്ന വഴിക്ക്‌ വണ്ടിയില്‍ നിന്നും വീണതാ. പ്ലസ്‌ ടു വിനു മുന്‍പിലുള്ള വളവില്‍ വച്ച്..'

ബാക്കി ഞാന്‍ പറയുന്നതിന് മുന്‍പ്‌ സര്‍ ഇടയ്ക്കു കയറി 'ഓ, ഇന്നലെ ആര്‍ട്സ്‌ ക്ലബ്‌ ഇനാഗുറേഷന്‍ ആയിരുന്നല്ലോ അല്ലേ?'.

അതായത് ആര്‍ട്സ്‌ ഡേക്കു വെള്ളമടിച്ചു കിറുങ്ങി വണ്ടി ഓടിച്ച നിനക്കൊക്കെ ഇത് വന്നില്ലങ്കിലെ അത്ഭുതമുള്ളു എന്ന ഒരു ഭാവം!

'കിഹി.. കിഹി..' പെന്പില്ലേരുടെ അടക്കിപ്പിടിച്ച ചിരികള്‍ ഞങ്ങള്‍ കേട്ടു. പിന്നെ ഞങ്ങടെ പരിക്കുകള്‍ മൈന്‍ഡ് ചെയ്യാതെ സര്‍ ക്ലാസ്‌ തുടര്‍ന്നു! ഞങ്ങള്‍ ആരായി? ശശികള്‍!

അതില്‍ പിന്നെ കോളേജില്‍ എന്ത് പരിപാടി നടന്നാലും വെള്ളമടിക്കാതിരിക്കാതിരിക്കാന്‍ (മനസ്സിലായല്ലോ അല്ലേ?) ഞാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ടായിരുന്നു. ഏതായാലും എനിക്കൊരു നല്ല പേര് കിട്ടി, അത് കളയുന്നത് ശെരിയാണോ?

ഈ സംഭവത്തിനു ശേഷം ശ്രീജിത്തിന്റെ അച്ഛനെ പേടിച്ചു കുറേക്കാലം ഞാന്‍ പുള്ളിയുടെ വീട്ടിലോട്ടു പോയില്ല, 'നീയല്ലേടാ വെള്ളമടിച്ചു എന്‍റെ മകനെ കൊണ്ടു ഉരുട്ടിയിട്ടത് എന്നെങ്ങാനും കക്ഷി ചോദിച്ചാല്‍ ഞാന്‍ എന്ത് ചെയ്യും?.

Tuesday, September 15, 2009

അങ്ങനെ ഞാന്‍ ഒരിക്കല്‍ കമ്യൂണിസ്റ്റ്‌ ആയി!

എസ്. എസ്. എല്‍. സി. പരീക്ഷ എന്ന കഠിനമായ കടമ്പ കഴിഞ്ഞ് പ്രീ ഡിഗ്രി ചെയ്യാന്‍ ഉഴവൂര്‍ സെന്‍റ്. സ്ടീഫെന്‍സ് കോളേജ് തിരഞ്ഞെടുത്തതിനു കാരണം കോളേജ് വീടിനോട് അടുത്ത്‌ ആയതു കൊണ്ടോ ആ പ്രദേശത്തെ ഏറ്റവും നല്ല കോളേജ് അതായത് കൊണ്ടോ ഒന്നുമല്ല. ഏറ്റവും അടുത്ത് കിടക്കുന്ന 'മിക്സഡ്‌' കോളേജ് സെന്‍റ്. സ്ടീഫെന്‍സ് ആയിരുന്നു! മൂന്നു വര്‍ഷം സെന്‍റ്. അഗസ്ടിന്‍സ് 'ബോയ്സ്' ഹൈ സ്കൂളില്‍ പഠിച്ചതിന്റെ ക്ഷീണം തീരണമെങ്കില്‍ സെന്‍റ്. സ്ടീഫെന്‍സ് തന്നെ തരഞ്ഞെടുത്തെ മതിയാകൂ!


അങ്ങനെ വളരെയധികം സ്വപ്നങ്ങളും പ്രതീക്ഷകളും ഒക്കെയായി ഞാന്‍ സെന്‍റ്. സ്ടീഫെന്‍സ് എന്ന കലാലയത്തില്‍ കാലു കുത്തി. നന്നായി പഠിച്ച മാര്‍ക്ക് വാങ്ങാം, അധ്യാപകരുടെ കണ്ണിലുണ്ണി ആകാം, എന്നും ക്ലാസ്സില്‍ കയറി നോട്ടുകള്‍ എഴുതണം, അസ്സൈന്മെന്റുകള്‍ കൃത്യ സമയത്ത് വയ്ക്കണം എന്നിങ്ങനെയുള്ള അതിമോഹം ഒന്നും ഒരിക്കലും എനിക്കുണ്ടായിരുന്നില്ല. ഒരു പാവം പയ്യന്‍ ആയി, എല്ലാ ദിവസവും മുടങ്ങാതെ ഹോസ്റ്റലില്‍ നിന്നും വരുന്ന (പെണ്‍)പിള്ളേരുടെ ഹാജര്‍ ഒക്കെ എടുത്ത്, അടുത്തുള്ള പൂവത്തിങ്കലെയും ചെത്തിമറ്റത്തെയും ജീവനക്കാരുടെ (തെങ്ങ്, പന മുതലായ വൃക്ഷങ്ങളില്‍ നിന്നും ശീതള പാനീയം തയ്യാറാക്കുന്നവര്‍) സുഖവിവരങ്ങള്‍ അന്വേഷിച്ചും, അപ്പാപ്പന്‍സിലെ (ലേഡീസ് ഹോസ്റെലിനു മുന്‍പിലെ ചായക്കട) ചായയുടെയും പറോട്ടയുടെയും രുചി ഇടയ്ക്കിടെ ടെസ്റ്റ്‌ ചെയ്തും ഒക്കെ ഞാന്‍ കഴിഞ്ഞ് കൂടി.


ഒന്നാം ഗ്രൂപ്പ്‌ (കണക്ക്‌) എടുത്തത്‌ എന്തിനാണന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. പക്ഷെ രണ്ടാം ഗ്രൂപ്പ്‌ (ബയോളജി) എടുക്കാമായിരുന്നു എന്ന് പിന്നീട് പലപ്പഴും തോന്നിയിട്ടുണ്ട്.


അത് ബയോളജിയോടുള്ള ഇഷ്ടം കൊണ്ടാണോ? അല്ല.


കണക്കു പഠിപ്പിക്കാന്‍ വന്നിരുന്ന ജോസഫ്‌ സാറിനോടുള്ള 'ഇഷ്ട'ക്കൂടുതല്‍ കൊണ്ടാണോ? അല്ല?


ബയോളജി ക്ലാസ്സില്‍ ഏതെങ്കിലും ആത്മ മിത്രങ്ങള്‍ ഉള്ളത് കൊണ്ടാണോ? അതുമല്ല!


പിന്നെയോ?


ആ ക്ലാസ്സുകളില്‍ ഉള്ള ആദം ടു ഹവ്വ റേഷ്യോ തന്നെ!


ബയോലജിക്ക് നാല് ബാച്ചുകള്‍ ഉണ്ടായിരുന്നു. ഹോട്ടലില്‍ നിന്നും ചിക്കന്‍ കറി വാങ്ങിയാല്‍ അങ്ങിങ്ങായി ഒന്നോ രണ്ടോ ചിക്കന്‍ കഷണങ്ങള്‍ കണ്ടു പിടിക്കേണ്ടി വരുന്നത് പോലെ ആ ക്ലാസ്സുകളില്‍ കയറിയാല്‍ ഒരു ആണ്തരിയെ കാണാന്‍ മഷി ഇട്ടു നോക്കണം!


അതുകൊണ്ടെന്താ.. അവന്മാര്‍ക്ക് കോളേജില്‍ നല്ല ഡിമാണ്ട് ആയിരുന്നു. അവരുടെ സൌഹൃദം സമ്പാദിച്ചാല്‍ ആ ക്ലാസ്സില്‍ എപ്പോള്‍ വേണമെങ്കിലും കയറി ചെല്ലാമല്ലോ. ലവളുമാരെ ഒന്ന് 'ലൈന്‍' അടിക്കാന്‍ എളുപ്പവുമാകും!


അങ്ങനെ ഞങ്ങള്‍ ഫസ്റ്റ് ഗ്രൂപ്പുകാരുടെ ഒരു ചെറിയ സംഘം B3 (രണ്ടാം ഗ്രൂപ്പിലെ ഏറ്റവും മനോഹരമായ ബാച്ച്) ക്ലാസ്സിനു മുന്‍പില്‍ കുറ്റിയടിക്കുന്നത് പതിവാക്കി.


അഹങ്കാരം പറയുകയല്ല, പഠിപ്പിക്കുന്ന ഏതെങ്കിലും അധ്യാപകരുടെ പേര് പറയാമോ എന്ന് ചോദിച്ചാല്‍ ഞങ്ങള്‍ കൈ മലര്‍ത്തും, പക്ഷെ B3 യിലെ കുട്ടികളുടെ പേര്.. 'പേര് മാത്രം മതിയോ? അതോ ബാക്കി ബയോടെറ്റയും വേണോ?' എന്ന് ഞങ്ങള്‍ ചോദിക്കും! അതാണ്‌ ആത്മാര്‍ഥത, അര്‍പ്പണമനോഭാവം.


അങ്ങനിരിക്കെ ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചു. ആ ക്ലാസ്സിലെ ഒരു കുട്ടിക്ക്‌ എന്നോട്‌ എന്തോ ഒരു ഇത്.. എനിക്ക് ഇടയ്ക്കിടെ ലവള്‍ ലവടുടെ കടക്കണ്ണ് എറിഞ്ഞു തരുന്നില്ലേ എന്ന് ഒരു സംശയം. കൂടെയുള്ള എം. എല്‍. എ. അംഗങ്ങള്‍ (വല്യ പുള്ളികള്‍ ഒന്നുമല്ല, മൌത്‌ ലുക്കിംഗ് അസോസിയേഷന്‍ എന്നെ അര്‍ത്ഥമുള്ളു) എന്നെ സപ്പോര്‍ട്ട് ചെയ്തു. 'ലവള്‍ വലയില്‍ വീണെടാ, നീ ഭാഗ്യവാന്‍ തന്നെ'.


'ഹോ, എന്‍റെ ചൂണ്ട അടിപൊളിയാണല്ലോ!', ഞാനും കരുതി!


ചെയ്യുന്ന ജോലിയോട് കൂരുള്ളവനാണ് ഞാന്‍. എന്നും രാവിലെ ലവള്‍ വരുന്ന വഴിയില്‍, അപ്പാപ്പന്‍സിനും കോളേജിനും ഇടയിലുള്ള അരമതിലില്‍ ചാരി നില്‍ക്കുക എന്‍റെ പതിവായി. ലവള്‍ കൂട്ടുകാരികളുടെ കൂടെ കോളേജിലേക്ക് പോകുന്ന ആ നിമിഷം, അവള്‍ കണി കാണുന്നത് എന്നെ ആയിരിക്കണം, അങ്ങനെ ലവളുടെ ദിവസത്തെ ഐശ്വര്യ പൂര്‍ണമാക്കി കൊടുക്കണം എന്ന നല്ല ഉദ്ദേശത്തോടെ മാത്രം! (അങ്ങനെ എന്നെ കണി കണ്ട് ക്ലാസ്സില്‍ കയറിയ ആദ്യത്തെ ദിവസം തന്നെ ലവളെ റെക്കോര്‍ഡ്‌ ബുക്ക്‌ കമ്പ്ലീറ്റ്‌ ചെയ്യാത്തതിന് ഗെറ്റ് ഔട്ട്‌ അടിച്ച വിവരം കേട്ടതിനു ശേഷം ഞാന്‍ എന്‍റെ നില്‍പ്പിന്റെ സ്ഥാനം കുറച്ചു മാറ്റി. പഴയ സ്ഥലത്തിന്റെ ഐശ്വര്യക്കേട്, അല്ലാതെ എന്‍റെ കുഴപ്പമല്ല!).


മഴയായാലും വെയിലായാലും മുടങ്ങാതെ ലവള്‍ക്കു കണിയായി നിന്ന് കൊടുക്കുക എന്നത് എന്‍റെ ഭാരിച്ച ഉത്തരവാദിത്വമായി ഞാന്‍ ഏറ്റെടുത്തു, ലവളുടെ ഭാഗത്ത് നിന്നും അനുകൂലമായ സൂചനകള്‍ ഒന്നും കിട്ടിയില്ലങ്കിലും.


അങ്ങനെ ദിനങ്ങള്‍ കൊഴിഞ്ഞു കൊണ്ടിരുന്നു. ഒരു ദിവസം, ഒരു കാല്‍ അരമതിലിനു മുകളിലും ഒരു കാല്‍ മതിലിനോട് ചേര്‍ന്നുള്ള ഓടയുടെ സൈഡിലും വച്ച് ലവളെ ഞാന്‍ കാത്തു നില്‍ക്കുകയായിരുന്നു. ലവളുടെ മിഡിയുടെ നിറം അപ്പാപ്പന്സിനു മുന്‍പുള്ള വളവിന്റെ അവിടെ കണ്ടപ്പോള്‍ തന്നെ അവള്‍ക്കു കണി കൊടുക്കാന്‍ ഞാന്‍ ഒരുങ്ങി. കൂടെയുണ്ടായിരുന്ന സ്നേതിതനോട് അമേരിക്കയുടെ അമ്മാവന്‍കളിയെ പറ്റിയും കേന്ദ്ര സര്‍കാരിന്റെ വരാന്‍ പോകുന്ന ബജറ്റിനെപ്പറ്റിയും ശ്രീലങ്കയിലെ പുലികളേ പ്പറ്റിയും ഒക്കെ കൂലം കഷമായി ചര്‍ച്ച ചെയ്തുകൊണ്ട്, അവളെ ഞാന്‍ ശ്രധിക്കുന്നേയില്ലന്ന ഭാവത്തില്‍ ഞാന്‍ നിന്നു.


അപ്പോഴാണ്‌ ലവള്‍ എനിക്കൊരു ഇലക്ട്രിക്‌ ഷോക്ക്‌ തരുന്നത്. അവള്‍ അതാ വരുന്നു, വന്നു. എന്നെ നോക്കി പുഞ്ചിരിക്കുന്നു, കടന്നു പോകുന്നു. അതും ഒരു ഒന്നൊന്നര ചിരി. എന്നെ നോക്കി, പിന്നെ താഴോട്ടു നോക്കി, വീണ്ടും എന്നെ നോക്കി, വീണ്ടും താഴേക്കു നോക്കി.. നാണം നാണം.. നാറാനത്ത് ഭ്രാന്തന്‍ പാറ ഉരുട്ടി ചിരിച്ചതിനേക്കാള്‍ ഉച്ചത്തില്‍ അട്ടഹസിക്കാന് എനിക്ക് തോന്നി! അങ്ങനെ അവസാനം ഈ വേടന്റെ വലയില്‍ ലവള്‍ കുരുങ്ങിയല്ലോ!


"കണ്ടോടാ.. എന്‍റെ നില്‍പ്പിനു ഫലമുണ്ടായി, ലവള്‍ കൊളുത്തിയടാ" ഞാന്‍ ചാടിത്തുള്ളി.


"അവളുടെ കൂട്ടുകാരികളും ചിരിച്ചല്ലോടാ. അവരും നിന്റെ ചൂണ്ടയില്‍ കൊളുത്തിയോ?" സ്നേഹിതന്റെ ക്ലാരിഫിക്കേഷന്‍.


"ഞങ്ങടെ കാര്യം ലവള്‍ കൂട്ടുകാരികളോട് ഡിസ്കസ് ചെയ്തു കാണും, അതാ". എനിക്ക് തക്കതായ കാരണം ഉണ്ടായിരുന്നു.


അങ്ങനെ അവനു രണ്ടു കള്ളു കുപ്പിയും ഒരു പൊടിമീന്‍ ഫ്രൈ യും ഒക്കെ വാഗ്ദാനം ചെയ്തു നില്‍ക്കുമ്പോഴാണ് കോളേജിലെ എസ്. എഫ്‌. ഐ. നേതാവും പോയ വര്‍ഷത്തെ ചെയര്‍മാനും ആയ നേതാവും എന്റടുത്തു വന്നു ചോദിക്കുന്നത്, "നീ എസ്. എഫ്‌. ഐ. യില്‍ ചേര്‍ന്നോ? ഇന്നലെ ഞാന്‍ ചോദിച്ചപ്പം ചേരുന്നില്ല എന്നല്ലേ നീ പറഞ്ഞത്?"


എന്‍റെ ചേട്ടന്‍ മനിമലക്കുന്നു കോളേജിലെ എസ്. എഫ്‌. ഐ. യൂനിറ്റ് മെമ്പര്‍ ആയിരുന്നു. ചേട്ടനെ പരിചയമുണ്ടായിരുന്ന നേതാവ്‌ തലേന്ന് എന്നോട് പാര്‍ട്ടിയില്‍ ചേരാന്‍ ആവശ്യപ്പെട്ടപ്പോള്‍ 'തല്‍ക്കാലം രാഷ്ട്രീയം കളിക്കാന്‍ താല്പര്യമില്ല, ഒരു സ്വതന്ത്രന്‍ ആയി നിന്ന്‌ എല്ലാവരോടും സൌഹൃദം സ്ഥാപിക്കാനാണ് ഇഷ്ടം.' എന്നാണു ഞാന്‍ മറുപടി കൊടുത്തത്‌.


"അതിനു ഞാന്‍ പാര്‍ട്ടിയില്‍ ഇതുവരെ ചേര്‍ന്നില്ലല്ലോ." ഞാന്‍ മറുപടി കൊടുത്തു.


"അല്ല, ഫ്രെഞ്ചിയുടെ ഈ ചുമന്ന കൊടി ഒക്കെ കാണിച്ചോണ്ട് വന്നപ്പം ഞങ്ങടെ കൂടെ ചേര്‍ന്നന്നാ ഞാന്‍ കരുതിയത്‌."


'ഫ്രെഞ്ചിയുടെ കൊടിയോ?' ഒരു നിമിഷത്തേക്ക് എനിക്ക് ആകെ കണ്ഫ്യൂഷന്‍ ആയി. പതുക്കെ താഴേക്ക്‌ നോക്കിയ ഞാന്‍ ഞെട്ടി. കില്ലെറിന്റെ ജീന്‍സും ഒരു തട്ടുപൊളിപ്പന്‍ ടീ ഷര്‍ട്ടും ഇട്ടു, അത് ഇന്‍സെര്ട്ട് ചെയ്തു വന്ന ഞാന്‍ ജീന്‍സിന്റെ അടപ്പ് അടക്കാന്‍ വിട്ടു പോയി!


'ബോയിംഗ് ബോയിംഗ്' എന്ന സിനിമയില്‍ യോഗ ക്ലാസ്സ്‌ കേട്ട് മോഹന്‍ലാല്‍ കോഴിക്കാല്‍ വിടര്‍ത്തി വച്ചത് പോലെ കവച്ചു വച്ചുള്ള എന്‍റെ നില്‍പ്പ് കൂടി ആയപ്പോള്‍ എല്ലാം പൂര്‍ണ്ണം!ലവളും കൂട്ടുകാരികളും കടന്നു പോയതും, ലവളുടെ 'കടാക്ഷം' കൂടാതെ കൂട്ടുകാരികളും 'കടാക്ഷി'ച്ചതും എല്ലാം ഒരു രിവൈണ്ട് അടിച്ചത് പോലെ എന്‍റെ മനസ്സില്‍ കൂടി മിന്നിമാഞ്ഞു.


എന്‍റെ 'ഫ്രെഞ്ചി' കണി ലവളും കൂട്ടുകാരികളും മാത്രമല്ല, അത് വരെ അതിലെ കടന്നു പോയ എല്ലാ തരുണീമണികളും കണ്കുളിര്‍ക്കെ കണ്ടു മനം നിറഞ്ഞിട്ടുണ്ടാവണം.


അതിലെ പോയ ഒരു സാമദ്രോഹി പോലും എന്നെ ആ വിവരം അറിയിച്ചില്ല!


അങ്ങനെ എന്‍റെ കണികാണിക്കല്‍ മഹാമഹം അന്നത്തോടെ നിന്നു. പിന്നെ B3 ക്ക് മുന്‍പില്‍ പോയിട്ടില്ലേ എന്ന് ചോദിച്ചാല്‍ എനിക്കൊരു മറുപടിയെ ഉള്ളു. 'അണ്ണാന്‍ കുഞ്ഞു മരം കയറ്റം മറക്കുമോ?'


ഏതായാലും ഒരു കാര്യം ആലോചിക്കുമ്പോള്‍ എനിക്ക് സമാധാനം ഉണ്ട്. സ്വതന്ത്രന്മാരോടുള്ള ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു കൊണ്ട് അന്ന് കോളേജില്‍ പോകാന്‍ എനിക്ക് തോന്നിയില്ലല്ലോ!Saturday, August 29, 2009

വിശപ്പിന്‍റെ വിളി

ഞങ്ങടെ നാട്ടില്‍ ഒരു ചേട്ടന്‍ ഉണ്ടായിരുന്നു. പുള്ളി ഒരു ദിവസം ഉച്ച സമയത്ത്‌ അടുത്ത വീട്ടില്‍ എന്തോ ആവശ്യത്തിന് കയറി ചെന്നു. അപ്പോള്‍ അവിടുത്തെ ഗൃഹനാഥന്‍ ഭക്ഷണം കഴിക്കുകയായിരുന്നു. നിലത്തു ചമ്രം പടിഞ്ഞിരുന്നു, പ്ലാവില കൊണ്ട് കുമ്പിള്‍ ഉണ്ടാക്കി കഞ്ഞി കുടിക്കുന്നു, ചമ്മന്തിയും മെഴുക്കുപിരട്ടിയും ഒക്കെ ഉണ്ട്.

വീട്ടില്‍ കയറി വന്ന ആളെ കണ്ടിട്ട് ഗൃഹനാഥന്‍ ചോദിച്ചു, "എങ്ങനെയാ, ശകലം കഞ്ഞി കുടിക്കാന്‍ കൂടുന്നോ?'

കാര്യം വിശപ്പ്‌ ഉണ്ടങ്കിലും ഒരു ഫോര്മാലിട്ടിയുടെ പുറത്ത്‌ നമ്മുടെ ചേട്ടന്‍ പറഞ്ഞു "ഓ, വേണ്ട".

"ഹാ, അതെന്നാ പറച്ചിലാ. നല്ല ചൂട് കഞ്ഞിയും ചുട്ടരച്ച ചമ്മന്തിയും ഉണ്ടന്നേ. പിന്നെ ചേന മെഴുക്കുപിരട്ടിയും".

അതെല്ലാം കണ്ടപ്പോള്‍ ചേട്ടന് സഹിച്ചില്ല. എന്നാലും ചാടിക്കയറി വേണം എന്നു പറഞ്ഞാല്‍ മോശമല്ലേ. അതുകൊണ്ട് അഭിമാനത്തിന്‍റെ പുറത്തു ചേട്ടന്‍ പറഞ്ഞു, "വേണ്ട, ഞാന്‍ കഴിച്ചിട്ടാ വന്നത്".

ഗൃഹനാഥന്‍ ഒരിക്കല്‍ കൂടി കഞ്ഞി കുടിക്കാന്‍ പറയും, അപ്പോള്‍ "യേസ്" മൂളാം എന്നു ചേട്ടന്‍ കരുതി. നിര്‍ബന്ധിച്ചപ്പോള്‍ ഓക്കേ പറഞ്ഞതാനന്നു പുള്ളി കരുതിക്കൊളുമല്ലോ!

പക്ഷെ നമ്മുടെ ചേട്ടന്‍റെ പ്രതീക്ഷകള്‍ എല്ലാം തെറ്റിച്ചു കൊണ്ട് ഗൃഹനാഥന്‍ ചോദ്യം നിര്‍ത്തി. രണ്ടു തവണ ചോദിച്ചിട്ടും വേണ്ടന്നു പറഞ്ഞില്ലേ, അങ്ങനാണേല്‍ ഇവന്‍ കഴിക്കണ്ട എന്നു പുള്ളി കരുതിക്കാണും.

ഗൃഹനാഥന്‍ കഞ്ഞി കുടി തുടര്‍ന്നു. നോക്കിക്കൊണ്ടു നിന്ന ചേട്ടന് സഹിച്ചില്ല. ഇനി കഞ്ഞി വേണം എന്നു എങ്ങനെ പറയും? അവസാനം പുള്ളി ആ ഫേമസ് ഡയലോഗ് അടിച്ചു.

"ആഹാ, പച്ച പ്ലാവിലയില്‍ ആണോ കഞ്ഞി കുടിക്കുന്നത്? അത് ഞാന്‍ കണ്ടില്ലാരുന്നു. എന്നാ എനിക്കും കുറച്ച് എടുത്തേരേ!"

ഏതായാലും ഞങ്ങള്‍ക്ക് ഈ ഡയലോഗ് വളരെ ഉപകാരപ്രദമായി. ഏതെങ്കിലും വീട്ടില്‍ ചെന്നിട്ടു ഫുഡ്‌ വേണമെങ്കില്‍ ഇങ്ങനെ പറഞ്ഞാല്‍ മതി, "പച്ച പ്ലാവില ആണല്ലേ, ഞങ്ങളും കൂടാം".

ഇപ്പം ഈ സംഭവം ഇവിടെ കുറിക്കാന്‍ ഒരു കാരണം ഉണ്ട്. ഈ വാരാന്ത്യത്തില്‍ വീട്ടിലുന്നു പിറ്റ്സയും ചിക്കനും അടിച്ചപ്പോള്‍ ആണ് നാട്ടില്‍ കിട്ടുന്ന പുഴുക്കലരിയുടെ ചൂട് കഞ്ഞിയുടെയും ചുട്ടരച്ച ചമ്മന്തിയുടെം ഒക്കെ സ്വാദ് മനസ്സില്‍ കൂടി കടന്നു പോയതു. തറവാട്ടില്‍ ചെന്നാല്‍ മുത്തശ്ശി വിറകടുപ്പില്‍ വച്ച പൊടിയരിയുടെ നല്ല ചൂട് കഞ്ഞിവെള്ളം ഉപ്പിട്ട് തരും, അതിന്റെ ടേസ്റ്റ് ഒന്ന് വേറെ തന്നെയാ. 'മുറ്റത്തെ മുല്ലക്കു മണമില്ല' എന്നാണല്ലോ. നാട്ടില്‍ ഉള്ളപ്പോള്‍ ഇതിനൊന്നും ഒരു വിലയുമില്ലായിരുന്നു. ഇപ്പഴാണ് നല്ല ചക്കപ്പഴവും നാടന്‍ കപ്പപ്പുഴുക്കും വാഴച്ചുണ്ടു തോരനും കുമ്പളങ്ങാ മോളോഷ്യവും ചുട്ടരച്ച ചമ്മന്തിയും വെളിച്ചെണ്ണ ഒഴിച്ച ചക്കപ്പുഴുക്കും കാച്ചില്‍ വേവിച്ചതും ചേമ്പ് പുഴുങ്ങിയതും ഒക്കെ കഴിക്കാന്‍ തോന്നുന്നത്.

സ്വാമിയേ ശരണമയ്യപ്പാ


ആദ്യമായി ശബരിമലയില്‍ പോയത് എനിക്ക് ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല. ഞാന്‍ ചെറിയ കുട്ടി ആയിരിക്കുമ്പോള്‍ മറ്റോ ആണ് അച്ഛനും മുത്തശ്ശനും ഒക്കെ എന്നെയും കൂട്ടി പോയത്‌ എന്ന് വീട്ടില്‍ നിന്നും കേട്ടിട്ടുണ്ട്. കന്നി സ്വാമിയും ചിന്ന സ്വാമിയും ആയ എന്നെ മേയ്ക്കാന്‍ അന്ന് അവര്‍ കുറെ കഷ്ടപ്പെട്ടു. അന്ന് മല കയറി എന്ന് പറയാന്‍ എനിക്ക് പറ്റില്ല, കാരണം മുഴുവന്‍ സമയവും മുത്തശ്ശന്റെ തോളില്‍ ഇരുന്നു കൊണ്ടാണ് ഞാന്‍ അയ്യപ്പ സ്വാമിയുടെ അടുത്ത് ചെല്ലുന്നത്!
അതിനു ശേഷം ഞാന്‍ മല കയറിയത്‌ ഏഴിലോ എട്ടിലോ പഠിക്കുമ്പോള്‍ ആണ്. അന്നും ചിന്ന സ്വാമി തന്നെ. വൃശ്ചികം ഒന്നാം തീയതി മുതല്‍ നോമ്പ് തുടങ്ങും. മത്സ്യ മാംസാദികള്‍ പാടില്ല, കള്ളം പറയരുത്‌, ആരെയും തെറി വിളിക്കരുത്‌, കള്ളു കുടിക്കരുത് (അന്ന് പിന്നെ ഞാന്‍ കള്ളു കുടി തുടങ്ങിയിട്ടില്ലായിരുന്നു).. അങ്ങനെ മലക്ക് പോയി വരുന്ന വരെ എങ്കിലും നല്ല കുട്ടി ആയി നടക്കണം.
കൂടപ്പുലം ലക്ഷ്മണസ്വാമിയുടെ അമ്പലത്തില്‍ ഉള്ള അയ്യപ്പന്റെ മുന്‍പില്‍ പോയി പൂജിച്ച മാല ചാര്‍ത്തുന്നത്തോടെ നമ്മളും സ്വാമി ആയി മാറും. ആ സമയത്തായിരിക്കും ആരെങ്കിലും ഒക്കെ പാര്‍ട്ടി കൂടാന്‍ വിളിക്കുക, അല്ലങ്കില്‍ ആരെയെങ്കിലും നന്നായി തെറി വിളിക്കാന്‍ ഒരു അവസരം ഉണ്ടാക്കി തരിക, എന്ത് ചെയ്യാം, കണ്ട്രോള്‍ ചെയ്തു നില്‍ക്കുകയേ നിവൃത്തി ഉള്ളു.
ആദ്യത്തെയും രണ്ടാമത്തെയും മല യാത്രക്ക് ഒരു ഗ്യാപ്‌ വന്നങ്കിലും രണ്ടാമത് പോയതിനു ശേഷം എല്ലാ വര്‍ഷവും മുടങ്ങാതെ ഞാന്‍ അയ്യപ്പ സ്വാമിയേ കാണുവാന്‍ പോയിരുന്നു, യു. എസ്സില്‍ എത്തുന്നത് വരെ. പതിമൂന്നു പതിനാലു വര്‍ഷം ശരണം വിളിച്ചു മല കയറുക എന്നത് ഞാന്‍ മുടക്കിയില്ല. എത്ര തിരക്കാനങ്കിലും അവിടെ ചെന്ന് തൊഴുമ്പോള്‍ മനസ്സില്‍ ഉണ്ടാകുന്ന ഒരു സന്തോഷവും സമാധാനവും പറഞ്ഞറിയിക്കാന്‍ ആകുന്നതല്ല.
ഈ യാത്രകള്‍ക്ക് ഇടയില്‍ ഉണ്ടായിട്ടുള്ള സംഭവങ്ങള്‍ ഒന്നും മറക്കാന്‍ കഴിയുന്നില്ല. അതില്‍ ചിലതൊക്കെ കേള്‍ക്കുമ്പോള്‍ 'അതിനു നീയെന്താ ടൂറിനാണോ പോയത്‌?' എന്ന് ചോദിക്കരുത്‌!
മല യാത്രക്ക് പല തവണ കൂടെ ഉണ്ടായിരുന്നവരാണ് പുള്ളോലിലെ പ്രഭാതും പ്രതീഷും. പിന്നെ കിഴക്കേലെ ബിജുമോന്‍. ഞങ്ങള്‍ എല്ലാരും ഏകദേശം സമ പ്രായക്കാര്‍ ആയതു കൊണ്ട് മലക്ക് പോക്കും അതുപോലെ ആയിരുന്നു.
ഒരിക്കല്‍ വീടിനു അടുത്തുള്ള വെയിറ്റിംഗ് ഷെഡില്‍ വെടി പറഞ്ഞിരിക്കുമ്പോള്‍ ബിജുമോന്‍ ഒരു സംഭവം പറഞ്ഞു. ഒരു കക്ഷി പമ്പാ നദിയില്‍ കുളിക്കാന്‍ ഇറങ്ങി, തിരിച്ചു വന്നു ടി ഷര്‍ട്ട്‌ എടുത്തിട്ടപ്പോള്‍ തിരിഞ്ഞു പോയി, പോക്കറ്റ്‌ ഉള്ള ഭാഗം പുറകില്‍! കക്ഷി ഇത് അറിഞ്ഞില്ല. അയാള്‍ കുളി ഒക്കെ കഴിഞ്ഞു അടുത്ത കടയില്‍ ചായ കുടിക്കാന്‍ കയറി. കാശ് കൊടുക്കാന്‍ നേരത്ത് പോക്കറ്റ്‌ തപ്പിയ അയാള്‍ ഞെട്ടി, പണം മാത്രമല്ല പോക്കറ്റ്‌ കൂടി കാണാനില്ല! എന്ത് ചെയ്യണം എന്ന് അറിയാന്‍ മേലാതെ നിന്ന അയാളെ കണ്ടു ചിരിക്കാതിരിക്കാന്‍ പറ്റുമോ?
പ്രഭാതും പ്രതീഷും ഉള്ള ഒരു മല യാത്രയില്‍ ഈ സംഭവം ഞാന്‍ അവരോടു പറഞ്ഞു. എനിക്കും തമാശകള്‍ പറയാന്‍ അറിയാമെന്ന് അവര്‍ അറിഞ്ഞിരിക്കട്ടെ എന്ന് ഞാന്‍ കരുതി. സംഭവം മുഴുവന്‍ തീര്‍ന്നിട്ടും അവരുടെ മുഖത്ത് ഒരു ഭാവ വ്യത്യാസവുമില്ല. കുറച്ചു കഴിഞ്ഞു പ്രഭാത് ഒരു വളിച്ച ചിരിയോടെ എന്നോട് ചോദിച്ചു, 'ഇത് രാകേഷിനോട് ബിജു പറഞ്ഞതല്ലേ?'
'അതേ, നിങ്ങളോടും അവന്‍ ഇത് പറഞ്ഞിട്ടുണ്ടോ?'
'ഏയ്‌, അവനോടു ഞങ്ങളാ പറഞ്ഞത്!'
ഞാന്‍ പിന്നെ എന്ത് ചെയ്യാന്‍!
മറ്റൊരു പ്രാവശ്യം, പ്രഭാത്, പ്രതീഷ്‌, ബിജു, ബിജുവിന്റെ അനില്‍ കൊച്ചച്ചന്‍ എല്ലാരും കൂടി പോയ സമയം. മല കയറി തൊഴുതു കഴിഞ്ഞ ഞങ്ങള്‍ വൈകുന്നേരം അവിടുത്തെ കടകള്‍ക്ക് മുന്‍പിലൂടെ നടക്കുകയായിരുന്നു. എല്ലാ കടകള്‍ക്ക് മുന്‍പിലും കര്‍പ്പൂരം നിരത്തി വച്ചിരിക്കുന്നു. ദീപാരാധന കഴിഞ്ഞപ്പോള്‍ എല്ലാവരും കര്‍പ്പൂരം കത്തിച്ചു, വൈദ്യുത വിളക്കുകള്‍ എല്ലാം ഓഫ്‌ ചെയ്തിട്ടുണ്ടായിരുന്നു. സുന്ദരമായ ഒരു കാഴ്ച. അതിനു മുന്‍പ്‌ പല പ്രാവശ്യം പോയിട്ടുണ്ടാന്കിലും ഇങ്ങനെ ഒരു കാഴ്ച ഞങ്ങള്‍ കണ്ടിട്ടുണ്ടായിരുന്നില്ല.
പ്രഭാതിനോട് ഞാന്‍ പറഞ്ഞു 'ഇത് കൊള്ളാമല്ലോ, എന്താണോ എല്ലാരും ഒന്നിച്ചു കര്‍പ്പൂരം കത്തിക്കുന്നത്?'.
ഉടന്‍ അനില്‍ കൊച്ചച്ചന്‍ പറഞ്ഞു, 'ശേ, ഇതൊന്നും അറിയത്തില്ലേ? ഇപ്പം ശബരിമലയില്‍ ഇങ്ങനെയാ, എന്നും ഇതുപോലെ വിളക്കുകള്‍ കത്തിക്കും'
ഇത് കേട്ടപ്പോള്‍ അടുത്ത് നിന്ന കടയിലെ ഒരു ചേട്ടന്‍ പറഞ്ഞു. 'സ്വാമി, അതുകൊണ്ടല്ല, ഇന്ന് കാര്‍ത്തികയാ'.
അവിടുത്തെ കര്‍പ്പൂരങ്ങള്‍ കത്തി തീര്‍ന്നത് കൊണ്ട് അനില്‍ കൊച്ചച്ചന്റെ മുഖം വ്യക്തമായി കാണാന്‍ കഴിഞ്ഞില്ല!
അവിടുത്തെ അനൌണ്‍സ്മെന്‍റ് ബോക്സിനു അടുത്ത്‌ എത്തിയപ്പോള്‍ പ്രതീഷ്‌ ചോദിച്ചു, 'ഇവിടെ നിന്നും കുറേ കുഴലുകള്‍ പോകുന്നുണ്ടല്ലോ, അത് എന്തിനുള്ളതായിരിക്കും?'
ഞങ്ങള്‍ എന്തെങ്കിലും പറയുന്നതിന് മുന്‍പേ അനില്‍ കൊച്ചച്ചന്‍ വീണ്ടും ഇടപെട്ടു. 'ഇതൊന്നും അറിയില്ല അല്ലേ?, ശബരിമലയിലേക്കുള്ള കറന്റ്‌ മുഴുവന്‍ കൊണ്ട് പോകുന്നത് ഇവിടെ നിന്നാ!'
ഞങ്ങള്‍ ഒന്നും മിണ്ടിയില്ല. അനൌണ്‍സ്മെന്‍റ് ബോക്സില്‍ നിന്നും പോയിരുന്ന ആ കുഴല്കള്‍ വഹിച്ചിരുന്നത് ബാക്കിയുള്ള സ്പീക്കേര്‍സ് ലേക്ക് പോകുന്ന വയറുകള്‍ ആയിരുന്നു എന്ന് പറഞ്ഞാല്‍ പാവം അനില്‍ കൊച്ചച്ചന് എന്തെങ്കിലും തോന്നിയാലോ!
ശബരിമലയില്‍ രാത്രി വിരി വക്കാന്‍ (കിടക്കാനുള്ള സ്ഥലം) ഇടം കണ്ടെത്തുക എന്നത് ശ്രമകരമായ ഒരു പരിപാടിയാണ്. ഈ തിരക്കിനിടയില്‍ നല്ല ഒരു സ്ഥലം എവിടെ കിട്ടാന്‍? അതുകൊണ്ട് പോകുന്നതിനു മുന്‍പ്‌ അമ്മ ബി. എസ്. എന്‍. എല്‍. ഗസ്റ്റ് ഹൌസില്‍ വിളിച്ച അവിടെ സ്ഥലം പറഞ്ഞു വയ്ക്കുമായിരുന്നു, ഫ്രീ ആയി, അമ്മക്ക് ബി. എസ്. എന്‍. എല്ലില്‍ ജോലി ഉള്ളത് കൊണ്ട് അങ്ങനെയും ചില ഗുണങ്ങള്‍. ഒരു തവണ കൂടെ വന്ന എല്ലാവരെയും വിളിച്ചു ഗസ്റ്റ് ഹൌസില്‍ ചെന്നു. പ്രതീഷും ഞാനും കൂടി അവിടുത്തെ ആളുടെ അടുത്ത്‌ ചെന്നപ്പോള്‍ കക്ഷി പറഞ്ഞു, 'ഹാള്‍ ഉപയോഗിക്കാം, പക്ഷെ സര്‍വീസ് ചാര്‍ജ് ഇരുനൂറ്റി അമ്പതു രൂപ തരണം. ഇതൊക്കെ ക്ലീന്‍ ചെയ്യിക്കാന്‍ ചിലവുള്ളതാ'. ഞാന്‍ ഒന്ന് ഞെട്ടി. അന്ന് ഞാന്‍ പഠിക്കുന്ന സമയമാ, വേറെ വരുമാനം ഒന്നും ഇല്ലാത്ത എനിക്ക് അത് വലിയ തുക തന്നെ. എല്ലാരെയും വിളിച്ചു ചെന്നതല്ലേ, തിരിച്ചു പോരാന്‍ പറ്റുമോ?'. പിന്നെ കാശ് കൊടുത്തു.
കൊടുത്ത കാശിനു മുതല്‍ ആയിരുന്നു ആ സ്ഥലം. നല്ല വൃത്തിയുണ്ട്, ഫാന്‍ ഉണ്ട്. പിന്നെ ബാത്‌ റൂമും കൊള്ളാം. രാത്രി കിടക്കുന്നതിനു മുന്‍പ്‌ കൂടെ വന്ന ഒരു ചേട്ടന്റെ വക ഡയലോഗ് 'ഫ്രീ ആയി ഇങ്ങനത്തെ സൌകര്യങ്ങള്‍ കിട്ടുക എന്ന് പറയുന്നത് ഒരു നല്ല കാര്യമാ കേട്ടോ'. ഇത് കേട്ടതും പ്രതീഷ്‌ എന്നെ ഒരു നോട്ടം, എന്‍റെ ചങ്കിലല്ലേ കക്ഷി കുത്തിയത്‌!
പോകുന്ന വഴിയില്‍ നിറയെ കടകള്‍ കാണാം, അവിടെ നിന്നും നല്ല ചൂട് കഞ്ഞിയും കപ്പയും പയറും കിട്ടും. വിശന്നിരിക്കുമ്പോള്‍ അത് കഴിക്കുമ്പോള്‍ ഉള്ള ഒരു രുചി.. ആഹാ.. അതുപോലെ മല കയറുമ്പോള്‍ വഴിയോരത്ത് പൈന്‍ ആപ്പിള്‍ കട്ട്‌ ചെയ്തു വച്ചിട്ടുണ്ടായിരിക്കും. ഒരു പീസിനു രണ്ടു രൂപ മാത്രം. അതില്‍ രണ്ടു കഷണം കഴിച്ചാല്‍ മല കയറാന്‍ കുറച്ചു കൂടി എനര്‍ജി കിട്ടും!
മല കയറുന്നതിനു മുന്‍പ്‌ പമ്പാ നദിയില്‍ മുങ്ങി കുളിക്കുക എന്ന് പറയുന്നത് ഒരു സുഖമാണ്. നല്ല ഒന്നാന്തരം തനുപ്പാനങ്കിലും. അതുപോലെ സന്നിധാനത്ത് ചെന്നു കഴിഞ്ഞ് രാത്രിയിലോ അതിരാവിലെയോ ഉരക്കുഴിയില്‍ പോയി കുളിക്കണം. ശരീരം മാത്രമല്ല മനസ്സും ശുദ്ധമാകും. തിരിച്ചു വീട്ടിലേക്കു പോകുമ്പോള്‍ മണിമലയാറ്റില്‍ വിസ്തരിച്ചു ഒരു കുളി കൂടി ഉണ്ട്, അതും ഞങ്ങള്‍ മിസ്സ്‌ ആക്കാറില്ല.
കഴിഞ്ഞ രണ്ടു വര്‍ഷമായി ശബരിമല യാത്ര മുടങ്ങി, യു. എസ്സില്‍ ആയതു കൊണ്ട്. പതിനെട്ടാം പടി കയറാനുള്ള നീണ്ട ക്യൂവും, അപ്പം, അരവണ വാങ്ങാനുള്ള കാത്തുനില്‍പ്പും, പടചോരും ശര്‍ക്കര പായസവും വാങ്ങി മോരും അച്ചാറും കൂട്ടി കഴിക്കാരുള്ളതും കൂടെ വരുന്ന രവിച്ചേട്ടന്‍ കൊണ്ടു വരുന്ന ഇഡ്ഡലിയും ചമ്മന്തിയും വൈകുന്നേരത്തെ സന്നിധാനത്ത്‌ ഉള്ള കറങ്ങി നടപ്പിനിടയില്‍ കഴിക്കുന്ന എ. വി. റ്റി. ചായയും അപ്പാച്ചിമേട്ടിലെ ഉണ്ട ഏറും എരുമേലിയിലെ പേട്ടതുള്ളല്‍ കാണലും മാളികപ്പുറത്തെ തേങ്ങ ഉരുട്ടലും ഏറ്റവും വലുതായി അയ്യപ്പ സ്വാമിയേ കണ്കുളിര്‍ക്കെ കാണുന്നതും എല്ലാം മിസ്സ്‌ ആകുന്നു.
ഇതുവരെ ശബരിമലക്ക്‌ പോയപ്പോള്‍ ഒക്കെ കെട്ട് നിറച്ചു തന്നത് മുത്തശ്ശന്‍ ആണ്. മുത്തശ്ശന്‍ എത്ര തവണ ശബരിമലക്ക്‌ പോയിട്ടുണ്ടന്നു മുത്തശ്ശന് തന്നെ അറിയില്ല. പ്രഷര്‍ ന്റെ അസുഖം ഉണ്ടായിരുന്നിട്ടു കൂടി മുത്തശ്ശന്‍ മല കയറുമായിരുന്നു, ഒരു ഡോളിയുടെയും സഹായം കൂടാതെ. ഒരു ചെറിയ വടി മാത്രം കയ്യില്‍ പിടിച്ചു കൊണ്ട്. പക്ഷെ അയ്യപ്പസ്വാമിയെ ഏറ്റവും അടുത്ത് കാണാനായി കഴിഞ്ഞ വര്‍ഷം മുത്തശ്ശന്‍ അയ്യപ്പസ്വാമിയുടെ അടുത്തേക്ക്‌ തന്നെ പോയി, ചിലപ്പോള്‍ അയ്യപ്പസ്വാമിക്ക്‌ ഇഷ്ടം കൂടിയിച്ച് വിളിച്ചതായിരിക്കും. എന്തായാലും ഇനി എനിക്ക് ആര് കെട്ട് നിറച്ചു തരും എന്ന് പോലും ഓര്‍ക്കാതെ മുത്തശ്ശന്‍, എന്‍റെ മറ്റേച്ചന്‍ പോയി..

Saturday, July 11, 2009

'പാരകള്‍'

തേങ്ങാ പൊതിക്കുന്ന പാരയെ പറ്റി അല്ല ഞാന്‍ ഉദ്ദേശിച്ചത്‌. ജീവിതത്തില്‍ നമുക്കിടയില്‍ കാണപ്പെടുന്ന ചില ജീവനുള്ള പാരകളാണ് ഇവിടുത്തെ വിഷയം. പാരകളിലും പല ഇനങ്ങള്‍ ഉണ്ട്. കുഞ്ഞു കുഞ്ഞു കെണികള്‍ വയ്ക്കുന്ന നിര്‍ദോഷികളും നമ്മളെ അടിയേ മറിച്ചിടുന്ന 'കട്ടപ്പാര'കളും.

ജീവിതത്തില്‍ അബദ്ധങ്ങള്‍ പറ്റാത്തവരായി ആരും കാണില്ല. ഒരു ഏപ്രില്‍ ഫൂള്‍ ദിനത്തിലെങ്കിലും ഒന്നു പറ്റിക്കപ്പെടാത്തവര്‍ ചുരുക്കം. ഞാനും പലരെയും പട്ടിക്കുകയും പാര വക്കുകയും ചെയ്തിട്ടുണ്ട്, പലരും എന്നെയും കുടുക്കിയിട്ടുമുണ്ട്.

വിഡ്ഢി ദിനത്തിലെ ചില സംഭവങ്ങള്‍ ഓര്‍മയില്‍ വരുന്നു. പത്തു രൂപാ നോട്ടിന്റെ അറ്റത്തു നൂല്‍ കെട്ടി ഇടവഴില്‍ നോട്ട് ഇട്ടു, കുട്ടിചെടികള്‍ക്കിടയില്‍ മറഞ്ഞിരുന്നു കൂട്ടുകാരെ പറ്റിച്ചത്. നോട്ട് എടുക്കാന്‍ വരുന്നയാള്‍ കുനിയുമ്പോള്‍ ഞങ്ങള്‍ നൂലില്‍ പിടിച്ചു വലിക്കും. അപ്പോള്‍ അവരുടെ മുഖത്തെ ഭാവം ഒന്നു കാണേണ്ടത് തന്നെ.

വൈറ്റ് റം ആണന്നു പറഞ്ഞു പച്ചവെള്ളത്തില്‍ കരിക്കിന്‍ വെള്ളം ചേര്‍ത്ത് കൊടുത്തതും, അത് കുടിച്ച ജോബി അളിയന്‍ പൂസായത് കണ്ട് അവനാണോ ഞങ്ങളാണോ ഫൂള്‍ ആയതെന്നു അല്ഭുതപ്പെട്ട പ്രേമനേയും മറക്കാന്‍ പറ്റുമോ?

ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. സൈക്കിള്‍ നു കാറ്റടിക്കാന്‍ അടുത്ത വീട്ടില്‍ പമ്പ്‌ അന്വേഷിച്ചു ചെന്ന എന്നോട്‌ അവിടുത്തെ ചേട്ടന്‍ ചോദിച്ചു. "നീ സൈക്കിള്‍ വാങ്ങിയിത്റ്റ്‌ എത്ര കാലമായടാ?"

"ഒരു വര്‍ഷം കഴിഞ്ഞു"

"ഓ, നീ സൈക്കിള്‍ ന്റെ ട്യൂബ് ക്ലീന്‍ ചെയ്തോ?" ഒന്നും മനസ്സിലാകാത്തത് പോലെ ഞാന്‍ ചേട്ടനെ നോക്കി.

"അതായത്‌ കാറ്റടിക്കുന്നതിനു മുന്‍പ്‌ അതില്‍ ഉള്ള എയര്‍ മുഴുവന്‍ പുറത്തു കളയണം. ഇല്ലങ്കില്‍ അതില്‍ ഇരിക്കുന്ന കാറ്റ് വളിച്ചു പോകും. ട്യൂബ് കേടാകും" പാവം ഞാന്‍, പുള്ളി പറഞ്ഞത് അപ്പാടെ വിശ്വസിച്ചു. കാറ്റ് തുറന്നു വിട്ടപ്പോള്‍ പുള്ളി കിടന്നു ചിരി തുടങ്ങി. വീട്ടിലെ ചേച്ചി ഇറങ്ങി വന്നു. വിവരമറിഞ്ഞപ്പോള്‍ രണ്ടു പേരും ചേര്‍ന്നായി ചിരി. എന്നിട്ടും എനിക്ക് കാര്യം മനസ്സിലായില്ല.

വിഡ്ഢി ദിനത്തില്‍ അല്ലങ്കിലും ആരെയെങ്കിലും പറ്റിക്കാന്‍ അവസരം കിട്ടിയാല്‍ പാഴാക്കാന്‍ പറ്റുമോ? ഏതായാലും ഞാന്‍ അങ്ങനെയുള്ള അവസരങ്ങള്‍ കളയാറില്ലായിരുന്നു. ഡിഗ്രിക്കു പഠിക്കുന്ന സമയം. ഞാനും കേളുവെന്നു അറിയപ്പെട്ടിരുന്ന അനീഷും രാജിയും അന്ധന്‍ ജയിംസും (അവനു ആ പേര് എങ്ങനെ കിട്ടി എന്ന് പലരോടും ഞാന്‍ ചോദിച്ചിട്ടുണ്ട്, വ്യക്തമായ ഒരു ഉത്തരം ആരും പറഞ്ഞിട്ടില്ല. അവന്‍ ഉപയോഗിക്കുന്ന കണ്ണാടിയുടെ സ്റ്റൈല്‍ കൊണ്ടാണ് ആ പേര് വന്നെതെന്നാണ് അനുമാനം) മാത്യുവും ഒക്കെ ആയിരുന്നു കറക്കങ്ങള്‍ മുഴുവന്‍.

ദാഹിക്കുമ്പോള്‍ തൊണ്ട നനക്കാനും (രാഷ്ട്രപിതാവിന്റെ ആദര്‍ശങ്ങള്‍ പിന്തുടരുന്നവരായത് കൊണ്ട് പൂവത്തിങ്കലെ പന ജ്യൂസ്‌ ഉം ചെത്തിമറ്റത്തെ തേങ്ങാ നീരും ഒക്കെ തന്നെ) ഭാവിയില്‍ ദന്ത ഡോക്ടര്‍മാര്‍ ആകണമെന്ന ആഗ്രമുള്ളത് കൊണ്ട് ഒരു പ്രാക്ടീസ് കിട്ടാന്‍ വേണ്ടി ഹോസ്റ്റല്‍ നിന്നും ഇറങ്ങി വരുന്ന തരുണീ മണികളുടെ വായ്‌ സൌജന്യമായി നോക്കാനും, പൂര്‍ണമായും പരോപകാരം മാത്രം മനസ്സില്‍ കണ്ടു കൊണ്ട് ക്ലാസ്സ്‌ കട്ട്‌ ചെയ്യുന്ന പാവങ്ങള്‍ക്ക് വേണ്ടി പ്രോക്സി അടിക്കാനും, മരങ്ങള്‍ വെട്ടി നശിപ്പിച്ച് പേപ്പര്‍ ഉണ്ടാക്കുന്നതില്‍ മനം നൊന്ത് പ്രകൃതിയോടുള്ള ഞങ്ങളുടെ ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് നോട്ടുകള്‍ എഴുതാതിരിക്കുകയും ക്ലാസ്സുകള്‍ ബഹിഷ്കരിക്കുകയും ഒക്കെ ചെയ്ത് മറ്റുള്ളവര്‍ക്ക് മാതൃക കാണിച്ചിരുന്നത് ഞങ്ങള്‍ ഒക്കെ ചേര്‍ന്നായിരുന്നു.

ജൂനിയേര്‍സ്‌ ന്റെ ഇടയില്‍ കുറെ നല്ല സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. അതില്‍ പൂച്ചക്കണ്ണിയോട് (അവളുടെ കണ്ണുകളുടെ നിറത്തിന്റെ പ്രത്യേകത കൊണ്ട് ഞാന്‍ ആണ് അവളെ ആദ്യം അങ്ങനെ വിളിച്ചത്‌) കേളുവിനു ഒരു 'ഇത്'. കേട്ടതും അന്ധന്‍ ചൂടായി. "ഇപ്പം ഉള്ളത് പോരേടാ നിനക്ക്?, ബാക്കിയുള്ളവര്‍ക്ക്‌ ഇവിടെ ഒരു ലൈന്‍ പോലുമില്ല. അപ്പഴാ അവനു ഒരു ബാക്ക് അപ്പ്‌"

സംഭവം സത്യമാണ്, കേളുവിനു ഒരു ലൈന്‍ ഉണ്ട്. അഞ്ചെട്ടു വര്‍ഷമായി അവന്‍ തുടരുന്ന ചുറ്റിക്കളി. ഞങ്ങള്‍ കളിയാക്കാറുള്ളത് പോലെ നേഴ്സറിയില്‍ പഠിച്ചിരുന്ന ഒരു കൊച്ചിനെ മുട്ടായി കാണിച്ച് പ്രലോഭിപ്പിച്ച് വശത്താക്കിയ വീരന്‍.

രാജി ഉടന്‍ ഇടപെട്ടു. "നിനക്ക് അത്രയ്ക്ക് ബുദ്ധിമുട്ട് ആണങ്കില്‍ നീ പോയി അവളോട്‌ 'ഐ ലവ് യു' പറയടാ. അവള്‍ നിന്നെ പ്രേമിച്ചോളും." അന്ധന്‍ അടങ്ങി. അവന്‌ ഈ ആവേശമേ ഉള്ളു. 'അണ്ടിയോട്‌ അടുക്കുമ്പോള്‍ അറിയാം മാങ്ങയുടെ പുളി' എന്ന് പറയുന്നതുപോലെ ആണ് അവന്‍റെ കാര്യം.

കേളുവിനു വേണ്ടി ദൂത് കൈമാറാന്‍ ഞാന്‍ തയാറായിരുന്നു. ഞാന്‍ പറഞ്ഞു "എടാ, നീ എനിക്ക് രണ്ടു കുപ്പി വാങ്ങി തന്നാല്‍ മതി. സംഭവം അവളുടെ മുന്‍പില്‍ അവതരിപ്പിക്കുന്ന കാര്യം ഞാന്‍ ഏറ്റു".

"കോപ്പേ.. നീ ചളമാക്കരുത്. ഒരു ദൂതും കൈമാറണ്ട. ഇതെങ്ങാനും എന്റെ പെണ്ണ് അറിഞാല്‍ എന്റെ ജീവിതം കോഞ്ഞാട്ട ആകും"

"നീ അങ്ങനെ പറയല്ലടാ, ഒരു ആത്മാര്‍ത്ഥ സുഹൃത്തിന്റെ വികാരങ്ങള്‍ മനസ്സിലാകി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലന്കില്‍ ഞങ്ങള്‍ നിന്റെ കൂട്ടുകാര്‍ ആണ് എന്ന് പറയാന്‍ ഞങ്ങള്‍ക്ക് തന്നെ വിഷമമാകില്ലേ അളിയാ?"

ബാക്കി ഉള്ളവരുടെ പ്രോത്സാഹനങ്ങളില്‍ ആവേശം മൂത്ത് ഞാന്‍ ജൂനിയര്‍ പിള്ളേരുടെ ക്ലാസ്സിലേക്ക്‌ നടക്കുമ്പോഴും അവളോട്‌ എന്ത് പറയണം എന്ന് ഒരു ഐഡിയയും ഇല്ലായിരുന്നു. ലഞ്ച് ടൈമില്‍ അവരുടെ ക്ലാസ്സില്‍ ചെന്നപ്പോള്‍ അവള്‍ ഫ്രണ്ട്സ് ന്റെ കൂടെ സൊറ പറഞ്ഞു ഇരിക്കുന്നു. ഞാന്‍ അവരുടെ അടുത്തേക്ക് ചെന്നു. പല ക്ലാസ്സുകളില്‍ കൂടിയും തെണ്ടിത്തിരിഞ്ഞു നടക്കുക എന്റെ സ്വഭാവം ആയതു കൊണ്ട് മറ്റാരും എന്നെ ശ്രദ്ധിച്ചതുമില്ല.

ഒരു പുഞ്ചിരി പാസാക്കി ഞാന്‍ കുശലാന്വേഷണങ്ങള്‍ നടത്തി. പതുക്കെ തിരിഞ്ഞു നോക്കിയപ്പോള്‍ വാതിലിനു വെളിയില്‍ രാജിയും അന്ധനും കേളുവും നില്‍പ്പുണ്ട്. കേളുവിന്റെ മുഖത്ത് ടെന്‍ഷന്‍, അവന്‍ രാജിയോട് എന്തൊക്കെയോ പറയുന്നുണ്ട്, എന്നെ 'സ്തുതി'ക്കുകയായിരിക്കും എന്ന കാര്യം എനിക്കുറപ്പായിരുന്നു.

"സെക്രട്ടറിയും പരിവാരങ്ങളും പുറത്തു നില്‍പ്പുണ്ടല്ലോ" പൂച്ചക്കണ്ണി അവരെ നോക്കി പറഞ്ഞു. ഞങ്ങളുടെ അസ്സോസ്സിയേഷന്റെ സെക്രട്ടറി ആയിരുന്നു കേളു. ജൂനിയേര്‍സ്‌ അവനെ അങ്ങനെയായിരുന്നു വിളിച്ചിരുന്നത്. അപ്പഴാണ് എനിക്ക് ഒരു ഐഡിയ കിട്ടിയത്‌.

ഞാന്‍ പൂച്ചക്കണ്ണിയെ നോക്കി ചോദിച്ചു. "അടുത്ത ദിവസം നമ്മുടെ അസ്സോസ്സിയേഷന്റെ ഒരു പ്രോഗ്രാം ഉണ്ട്. ഡിഗ്രി യിലെയും പിജിയിലെയും എല്ലാവരും ചേര്‍ന്നുള്ള ഒരു ഹാഫ് ഡേ പരിപാടി. നിന്റെ വക ഒരു പാട്ട് വേണം, അത് പറയാനാ ഞാന്‍ വന്നത്"

അവള്‍ ആദ്യം സമ്മതിച്ചില്ല. കൂടെയുള്ളവര്‍ പറഞ്ഞു "ഇവളേക്കൊണ്ട് സമ്മതിപ്പിക്കുന്ന കാര്യം ഞങ്ങള്‍ ഏറ്റു". പുറത്തു നില്‍ക്കുന്ന കേളു ഞങ്ങള്‍ സംസാരിക്കുന്നത് നോക്കിക്കോണ്ടിരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. അവന്റെ നേരെ കൈ ചൂണ്ടി ഞാന്‍ പറഞ്ഞു "നിന്റെ പാട്ട് ഓക്കേ ആണന്നു ഞാന്‍ കേളുവിനോട് പറഞ്ഞിട്ടുണ്ട്. അവന്‍ ലിസ്റ്റില്‍ ചേര്‍ക്കുകയും ചെയ്തു. ഇനി പറ്റില്ലന്കില്‍ അവനോടു കാര്യം പറഞ്ഞാല്‍ മതി. അപ്പം ടാറ്റാ". ഒരു മൂളിപ്പാട്ടും പാടി ഞാന്‍ ക്ലാസ്സില്‍ നിന്നും ഇറങ്ങി.

പുറത്തേക്കു വന്ന എന്നെ കേളു വരവേറ്റത് മാലപ്പടക്കം പോലെ തെറികളുമായിട്ടായിരുന്നു. അത് കഴിഞ്ഞ അവന്‍ ചോദിച്ചു "നീ എന്തൊക്കെയാടാ പറഞ്ഞു പിടിപ്പിച്ചത്?"

"സത്യങ്ങള്‍, സത്യങ്ങള്‍ മാത്രം. നിനക്ക് ഒരു താല്‍പര്യം ഉണ്ടന്നും അത് തുറന്നു പറയാന്‍ മടി ആണന്നും വൈകിട്റ്റ്‌ ക്ലാസ്സ്‌ കഴിയുമ്പോള്‍ ഇവിടെ വെയിറ്റ് ചെയ്യണമെന്നു നീ ആവശ്യപ്പെട്ടെന്നും മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളു"

"അവന്റെ **ലെ താല്‍പര്യം. എന്റെ വില നീ കളഞ്ഞു. ഏതായാലും വൈകിട്ട് ഞാന്‍ ചെന്നു നീ വെറുതെ പറഞ്ഞതാനന്നു പറയാന്‍ പോകുവാ"

രാജി ഇടപെട്ടു. "എടാ, ഇനി അവള്‍ക്കും താല്‍പര്യം ഉണ്ടങ്കിലോ? നീ ഏതായാലും ഈ അവസരം വെറുതേ കളയണ്ട"

"പോടാ, എന്‍റെ പെണ്ണിനെ പറ്റിക്കാന്‍ എനിക്ക് പറ്റില്ല" കേളു അവന്‍റെ ആത്മാര്‍ത്ഥ പ്രേമത്തിന്റെ അമൂല്യമായ മഹത്വം വിശദീകരിച്ച് ഞങ്ങളെ സെന്റി അടിപ്പിക്കാന്‍ ശ്രമിച്ചു. "ഉവ്വ.." അന്ധന്‍റെ മറുപടി.

അന്നത്തെ ക്ലാസ്‌ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ വീണ്ടും അവിടെ ചെന്നു. പൂച്ചക്കണ്ണി പോകാന്‍ തയാറായി നില്‍ക്കുന്നു. ഉള്ള ധൈര്യമെല്ലാം സംഭരിച്ച് കേളു അവളുടെ അടുത്ത് ചെന്നു. ശെരിക്കും അവളോട്‌ ഞാന്‍ പറഞ്ഞത് എന്തായിരുന്നു എന്ന് മറ്റുള്ളവരോട്‌ ഞാന്‍ പറഞ്ഞത് അപ്പോഴാണ്‌. "നീ കട്ടപ്പാര തന്നെടാ, രാജിയുടെ വക അഭിനന്ദനം"

"താങ്ക്യു താങ്ക്യു" ഞാന്‍ ദിലീപിന്റെ സ്റ്റൈലില്‍ നന്ദി പ്രകടിപ്പിച്ചു. അവരുടെ സംഭാഷണം കേള്‍ക്കാനായില്ലന്കിലും എന്ത് നടക്കുന്നു എന്ന് കാണാന്‍ ഞങ്ങള്‍ ജനലില്‍ കൂടി ഒളിഞ്ഞു നോക്കി. കൈകള്‍ അങ്ങോട്ടെക്കും ഇങ്ങോട്ടെക്കും നീട്ടി കേളു എന്തൊക്കെയോ വിശദീകരിക്കുന്നതും അവള്‍ വായ്‌ പൊത്തി നില്‍ക്കുന്നതും കണ്ട ഞങ്ങള്‍ക്ക് മനസ്സിലായി അവന്‍റെ കാര്യം പോക്കാണന്ന്.

അഞ്ചു മിനിട്ട് കൂടി കഴിഞ്ഞ ഇറങ്ങി വന്ന അവന്‍ ആദ്യം ഒന്നും മിണ്ടിയില്ലന്കിലും ഞാന്‍ ഒരു അകലം പ്രാപിച്ചു നിന്നു. എപ്പഴാ അടി വീഴുക എന്ന് പറയാന്‍ പറ്റില്ലല്ലോ. ഒരു ഗ്യാപിനു ശേഷം അവന്‍റെ വായില്‍ നിന്നും തെറികളുടെ ഒരു പ്രവാഹം ആയിരുന്നു. നവോദയയില്‍ പഠിച്ചിരുന്ന കാലത്ത്‌ ബോര്‍ടിങ്ങിലെ ഹിന്ദിക്കാര്‍ വിളിച്ചിരുന്ന തെറികള്‍ എല്ലാം ഓര്‍ത്തു വച്ചിരുന്നത് അപ്പോഴാണ്‌ അവനു ഉപയോഗം വന്നത് എന്ന് തോന്നിപ്പോയി.

കുറച്ചു നാളത്തേക്ക് അവന്‍ അവരുടെ ക്ലാസ്സിന്‍റെ അടുത്തേക്ക് പോലും പോയില്ല, ഞാനും. ഏതായാലും എന്‍റെ ആ പാര അവന്‍ ജീവിതത്തില്‍ മറക്കാന്‍ വഴിയില്ല.

വാല്‍ക്കഷ്ണം: തുടങ്ങിയിട്ട് ഒരു വ്യാഴവട്ടം കഴിഞ്ഞങ്കിലും കേളു തന്‍റെ അമൂല്യമായ പ്രേമം ഇപ്പോഴും തുടരുന്നു. കാര്യം ആളു തരികിട ആണങ്കിലും അക്കാര്യത്തില്‍ അവന്‍ ആളു ഡീസന്റ് തന്നെ

Sunday, April 19, 2009

അവധിക്കാലം

സ്കൂളില്‍ പഠിച്ചിരുന്ന സമയത്ത് ഏറ്റവും ഇഷ്ടം തോന്നിയിരുന്നത് അവധികളോടാണ്. ജോലി കിട്ടിയതിനു ശേഷവും ആ ശീലത്തിന് ഒരു മാറ്റവുമുണ്ടായില്ല. രാവിലെ എഴുനേല്‍ക്കുക, റെഡി ആയി ജോലിക്ക് പോവുക, രാത്രിയില്‍ റൂമില്‍ തിരിച്ചെത്തി ഭക്ഷണം കഴിച്ചെന്നു വരുത്തി കിടന്നുറങ്ങുക. ചിലപ്പോള്‍ സഹ മുറിയന്‍മാരോട് സംസാരിക്കാന്‍ അവസരം കിട്ടുന്നത് പോലും ഏതെന്കിലും വീക്കെന്‍ഡില്‍ ആയിരിക്കും. ബ്രേക്ക് ഫാസ്റ്റ് എന്നത് ദിവസത്തിന്റെ ഭാഗം അല്ലാതെ ആക്കിതീര്‍ത്ത തികച്ചും യാന്ത്രികമായ ജീവിതം.

ഒന്നര വര്‍ഷത്തിനു ശേഷം ഒരു മൂന്നാഴ്ചത്തെ അവധി ഒപ്പിച്ച് നാട്ടിലേക്ക് വിമാനം കയറുമ്പോള്‍ വല്ലാത്ത ഒരു ആവേശം ആയിരുന്നു. വിദ്യാഭ്യാസ സമയത്ത് ഒരിക്കല്‍ പോലും വീട്ടില്‍ നിന്നും മാറി നിന്നിട്ടില്ലാത്ത എനിക്ക് എത്രമാത്രം ഗൃഹാഗ്വരത്തം അനുഭവപ്പെടുന്നുണ്ടാകും എന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ ക്ളിയരന്‍സിനു ഒന്നര മണിക്കൂര്‍ കാത്തു നില്‍ക്കേണ്ടി വന്നപ്പോള്‍ എന്തെന്നില്ലാത്ത ദേഷ്യം തോന്നി. ആറ് ക്യൂ ഉള്ളതില്‍ ഞാന്‍ നിന്ന ക്യൂ മാത്രം ഏറ്റവും സാവധാനം മുന്നോട്ടു നീങ്ങുന്നു!

പെട്ടികള്‍ കലെക്റ്റ് ചെയ്ത് പുറത്ത് വന്നപ്പോള്‍ ചേട്ടന്‍ വണ്ടിയുമായി എന്നെ കാത്ത് നില്‍പ്പുണ്ടായിരുന്നു. വീട്ടില്‍ ചെല്ലുന്നത് വരെ ചേട്ടനെയും വണ്ടി ഓടിച്ച ജയകുമാറിനെയും ഒന്നും സംസാരിക്കാന്‍ ഞാന്‍ സമ്മതിച്ചില്ല, ഞാന്‍ നിര്‍ത്തിയിട്ട്‌ വേണ്ടേ അവര്‍ക്ക് എന്തെങ്കിലും പറയാന്‍!

വീട്ടിലെത്തി എല്ലാവരെയും കണ്ടപ്പോള്‍ ഒത്തിരി സന്തോഷം തോന്നി. പിന്നെ ഈ അവധി ദിവസങ്ങളില്‍ എന്തൊക്കെ ചെയ്യണം എന്ന് ആലോചിക്കാന്‍ തുടങ്ങി. നാട്ടില്‍ കിട്ടുന്ന ഭക്ഷണ സാധനങ്ങള്‍ ആണ് മെയിന്‍, ചക്കപ്പുഴുക്കും ചാമ്പങ്ങയും ഉണക്കിരച്ചിയും പോട്ടിയും മാമ്പഴവും.... ഒന്നും മിസ് ആക്കാന്‍ പാടില്ലല്ലോ. പിറ്റേന്നു തന്നെ ചേട്ടനെയും കൂട്ടി വെള്ളിലാപ്പിള്ളി ഷാപ്പില്‍ പോയി കപ്പയും പൊടിമീനും പോട്ടിയും ഉണക്കിരച്ചിയും ഒക്കെ തട്ടി.

അടുത്ത സുഹൃത്തായ ബിജുവിന്റെ (ബിജുവിനെ പറ്റി ഒരു ബ്ലോഗ് ഞാന്‍ ഇതിനു മുന്പ് എഴുതിയിട്ടുണ്ട്) കല്യാണം ആയിരുന്നു ഞാന്‍ ചെന്നതിന്റെ അടുത്ത ഞായറാഴ്ച. കല്യാണത്തിന്റെ അടുത്ത ആഴ്ച ഒരു പാര്‍ട്ടിക്ക് ബിജുവിനെ ഞാന്‍ ക്ഷണിച്ചു. 'വെള്ളമടി' എവിടെ ഉണ്ടന്ന് കേട്ടാലും ലോട്ടറി അടിച്ചത് പോലെ തുള്ളിച്ചാടി എത്തിയിരുന്ന ബിജു അന്ന് എന്നോട് പറഞ്ഞ മറുപടി കേട്ട് ഞാന്‍ ഞെട്ടിപ്പോയി  'രാകേഷേ, കമ്പനിക്ക് ഞാന്‍ വരാം. പക്ഷെ താന്‍ തന്നെ അവളോട് (ഭാര്യ) ഒരു പെര്‍മിഷന്‍ ചോദിക്കണം'. എന്‍റെ ഒരു ഗതികേടേ!

എല്‍. ഐ. സി. ക്കാരുടെ ഒരു പ്രളയം തന്നെ ആണ് ഇപ്പൊ നാട്ടില്‍. സാമ്പത്തിക മാന്ദ്യം കാരണം ആരും പോളിസി എടുക്കുന്നില്ല എന്നാ അവസ്ഥ ആയതു കൊണ്ടാണോ എന്നറിയില്ല. തന്നെയുമല്ല മാര്‍ച്ച് മാസം ആണല്ലോ, അവര്‍ക്ക് ടാര്‍ജെറ്റ്‌ തികക്കണമല്ലോ. മീന്‍ മുള്ള് കണ്ടു ഓടിക്കൂടിയ പൂച്ചകളെ പോലെ ആയിരുന്നു എല്ലാരും കൂടെ എന്‍റെ മുകളിലേക്ക് ചാടിയത്. എല്ലാരോടും ഓരോന്നോരോന്ന് പറഞ്ഞു രക്ഷപെടാന്‍ ഞാന്‍ പെട്ട പാട്.

അതിനിടയില്‍ ഒരു കെണിയില്‍ തല വച്ച് കൊടുക്കേണ്ടി വന്നു. എന്റെ സഹപാടി  നായരുടെ മുന്നില്‍ (അരുണ്‍ എന്നത് ഒന്നാം നാമം). എച്ച്. ഡി. എഫ്. സി. യില്‍ ഉദ്യോഗസ്ഥന്‍. അവനും ഉണ്ടല്ലോ ഈ സാമ്പത്തിക മാന്ദ്യവും ടാര്‍ജെറ്റ്‌ ഉം ഒക്കെ. ഒരു ദിവസം വീട്ടില്‍ വന്നു അവന്റെ കാറില്‍ തന്നെ പിടിച്ചു കയറ്റി. ബാങ്കില്‍ ചെക്ക് കൊടുത്തു കാശ് കിട്ടാന്‍ കാത്തിരുന്നപ്പോള്‍ അവനായിരുന്നു തിടുക്കം. താമസം ആയതുകൊണ്ട് 'എന്നാ പോളിസി വേണ്ടടാ, നമുക്ക് പോയേക്കാം' എന്നെങ്ങാന്‍ ഞാന്‍ പറഞ്ഞാലോ! അന്ന് തന്നെ എന്റെ മുപ്പതിനായിരം അവന്‍ പോളിസിയാക്കി.

അന്ന് രാത്രി രാമപുരത്ത് പള്ളിമുറ്റത്ത് സബിനോടും പ്രമോദിനോടും ബാലു ചേട്ടനോടും വെടിവട്ടം പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ നായര്‍ എത്തി. ഉടന്‍ തന്നെ പ്രേമന്‍ ചോദിച്ചു 'ഇവന്‍ വീട്ടില്‍ കയറുന്നതിനു മുന്പ് തന്നെ നീ ഇവനെയും കുടുക്കി അല്ലെടാ?'

'നീ അങ്ങനെ പറയല്ല്. ഇവന് ഗുണമുള്ള കാര്യമല്ലേ.  സബിനും ഉണ്ടല്ലോ, അവന്‍ എന്‍റെ കയ്യില്‍ നിന്നും എഴുപതിനായിരത്തിനാ എടുത്ത്' നായര്‍ വിനയാന്വിതനായി.

'എഴുപത് ഒന്നുമില്ല. അന്പതെ ഉള്ളു. നീ കൂടുതല്‍ എന്നെ സുഖിപ്പിക്കണ്ട' സബിന്‍ ചാടി വീണു.

കുറെ അമ്പലങ്ങളില്‍ പോയി. രാമപുരത്തെയും കൊണ്ടാട്ടിലെയും കോഴിപ്പിള്ളിയിലെയും അമ്പലങ്ങളില്‍ ഉല്‍സവം ആയിരുന്നു. നാട്ടിലെ അമ്പലത്തിലെ ഉല്‍സവം കൂടുന്നത് ഒരു രസം തന്നെയാ (ഭക്തി ഉണ്ടായിട്ടാ കേട്ടോ. അല്ലാതെ ഉത്സവത്തിന് വരുന്ന പെണ്‍കിടാങ്ങളുടെ മുഖത്ത് ഞാന്‍ നോക്കാറ് പോലുമില്ല)

ആത്മമിത്രം പ്രേമനെ കാണാന്‍ അവന്റെ വീട്ടില്‍ പോയി. അവന്റെ പത്നി യുമായി ഫോണിലും ചാറ്റിലും സംസാരിച്ചിട്ടുള്ളതല്ലാതെ നേരിട്ട് കാണുന്നത് അപ്പോഴായിരുന്നു. ഒരു ജെന്റ്സ് ടാക്കിനു വേണ്ടി അവനേയും വിളിച്ച് പുറത്തിറങ്ങി. വീട്ടില്‍ നിന്നിറങ്ങിയ ഉടന്‍ തന്നെ അവനു പഴയ രോഗം തുടങ്ങി.

'അളിയാ ഞാന്‍ ഒരു സിഗരറ്റ് വാങ്ങി വരാം'. പറഞ്ഞു തീരുന്നതിനു മുന്‍പ് അവന്‍ സാധനം വാങ്ങി.

'നിന്‍റെ ഈ മുടിഞ്ഞ വലി നിര്‍താരായില്ലെടാ ? '

'അല്ല അളിയാ, നിന്നെ കാണുമ്പഴേ ഉള്ളു. സന്തോഷം കൊണ്ട്. അല്ലാതെ ഞാന്‍ വലിക്കാറില്ല'

'ഓ പിന്നെ'. അവനോട് പറഞ്ഞിട്ട് കാര്യമില്ല. പണ്ടേ ഉള്ളതാ. ആരെയെന്കിലും കണ്ടാല്‍ ഉടനെ അവനു സിഗരറ്റ് വലിക്കണം.

അടുത്ത ദിവസം പ്രേമനെയും കൂട്ടി കൂത്താട്ടുകുളം പോയി.

'ഏതാടാ നമുക്ക് സ്വസ്ഥമായി ഇരുന്നു സംസാരിക്കാന്‍ പറ്റിയ സ്ഥലം?' ഞാന്‍ ചോദിച്ചു.

'അളിയാ, ഇവിടെ പുതിയൊരു ബാര്‍ തുടങ്ങിയിട്ടുണ്ട്. അമൃത്‌. നമുക്ക് അവിടെ കേറാം'

ബാറിനു മുന്‍പില്‍ ബൈക്ക് പാര്‍ക്ക് ചെയ്ത് മുന്‍പില്‍ നിന്ന സെക്യൂരിറ്റിയോട് ചോദിച്ചു 'ചേട്ടാ എ. സി. ബാര്‍ എവിടെയാ?'

'വലതു വശത്തൂടെ പോയാല്‍ എ. സി. ബാര്‍, ഈ പടി കയറി മുകളിലേക്ക് പോയാല്‍ എക്സിക്യൂട്ടിവ് ബാര്‍'

'എന്താ ഈ എക്സിക്യൂട്ടിവ് ബാറിന്‍റെ പ്രത്യേകത?'

'വേറൊന്നുമില്ല, അവിടെ എല്ലാത്തിനും ഒരു പതിനഞ്ച് ശതമാനം വിലക്കൂടുതല്‍ ഉണ്ട്'

'ബെസ്റ്റ്' പ്രേമന്റെ ആത്മഗതം. 'നമ്മള്‍ അത്രക്ക് എക്സിക്യൂട്ടിവ് ആണോ അളിയാ?'

'എയ്, നമുക്ക് വലത്തേക്ക് തന്നെ പോകാം അളിയാ'.

ഞങ്ങള്‍ക്ക് മുന്നില്‍ ബി. ഡി. എഫും (സംഭവം ഉണക്കിറച്ചി തന്നെ. ബാറില്‍ കയറുമ്പോള്‍ അതിന്റെ പേര് ബീഫ് ഡ്രൈ ഫ്രൈ എന്നായി മാറും) പറോട്ടയും ചിക്കന്‍ ഫ്രൈയും പിന്നെ ശീതള പാനീയവും (പാവം വെയിറ്റര്‍ക്ക് ഒരു സന്തോഷം ഒക്കെ വേണ്ടേ? അയാളെ മൈന്‍ഡ് ചെയ്യാതിരുന്നാലും മോശമല്ലേ?) നിരന്നു.

ബില്‍ കൊടുത്ത് പുരതെക്കിരങ്ങിയപ്പോള്‍ ഒരു വിളി. 'ഹലോ'.

തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു പയ്യന്‍. കയ്യില്‍ ഒരു ഹെല്‍മെറ്റും ഉണ്ട്.

'കൂടപ്പുലത്തല്ലേ വീട്?'.

'അതേ' ഞാന്‍ പറഞ്ഞു.

'എന്നെ അറിയുമോ?'. എനിക്ക് ആളെ മനസ്സിലായില്ല. തന്നെയുമല്ല വീടിനടുത്തുള്ള ബാറുകളില്‍ വച്ച് ആള്‍ക്കാരെ പരിചയപ്പെടുന്നത് അത്ര സുഖമുള്ള പരിപാടി അല്ല. കാര്യം ഞാന്‍ ഭക്ഷണം കഴിക്കാന്‍ വന്നതാനന്കിലും കാണുന്നവര്‍ അത് മനസ്സിലാക്കില്ലല്ലോ.

ഏതായാലും മനസ്സിലായില്ല എന്ന് ഞാന്‍ മറുപടി പറഞ്ഞു. ഉടന്‍ അവന്‍ 'ഞാന്‍ ശ്രീക്കുട്ടന്‍ ചേട്ടന്റെ അനിയന്‍'.

'ഓ' ഞാന്‍ ഒന്ന് ചിരിച്ചു. സത്യം പറഞ്ഞാല്‍' ഈ ശ്രീക്കുട്ടന്‍ ചേട്ടന്‍ ആരാ?' എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു. 'രാംജിരാവ് സ്പീക്കിന്ഗ് എന്നാ സിനിമയില്‍ സായ്കുമാര്‍ കേട്ടപോലെ ഒരു പാട്ട് (അവനവന്‍ കുഴിക്കുന്ന കുഴിയില്‍....) ഞാന്‍ കേട്ടു.

'എന്താ ഇവിടെ?' അവന്റെ അടുത്ത ചോദ്യം.

ബാറിന്‍റെ മുന്‍പില്‍ വച്ച് ചോദിക്കാന്‍ പറ്റിയ ചോദ്യം. 'കുറച്ചു പാലും പച്ചക്കറികളും വാങ്ങാന്‍ വന്നതാ ഉവ്വേ' എന്ന് പറയാന്‍ തോന്നി. പിന്നെ എന്‍റെ മാന്യത കൊണ്ട് ഞാന്‍ അത് മാറ്റി.

'പുറത്തു നല്ല ചൂട്, കുറച്ചു നേരം എ. സി. യില്‍ ഇരിക്കാമെന്ന് വച്ചു'

പാവത്തിന് നിറഞ്ഞു കാണും. ഒരു വളിച്ച ഇളി അവന്‍ പാസാക്കി. തിരിച്ചും ഒരു ചിരി സമ്മാനിച്ച് പ്രേമനെ പിറകിലിരുത്തി ഞാന്‍ എന്‍റെ പാഷന്‍ സ്റ്റാര്‍ട്ട് ചെയ്തു.

പാറുവുമായി, എന്‍റെ ചേട്ടന്‍റെ കുട്ടി, കമ്പനി കൂടാനായിരുന്നു പാട്. അവള്‍ക്കു രണ്ടര വയസ്സ്. പെട്ടെന്നൊരു ദിവസം കയറിച്ചെന്നു 'പാറു, ഞാന്‍ നിന്‍റെ കൊച്ചച്ചനാ' എന്ന് പറഞ്ഞാ അവളുണ്ടോ അടുത്ത് വരുന്നു. രണ്ടു ദിവസം കുറെ വര്‍ത്തമാനം ഒക്കെ പറഞ്ഞു, മുട്ടായി ഒക്കെ കൊടുത്ത് ഒരു വിധത്തില്‍ അവളെ അടുപ്പിച്ചു. ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും പാറു എന്‍റെ അടുത്ത് നിന്നും മാറാതെ ആയി. ഒരു ഷര്‍ട്ട്‌ എടുത്തിട്ടാല്‍ ഉടന്‍ പാറു ചോദിക്കും 'കൊച്ചച്ചന്‍ എവിടെ പോവാ?'. പാറുവിനു വീട് ഉണ്ടാക്കി കൊടുത്തും പന്ത് കളിച്ചും പടം കാണിച്ചും  ദിവസങ്ങള്‍ പെട്ടെന്ന് തീര്‍ന്നു. അവധി കഴിഞ്ഞു ഞാന്‍ പോരുന്ന സമയത്ത് പാറു ഉറങ്ങുകയായിരുന്നത് കൊണ്ട് 'ടാറ്റാ' പറയാനുള്ള ബുദ്ധിമുട്ട് ഒഴിവായിക്കിട്ടി. ഇപ്പോള്‍ പാറുവിനെ ഒത്തിരി മിസ് ചെയ്യുന്നു.

അവധി തീരാരായപ്പോഴേക്കും ഒരു ടെന്‍ഷന്‍ പോലെ ആയിരുന്നു. എന്തോ ഒരു വല്ലായ്മ. നാട്ടിലെ പല കാര്യങ്ങളും മിസ് ആകുമെന്ന് ഓര്‍ത്തപ്പോള്‍ ചെറിയ വിഷമം തോന്നി എന്നതാണ് സത്യം. വീടിനടുത്തുള്ള കുളത്തില്‍ ഒന്ന് നീന്തി കുളിക്കണം എന്നുണ്ടായിരുന്നു. ഈ വേനല്‍ക്കാലത്ത് കിണറ്റില്‍ പോലും വെള്ളമില്ല, പിന്നെയല്ലേ കുളം!

തറവാട്ടില്‍ കയറി ചെന്നപ്പോള്‍ മുത്തശന്‍ അവിടെ ഇരിക്കുന്നത് പോലെ ഒരു തോന്നല്‍. മുത്തശ്സന്‍ പോയതിനു ശേഷം ആദ്യമായാണ്‌ ഞാന്‍ തറവാട്ടില്‍ പോകുന്നത്, അതുകൊണ്ടാകും. അഞ്ചു വയസ്സ് വരെ ഞാന്‍ വളര്‍ന്നത് അവരുടെ കൂടെ ആയിരുന്നു, എന്റെ സ്വന്തം അച്ഛനെക്കാള്‍ ഞാന്‍ 'അച്ഛാ' എന്ന് വിളിച്ചിട്ടുള്ളത് മുത്തശനെ ആണ്. കോളേജില്‍ പഠിച്ചിരുന്നപ്പോള്‍ വീട്ടിലറിയാതെ എനിക്ക് എത്ര മാത്രം പോക്കറ്റ് മണി തന്നിട്ടുണ്ടന്നു എനിക്ക് പോലും അറിയില്ല. കൃഷിപ്പണികള്‍ എല്ലാം, റബ്ബര്‍ ഷീറ്റ് അടിക്കാനും വാഴയും ചേമ്പും ചേനയും കപ്പയും നടാനും ഒക്കെ പഠിപ്പിച്ചത് അച്ഛനാണ്. വീട്ടില്‍ ആരോടെന്കിലും അച്ഛന്‍ വഴക്ക് പറയാതെ ഉണ്ടാന്കില്‍ അത് എന്നോട് മാത്രം ആയിരുന്നു. അതുകൊണ്ട് തന്നെ വീട്ടില്‍ ആര്ക്കെന്കിലും അച്ഛനെക്കൊണ്ട് എന്തെങ്കിലും കാര്യം സമ്മതിപ്പിക്കണമെങ്കില്‍ അത് ഞാന്‍ ആണ് അച്ഛനോട് അവതരിപ്പിക്കാറ്‌. ജോലി കിട്ടി വീട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നപ്പോള്‍ ഇഷ്ടത്തോടെ അല്ലങ്കിലും പോയ്ക്കോളാന്‍ അനുവാദം തന്നു.

പഴയ കുറെ ഓര്‍മ്മകള്‍ മനസ്സില്‍ കൂടി മിന്നി.

അച്ഛന്റെ അസ്ഥിത്തറയില്‍ വിളക്ക് വച്ച് ഞാന്‍ തറവാട്ടില്‍ നിന്നും ഇറങ്ങി.

കുഞ്ഞായിയുടെ വീടിനു മുന്നിലൂടെ നടന്നപ്പോള്‍ 'പൂയ്‌, കുഞ്ഞായി' എന്ന് നീട്ടി വിളിക്കാന്‍ തോന്നി, പതിവ് പോലെ. ഏതൊരു തവണയും അവധിക്കു വരുമ്പോള്‍ എന്ത് പരിപാടിക്കും, പടം കാണലോ ഷാപ്പില്‍ പോക്കോ നാട് തെണ്ടലോ കത്തി വയ്ക്കാനോ അങ്ങനെ എന്തും, കൂടെ വരാന്‍ അയല്‍പക്കം കാരനായ കുഞ്ഞായി  ഉണ്ടായിരുന്നു ഇതുവരെ. ചെറുപ്പത്തിലെ തുടങ്ങിയ പരിചയം. ഞങ്ങള്‍ ഒരു ഗാന്ഗ് തന്നെ ഉണ്ടായിരുന്നു നാട്ടില്‍. ഞാനും ചേട്ടനും കുഞ്ഞായിയും ബിജുവും ശ്രീജിത്തും വിനോദും. അത് കൊണ്ട് തന്നെ ഞാന്‍ വെക്കേഷന് നാട്ടില്‍ ചെല്ലുന്നതിനു ഒരു മാസം മുന്‍പ് മഞ്ഞപ്പിത്തം ബാധിച്ച് ആശുപത്രിയില്‍ അഡ്മിറ്റ് ആയ കുഞ്ഞായി പോയി എന്ന് ബിജു എന്നെ വിളിച്ച് പറഞ്ഞപ്പോള്‍  വിശ്വസിക്കാനായില്ല.

അങ്ങനെ കുറെയധികം സന്തോഷങ്ങളും കുറച്ചു നൊമ്പരങ്ങളും ഒക്കെ സമ്മാനിച്ച് എന്‍റെ ഈ അവധിക്കാലം കടന്നു പോയി. വിഷുവിനു കൂടി വീട്ടില്‍ നില്‍ക്കണമെന്നുണ്ടായിരുന്നു, പക്ഷെ എന്ത് ചെയ്യാം, അവധി ഇല്ലല്ലോ. വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ കണ്ണില്‍ പൊടിഞ്ഞ തുള്ളി ആരും കാണാതിരിക്കാന്‍ ഞാന്‍ പാടുപെട്ടു. കൂടപ്പുലത്തെ ലക്ഷ്മണസ്വാമി അമ്പലവും അടുക്കളയുടെ പുറകിലെ ചാമ്പ മരവും തറവാട്ടിലെ മൂവാണ്ടന്‍ മാവും മഴക്കാലത്ത് നല്ല തെളിഞ്ഞ വെള്ളത്തില്‍ നിറയുന്ന കുളവും റബ്ബര്‍ തോട്ടത്തിനു അരികിലെ കൈതകളില്‍ കായ്ച്ചു നില്‍ക്കുന്ന കൈതച്ചക്കകളും പ്ലാവില്‍ കായ്ച്ചു തുടങ്ങിയ വരിക്കച്ചക്കയും ഒക്കെ മനസ്സില്‍ നിറച്ചു ഞാന്‍ നെടുമ്പാശ്ശേരിക്ക് തിരിച്ചു