Monday, February 23, 2009

ഭ്രാന്തന്‍

ചിരിക്കാന്‍ അവനറിയില്ലായിരുന്നു. ഒരുപക്ഷെ ചിരി എന്താണന്നു ആരും അവനെ പഠിപ്പിച്ചിട്ടില്ലായിരിക്കും.

കുട്ടിക്കാലത്ത് അവന്‍ വളര്‍ന്നത് തമ്മില്‍ കണ്ടാല്‍ ഉടന്‍ വാഗ്വാദങ്ങളിലും വഴക്കിലും ഏര്‍പ്പെടുന്ന അച്ഛന്റെയും അമ്മയുടെയും നടുവിലാണ്. അവര്‍ അവനെ എന്ത് പഠിപ്പിക്കാന്‍?

സ്കൂളിലും അവന്റെ കൂടെ കൂടാന്‍ ആരും വന്നില്ല, കടലിനു നടുവിലെ ദ്വീപില്‍ അകപ്പെട്ടുപോയ ഒരു സന്ചാരിയുടെ മനോഗതിയായിരുന്നു ജീവിതത്തില്‍ അവന് എന്നും.

കോളേജില്‍ എത്തിയപ്പോള്‍ എല്ലാവര്ക്കും അവന്‍ ഒരു അത്ബുധം ആയിരുന്നു, ഒരിക്കലും ചിരിക്കാത്ത മനുഷ്യന്‍. കളിയാക്കാനും അധിക്ഷേപിക്കാനും അല്ലാതെ അവനെ മനസിലാക്കാന്‍ ആരും തയാറായില്ല.

ചാനലുകളിലെ കോമഡി പരിപാടികളോ സിനിമകളോ ഫലിത ബിന്ദുക്കളൊ ഒന്നും അവനെ ചിരിപ്പിച്ചില്ല. എല്ലാവരുടെയും കാഴ്ചപ്പാടില്‍ അവന്‍ ഒരു ഭാന്തന്‍ ആയിരുന്നു, ഒരിക്കലും ചിരിക്കാത്ത മനോരോഗി.

പക്ഷെ ഒരിക്കല്‍ അവന്‍ ചിരിച്ചു, ജീവിതത്തില്‍ താന്‍ തന്റെ മാത്രം എന്ന് കരുതിയിരുന്ന പ്രിയപ്പെട്ടവള്‍ 'ഭ്രാന്തന്‍' എന്ന് അധിക്ഷേപിച്ച് ഉപേക്ഷിച്ചു പോയപ്പോള്‍. അന്ന് അവന്‍ പൊട്ടിപ്പൊട്ടി ചിരിച്ചു.

സമൂഹം അന്നും അവനെ 'ഭ്രാന്തന്‍' എന്ന് വിളിച്ചു.

Wednesday, February 11, 2009

ഹംസം

കൂടപ്പുലം കാരുടെ ഹൃതിക് റോഷന്‍ ആര് എന്ന് ചോദിച്ചാല്‍ ഞങ്ങള്‍ക്ക് ഒരു ഉത്തരമേ ഉള്ളു. 'ബിജുമോന്‍, കിഴക്കേല്‍ മാധവച്ചേട്ടന്റെ മകന്‍ ബിജുമോന്‍'

അഞ്ചടി എട്ടിഞ്ച് പൊക്കവും കാടമുട്ടകള്‍ തിന്നു പെരുപ്പിച്ച മസിലുകളും ഐ. കെ. ഗുജ്റാളിനെ പോലും തോല്‍പ്പിക്കുന്ന ഫ്രെന്ച്ച് താടിയും കാവ്യ മാധവന്‍ കണ്ടാല്‍ നാണിച്ചു പോകുന്ന തരത്തിലുള്ള ഉണ്ടക്കന്നുകളും നാല് പൊന്മാന്‍ (കിംഗ്‌ഫിഷര്‍ എന്ന് പരിഭാഷ) ഉള്ളില്‍ ചെന്നാല്‍ ഉടന്‍ 'സ്വോര്‍ഡ്' എടുക്കുന്ന സ്റ്റാമിനയും ഞങ്ങടെ ബിജുമോന് അല്ലാതെ മറ്റാര്‍ക്ക് ഉണ്ട്?

കൂടപ്പുലത്തെ മാത്രമല്ല, പരിസര പ്രദേശങ്ങളിലെയും തരുനീമനികളുടെ സ്വപ്നങ്ങളില്‍ ഗന്ധര്‍വനെ പോലെ വന്നിരുന്നതും മറ്റാരുമല്ല, ഈ ബിജുമോന്‍. അങ്ങനെ കൂടപ്പുലത്തിന്റെ അഭിമാനമായി (അപമാനം എന്ന് പറയുന്നവര്‍ വെറും അസൂയക്കാര്‍) കക്ഷി വിലസുന്ന സമയം.

'മോന്‍' എന്ന് പേരില്‍ ഉള്ളത് കൊണ്ട് കക്ഷി സ്കൂളില്‍ ആണന്നൊന്നും കരുതരുതേ. ബിജുമോനു പ്രായം ഇരുപത്തി എട്ട്. ഈ 'മോന്‍' കാരണം പെണ്ണുകെട്ടി നാല് പിള്ളേര്‍ ആയാലും ചെറുപ്പം തോന്നിക്കുമെടാ എന്ന് ഞങ്ങള്‍ പറയുമായിരുന്നു. 'മോന്‍' എന്നതിന് മുന്‍പ് 'ബിജു'വിനു പകരം മറ്റു ചില പദങ്ങള്‍ ചേര്‍ത്തും 'ഷൂട്ടര്‍' എന്നും ഒക്കെ ഞങ്ങളെ അവനെ വിളിച്ചു പോന്നു.

കോളേജില്‍ ആയിരുന്നപ്പോള്‍ എന്‍. സി. സി. യിലെ സജീവ സാന്നിധ്യം ആയിരുന്നു കക്ഷി. ഇന്ത്യന്‍ പ്രസിഡന്റിനു മുന്‍പില്‍ പരേഡ് അവതരിപ്പിക്കാന്‍ പോണം എന്ന ഒരേയൊരു ലക്ഷ്യത്തിനു വേണ്ടി (അല്ലാതെ കാന്റീനില്‍ നിന്നും കിട്ടുന്ന 'അന്‍ലിമിറ്റഡ്' അപ്പത്തിനും മുട്ടക്കറിക്കും വേണ്ടി അല്ലേ അല്ല) ഒന്നരക്കിലോ ഭാരം വരുന്ന ഷൂവും കാലില്‍ കയറ്റി കുന്നുകള്‍ കയറാനും, കിടങ്ങുകള്‍ ചാടിക്കടക്കാനും, ഹിന്ദിയില്‍ തെറി പറയാനും ഒക്കെ മുടങ്ങാതെ പ്രാക്ടീസ് ചെയ്തുകൊണ്ടിരുന്നു ബിജുമോന്‍. ഉന്നം തെറ്റാതെ വെടിവക്കുന്നതില്‍ ആയിരുന്നു ബിജുമോന്റെ 'സ്പെഷ്യലൈസേഷന്‍', അങ്ങനെ കിട്ടിയ വിളിപ്പേരാണ് 'ഷൂട്ടര്‍'

ബിജുമോനു സ്വഭാവഗുനങ്ങളില്‍ ഏറ്റവും പ്രധാനം സ്നേഹിക്കാനുള്ള കഴിവാണ്. അത് ശകലം കൂടിപ്പോയത്‌ കൊണ്ട് ഒരാളില്‍ മാത്രം ആ സ്നേഹം ഒതുങ്ങാറില്ലന്നു മാത്രം. പിന്നെ കൂടപ്പുലത്ത് നിന്നുള്ള ഏതൊരു 'പുലി'യേയും പോലെ അല്പസ്വല്പം വായനോട്ടവും, ഇതൊക്കെ ഒരു തെറ്റാണോ അല്ലേ?

ഒരു നോക്കുകുത്തിയെ ചുരിദാര്‍ ഇടീപ്പിച്ച് വച്ചാല്‍ പോലും 'മനസില്ലാമനസോടെ' അതിലേക്ക് ഒന്നു നോക്കിപോകുന്ന അത്രയും ശുദ്ധനായ ബിജുമോന്‍

പാലാ സെയിന്റ് തോമസ് കോളേജില്‍ ബിജുമോന്‍ ഡിഗ്രിക്ക് പഠിക്കുന്നു, ഞാന്‍ ഉഴവൂര്‍ സെയിന്റ് സ്റ്റീഫന്‍സ് കോളേജിലും. സ്വന്തം കോളേജില്‍ പോകാറില്ലന്കിലും ഉഴവൂര്‍ കോളേജില്‍ ഹാജര്‍ വക്കാന്‍ എന്ന് ബിജുമോന്‍ വരുമായിരുന്നു, ഞങ്ങള്‍ പോകുന്ന അതെ ബസില്‍ തന്നെ. അതിന്റെ പുറകില്‍ ഒരേയൊരു നഗ്ന സത്യം മാത്രം. പാലാ കോളേജില്‍ പെണ്‍കുട്ടികള്‍ ഇല്ല!

ഞാനും കുഞ്ഞേട്ടായി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ശ്രീജിത്തും (രണ്ടാം വര്‍ഷ എക്കണോമിക്സ്, സെയിന്റ് സ്റ്റീഫന്‍സ്) ബിജുമോനും ഒന്നിച്ചു ആയിരുന്നു കോളേജിലെ കറക്കങ്ങള്‍. അങ്ങനത്തെ ഒരു കറക്കത്തിനിടയില്‍ ആണ് ആ പെണ്‍കുട്ടി ബിജുമോന്റെ കണ്ണില്‍ പെട്ടത്.

മിഡിയും ടോപ്പും ഇട്ട, തോളിനെ 'തൊട്ടു തൊട്ടില്ല' എന്ന രീതിയില്‍ തൂങ്ങിക്കിടക്കുന്ന നീളത്തിലുള്ള കമ്മലുകള്‍ അണിഞു, കൊഴുക്കൊട്ട പോലിരിക്കുന്ന ഒരു പെണ്കുട്ടി. കൂട്ടുകാരികലോട് ചറപറാ സംസാരിക്കുകയായിരുന്നു അവള്. 'കൊള്ളാലോ വീഡിയോണ്‍' ബിജുവിന്റെ ആത്മഗതം പുറത്തു വന്നു.

കക്ഷി ഞങ്ങള്‍ എല്ലാരും അറിയുന്ന ആള് തന്നെ ആയിരുന്നു, ബസ്സിലെ ഒരു സഹയാത്രിക. പക്ഷെ ഞാന്‍ ആ കോളേജില്‍ പഠിക്കുന്നത് കൊണ്ടും, അവളോട് ഞാന്‍ മുന്‍പ് സംസാരിച്ചിട്ടുണ്ടന്നു പറഞ്ഞു പോയത് കൊണ്ടും അവളോട് ബിജുവിന്റെ ഇഷ്ടം അറിയിക്കാനുള്ള ഭാരിച്ച ഉത്തരവാദിത്വം എന്റെ തലയില്‍ ആയി.

'തനിക്ക് നേരിട്ടു പറഞ്ഞു കൂടേ? നിങ്ങള്ക്ക് പരസ്പരം അറിയാമല്ലോ' ഞാന്‍ ബിജുവിനോട് ചോദിച്ചു.

'അത് ശെരിയാകില്ല. ഒരു പരിചയം ഉണ്ടന്ന് മാത്രമെ ഉള്ളു, ഞാന്‍ അധികമൊന്നും സംസാരിച്ചിട്ടില്ല അവളോട്, പിന്നെ ചാടിക്കേറി എങ്ങനാ ഇതൊക്കെ പറയുന്നേ. നിനക്കാണേല്‍ അതിന്റെ രീതിയില്‍ അവതരിപ്പിക്കാന്‍ പറ്റുമല്ലോ'.

ബിയര്‍ കുപ്പികളും ചിക്കന്‍ ബിരിയാനികളും കാട്ടി അവന്‍ എന്നെ പ്രലോഭിപ്പിച്ചപ്പോള്‍ ഞാന്‍ സമ്മതം മൂളി.

പിറ്റേന്ന് തന്നെ ഞാന്‍ അവളുടെ ക്ലാസിലേക്ക് പോയി, ഒരു സുഹൃദ് ബന്ധം സ്ഥാപിക്കുന്നതിന് വേണ്ടി. നല്ല ഒരു കമ്പനി ഉണ്ടാക്കി എടുക്കാന്‍ പറ്റിയാല്‍ പിന്നെ അവന്റെ കാര്യം പറയാന്‍ എളുപ്പം ഉണ്ടല്ലോ.

അന്നത്തെ ദിവസം അവള്‍ കൂട്ടുകാരികളുടെ കൂടെ നില്‍ക്കുകയായിരുന്നു. അതില്‍ നിന്നും അവളെ മാത്രം മാറ്റി നിര്‍ത്താന്‍ ഞാന്‍ കുറച്ചു കഷ്ടപ്പെട്ടു. കണ്ടാല്‍ ശകലം തന്റേടി ആണന്നു തോന്നിയിരുന്നന്കിലും ആള് പഞ്ച പാവമാനന്നു രണ്ട് ദിവസം കൊണ്ടു തന്നെ എനിക്ക് മനസിലായി. ഒരു സ്കൂള്‍ കുട്ടിയുടെ 'മച്ച്യുരിറ്റി' മാത്രം. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഞങ്ങള്‍ നല്ല കമ്പനി ആയി. എന്തിനും ഏതിനും എന്നോട് വന്നു അഭിപ്രായങ്ങള്‍ ചോദിക്കുന്ന രീതിയിലായി കാര്യങ്ങള്‍.

അതുകൊണ്ട് ഞാനും കുറെ ബുദ്ധിമുട്ടി. ആള് സെക്കന്റ് ഗ്രൂപ്പ് ആയിരുന്നു, ഒരു ദിവസം സുവോളജിയുടെ റെക്കോര്‍ഡ് ബുക്ക് എന്റെ കയ്യില്‍ തന്നിട്ട 'രാകേഷേട്ടാ, ഇതില്‍ പടം വരച്ചു തരുവോ?' എന്നൊരു ചോദ്യം!

ഒന്നാമത് കണ്ട തവളയുടെം പല്ലീടെം ചെമ്പരത്തി പൂവിന്റെയും ഒക്കെ പടം വരക്കുക എന്നത് ഭയങ്കര ബോറന്‍ ഏര്‍പ്പാടാണ് (എനിക്ക് അറിയാന്‍ മേലാഞ്ഞിട്ടല്ല). പിന്നെ എന്റെ തന്നെ അസൈന്മെന്റുകള്‍ ഞാന്‍ ക്ലാസിലെ പെണ്‍്പിള്ളേരേ 'തേനേ, പാലെ' എന്നൊക്കെ വിളിച്ചും, 'മന്ച്ച് മേടിച്ചു തരാം, ഡയറി മില്‍ക്ക് തരാം' എന്നൊക്കെ പറഞ്ഞ പ്രലോഭിപ്പിച്ചും ഒക്കെ ആണ് ഒപ്പിക്കാര്.

ഒരു പ്രാവശ്യം ഹിന്ദിയുടെ മൂന്നു അസൈന്മെന്റ് മൂന്നു പേരേക്കൊണ്ടാണ് ഞാന്‍ എഴുതിച്ചത്! എല്ലാം വാല്യു ചെയ്തത് ഒരേ ആളും. മനസിലാകാഞ്ഞിട്ടോ അതോ പോട്ടെന്നു വച്ചിട്ടോ, ഏതായാലും ഞാന്‍ പിടിക്കപ്പെട്ടിട്ടില്ല.

അങ്ങനെയുള്ള ഞാന്‍ പടം വരക്കുക എന്ന് പറഞ്ഞാല്‍! വേറെ ആര്‍ക്കും കൊടുക്കാനും പറ്റില്ല. 'അവളുടെ റെക്കോര്‍ഡ് ബുക്ക് നിന്റെ കയ്യില്‍ എങ്ങനെ വന്നെടാ' എന്ന് ആരെങ്കിലും ചോദിച്ചാല്‍ 'ചുമ്മാ സൌഹൃദത്തിന്റെ പേരില്‍' എന്ന എന്റെ മറുപടി ഞാന്‍ പോലും വിശ്വസിക്കില്ല, പിന്നെയല്ലേ ബാക്കിയുള്ളവര്‍.

'ബിജുമോനേ, ഈ പടമെല്ലാം വരച്ചു താടാ' എന്ന് പറഞ്ഞപ്പം ' എനിക്ക് അറിയില്ല' എന്ന് മറുപടിയില്‍ അവന്‍ സ്മൂത്ത് ആയി ഒഴിഞ്ഞു മാറി. ഏറ്റു പോയില്ലേ, പറ്റില്ല എന്ന് അവളോട്‌ പറയുന്നതെങ്ങനെ. എന്റെ അഭിമാനപ്രശ്നം. കൂടാതെ ഒരു പെണ്‍കുട്ടിയുടെ മുഖത്ത് നോക്കി 'നോ' എന്ന് പറഞ്ഞാല്‍ മോശമല്ലേ, നാട്ടുകാര്‍ അറിഞ്ഞാല്‍ എന്ത് വിചാരിക്കും?

ഒരു വിധത്തില്‍ രാതി ഉറക്കമിളച്ച് ഞാന്‍ തന്നെ അതെല്ലാം വരച്ചു കൊടുത്തു. അത് കയ്യില്‍ കിട്ടിയപ്പം അവളുടെ സന്തോഷം ഒന്നു കാണേണ്ടത് തന്നെ ആയിരുന്നു.

അങ്ങനെ തമ്മില്‍ ഒരു അടുപ്പം തോന്നിയതിനു ശേഷം ഒരു ദിവസം ഞാന്‍ അവളോട് പറഞ്ഞു

'നിന്നെ ഒരാള്‍ അന്വേഷിച്ചിട്ടുണ്ട്'

'ആരാ അത്'

'അത് ഞാന്‍ ഇപ്പം പറയില്ല, അവന്‍ ഇപ്പോള്‍ സ്ക്രീനിനു പിറകില്‍ നില്‍ക്കാനാണ് ഇഷ്ടം. പക്ഷേ കക്ഷി നീ അറിയുന്ന ആളാണ്'

അവള്‍ കുറെ നേരം ചോദിച്ചങ്കിലും ആരാണ് ആ ആള്‍ എന്ന് ഞാന്‍ പറഞ്ഞില്ല. അന്ന് മുതല്‍ എല്ലാ ദിവസവും ഞാന്‍ ഈ പരിപാടി തുടര്‍ന്നു. 'അവന്‍ അന്വേഷിച്ചു, അവന്‍ അത് ചോദിച്ചു, നിന്റെ ഇന്നത്തെ ഡ്രസ്സ് അവന് ഇഷ്ടപ്പെട്ടന്ന് പറഞ്ഞു..' അങ്ങനെ പലതും എനിക്ക് തോന്നിയത് പോലെ ഞാന്‍ പറഞ്ഞു കൊണ്ടിരുന്നു.

അവള്‍ എന്നും നിര്‍ബന്ധിക്കും ആരാ അതെന്നറിയാന്‍, എങ്കിലും ഞാന്‍ പറഞ്ഞില്ല. പക്ഷെ എന്നും 'അവന്‍' പറഞ്ഞ കാര്യങ്ങള്‍ എന്തെന്നറിയാന്‍ അവള്‍ കാത്തിരുന്നത് പോലെ എനിക്ക് തോന്നി. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ ഈ ഒളിച്ചു കളി അവസാനിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു. അന്ന് രാവിലെ തന്നെ ക്ളാസില്‍ പോയി അവളെ ഞാന്‍ കണ്ടു സംസാരിച്ചു.

'അവന് നിന്നോട് ഒരു പ്രധാന കാര്യം പറയാനുണ്ട്'

'എന്താ അത്?'

വേറൊരാളുടെ കാര്യം ആയതുകൊണ്ട് പറയാന്‍ എനിക്ക് യാതൊരു ചമ്മലും ഇല്ലായിരുന്നു.

'അവന് നിന്നെ വല്യ ഇഷ്ടമാണ്'

'എനിക്ക് തോന്നി, എന്നും ഇങ്ങനെ ഓരോ കാര്യങ്ങള്‍ അന്വേഷിക്കുകയും ചോദിക്കുകയും ചെയ്തന്നു പറഞപ്പോള്‍ തന്നെ ഞാന്‍ ഊഹിച്ചിരുന്നു' അവള്‍ സ്മാര്‍ട്ട് ആയി ഉത്തരം പറഞ്ഞു. 'എന്നിട്ടും ആള് ആരാണന്നു പറഞ്ഞില്ലല്ലോ'

'നീ അറിയുന്ന ആളാണന്നു ഞാന്‍ നേരത്തെ പറഞ്ഞിട്ടുന്ടല്ലോ. അതുകൊണ്ട് ആളുടെ പേരു പറഞ്ഞാല്‍ നീ പോയി പ്രശ്നം ഒന്നും ഉണ്ടാക്കരുത്'

'ഇല്ല'

'ഉറപ്പാണോ?'

അങ്ങനെ അവളോട് കുറെ ഉറപ്പോക്കെ മേടിച്ചു ഞാന്‍ നമ്മുടെ കഥാനായകന്റെ പേരു പറഞ്ഞു. പേരു കേള്‍ക്കുമ്പോള്‍ അവള്‍ ഒന്നു ഞെട്ടുകയോ 'നുണ പറയരുത്' എന്ന് എന്ന് പറയുകയോ ചെയ്യുമെന്ന് ഞാന്‍ കരുതി. കാരണം അവള്‍ ഒട്ടും പ്രതീക്ഷിക്കാത്ത ആള്‍ ആയിരിക്കും അത് എന്ന് എനിക്കുറപ്പുണ്ടായിരുന്നു.

പക്ഷെ എന്റെ പ്രതീക്ഷകള്‍ തെറ്റിച്ചു കൊണ്ട് അവള്‍ ഞെട്ടിയില്ലന്നു മാത്രമല്ല, ഒന്നും മിണ്ടാതെ തല കുനിച്ചു നില്‍ക്കുകയാണ്‌ ഉണ്ടായത്. അത് വരെ ചിരിച്ചു കൊണ്ട് സംസാരിച്ചു നിന്ന അവളുടെ ചുണ്ടിലെ ചിരി മാഞ്ഞുവോ?

'എന്താ എന്ത് പറ്റി?. ഞാന്‍ പറയരുതായിരുന്നന്കില്‍ സോറി' എന്ന എന്റെ വാക്കിനു ശകലം താമസിചിട്ടാനന്കിലും മുഖത്തേക്ക് നോക്കാതെ അവള്‍ പറഞ്ഞ മറുപടിയില്‍ ഞെട്ടിയത് ഞാനാണ്.

'അതല്ല, ഞാന്‍ കരുതി സ്വന്തം കാര്യം ആണ് 'അവന്‍' എന്ന പേരില്‍ ഇതുവരെ പറഞ്ഞിരുന്നതെന്ന്', സ്വരത്തില്‍ അല്പം നിരാശ കലര്‍ന്നിരുന്നുവോ?

'പിന്നെ കാണാം' എന്ന് പറഞ്ഞ ഞാന്‍ ഒരു വിധത്തില്‍ അവിടെ നിന്നും രക്ഷപെട്ടു. അതിന് ശേഷം കഴിയുന്നിടത്തോളം ഞാന്‍ അവളെ ഫേസ് ചെയ്യാതെ നടക്കാന്‍ ശ്രമിച്ചിരുന്നു.

അവളുടെ മറുപടി കേട്ടപ്പോള്‍ 'മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടു പോയി' എന്നായിരുന്നു കൂടപ്പുലം ഹൃതിക് റോഷന്റെ പ്രതികരണം. ഈ സംഭവത്തിനു മുന്‍പും ഇതിന് ശേഷവും പലര്ക്കും വേണ്ടി ഞാന്‍ 'ഹംസ'പ്പണി ചെയ്തിട്ടുണ്ട്, ബട്ട് ഇങ്ങനൊരു അനുഭവം വേറെ ഉണ്ടായിട്ടില്ല എനിക്ക്.

ഓഫ് ദ റെക്കോര്‍ഡ്: കഥാനായികയുടെ കല്യാണക്കുറി ഞാന്‍ കഴിഞ്ഞ ദിവസം കാണുകയുണ്ടായി. അപ്പോഴാണ്‌ ഈ പഴയ കാര്യം ഓര്‍മയില്‍ വന്നത്. പ്രീ ഡിഗ്രി കഴിഞ്ഞ അവള്‍ നേഴ്സിങ്ങിനു പോയിരുന്നു, പിന്നെ എവിടെയോ ജോലി ആയി എന്നും കേട്ടു. ഇപ്പോള്‍ അവള്‍ക്ക് ഇതൊക്കെ ഒര്മയുണ്ടാകുമോ എന്തോ.

Thursday, February 5, 2009

ഫൈനലി ദ അവാര്‍ഡ് ഗോസ് ടു....

എന്തൊക്കെ പറഞ്ഞാലും ഒരു നല്ല സുഹൃദ്ബന്ധം ഉണ്ടാക്കുന്നതില്‍ കള്ളുകുടിയുടെ പ്രാധാന്യത്തെ പറ്റി നിങ്ങള്‍ക്കറിയാമല്ലോ. ഒന്നോ രണ്ടോ വര്‍ഷം ഒന്നിച്ചു പഠിക്കുകയോ അല്ലന്കില്‍ അയല്‍പക്കത്ത്‌ താമസിക്കുന്നവരോ തമ്മില്‍ ഉള്ള സൌഹൃദത്തേക്കാള് വലുതായിരിക്കും ഒന്നിച്ചിരുന്നു രണ്ടു ലാര്‍ജ് വിടുന്നവര്‍ തമ്മിലുള്ള സ്നേഹം. ഇതിനെ ആയിരിക്കും സോഷ്യല്‍ ഡ്രിങ്കിംഗ് എന്ന് പറയുന്നത് അല്ലെ?

കോളേജില്‍ പഠിക്കുന്ന കാലത്ത് പല തവണ ഞാന്‍ കമ്പനി കൂടി ബാറിലും ഷാപ്പിലും ഒക്കെ വെള്ളമടിക്കാന്‍ പോയിട്ടുണ്ട്. ഒരു മുക്കുടിയന്‍ ആയിരുന്നു എന്ന് ആരും തെറ്റിദ്ധരിക്കരുതേ. സത്യത്തില്‍ ഞാന്‍ ഒരു സോഷ്യല്‍ ഡ്രിന്കര്‍ മാത്രമാണ്. സുഹൃത്തുക്കള്‍ നിര്‍ബന്ധിക്കുമ്പോള്‍ 'നോ' എന്ന് പറയാന്‍ പറ്റുമോ?. അവര്‍ക്കു വേണ്ടി മാത്രമാണ്, അല്ലന്കില്‍ പുതിയ ആത്മാര്‍ത്ഥ മിത്രങ്ങളെ ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടു കൂടി മാത്രമാണ് ഞാന്‍ മനസില്ലാ മനസോടെ കോട്ടയത്തെയും എറണാകുളത്തെയും പല മദ്യശാലകളിലും കയറിയിറങ്ങിയത്.

മിക്ക സ്ഥലങ്ങളിലും ഞാന്‍ പോകുന്നത് മദ്യപിക്കാന്‍ ആയിരുന്നില്ല. നോണ്‍ വെജ് അന്നും ഇന്നും എന്റെ ദൌര്‍ബല്യമാണ്. എന്റെ വീട്ടില്‍ എല്ലാവരും സസ്യഭുക്കുകള്‍ ആയതുകൊണ്ട് നല്ല എരിവുള്ള ഇറച്ചിയും മീനും കഴിക്കണമെങ്കില്‍ ബാറിലോ ഷാപ്പിലോ പോകണം. കോട്ടയം, എറണാകുളം ജില്ലകളിലെ നല്ല ഫുഡ് കിട്ടുന്ന ഷാപ്പുകള്‍ ചോദിച്ചാല്‍ ഞാന്‍ പറഞ്ഞു തരുന്നതായിരിക്കും. പക്ഷെ കള്ളിന്റെ ഗുണനിലവാരം ചോദിക്കരുത്. അഹങ്കാരം കൊണ്ടല്ല, അറിയാന്‍ പാടില്ലാഞ്ഞിട്ടാ.

പിന്നെ ഇങ്ങനെ എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ എരിവു പോകാന്‍ ശകലം വെള്ളം കുടിക്കേണ്ടി വരും. കള്ള് ഷാപ്പില്‍ മിനറല്‍ വാട്ടറോ കോക കോളയോ കിട്ടില്ലല്ലോ. അപ്പോള്‍ ആ തിടുക്കത്തില്‍ ഞാന്‍ ഒന്നോ രണ്ടോ ഗ്ളാസ് കള്ള് വിഷമിച്ച് ഇറക്കിയാലായി. അത് തൊണ്ടയിലൂടെ ഇറങ്ങുമ്പോള്‍ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ട്, ഹൊ ഭയന്കാരം തന്നെ. ഈ ആള്‍ക്കാരൊക്കെ എങ്ങനെയാണാവോ കള്ളുകുപ്പികള്‍ തീര്‍ക്കുന്നത്.

പൊടിമീന്‍ ഫ്രൈ, കക്കാ ഇറച്ചി, തവളക്കാല്‍, ഞണ്ട് കറി, പോത്ത് ഉലത്തിയത്, പോര്‍ക്ക് ഫ്രൈ, ബി. ഡി. എഫ്, താറാവിറച്ചി ഫ്രൈ, കരിമീന്‍ വാഴയിലയില്‍ പൊള്ളിച്ചത്, കൊഞ്ചു കറി, പോട്ടി, കോഴിക്കാല്‍ ചുട്ടെടുത്തത് ഇത്യാദി വിഭവങ്ങളുടെ ഒരു ആരാധകന്‍ ആയിരുന്നു ഞാന്‍. ഇതെല്ലം വീട്ടില്‍ ഉണ്ടാക്കാന്‍ പറ്റുമോ?

'പാമ്പിനെ വെട്ടിക്കൊന്നു കറിവച്ചു തന്നാലും നീ തിന്നുമാല്ലോടാ' എന്ന് കൂടെയുള്ളവര്‍ എന്നോട് പറയാറുണ്ട്. ഏകദേശം ശെരിയാണ് താനും. കിട്ടിയാല്‍ തിന്നാന്‍ എനിക്ക് യാതൊരു മടിയുമില്ല. ഉള്ള ചൈനീസ് രസ്റൊരന്റില്‍ ഒക്കെ കയറി പച്ച മീനും, പകുതി വേവിച്ച ഇറച്ചികളും ചൂടുവെള്ളത്തില്‍ കഴുകി എടുത്ത, വേവിക്കാത്ത കാക്കയും പിന്നെ പേരു പോലും അറിയാത്ത വേറെ കുറെ സംഭവങ്ങളും ഒക്കെ തിന്നവനാ ഞാന്‍. ഇനി പാമ്പ് കൂടിയേ ബാക്കി ഉള്ളു.

ഇങ്ങനെ കമ്പനി കൂടി കറങ്ങി നടക്കുന്നത് കൊണ്ട് ഒത്തിരി സുഹൃദ് വലയങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചന്കിലും ഇടക്കൊക്കെ നഷ്ടബോധം തോന്നിയിട്ടുമുണ്ട്. 'ഇന്നു വെള്ളമടിക്കാതിരുന്നന്കില്' എന്ന് ആലോചിച്ചു പോയ ചില നിമിഷങ്ങള്‍'.

കോളേജില്‍ ആര്‍ട്സ് ഫെസ്റിവല്‍, യൂണിയന്‍‍ ഇനാഗുരേഷന്‍, കോളേജ് ഡേ അങ്ങനെ എന്ത് സംഭവം ഉണ്ടായാല്‍ പോലും ഞങ്ങളുടെ വക കലാപരിപാടികള്‍ ഉണ്ടാവും. കലാപരിപാടി എന്നത് കൊണ്ട് ഞാന്‍ ഉദ്ദേശിച്ചത് സ്റ്റേജില്‍ കയറി അവതരിപ്പിക്കുന്ന കോപ്രായങ്ങള്‍ അല്ല. അത്തരം ചീപ് ഏര്‍പ്പാടുകള്‍ക്ക് ഞങ്ങളെ കിട്ടില്ല. സദസ്സില്‍ ഇരിക്കുന്നവരുടെ ഏറ്റവും പുറകില്‍ നിന്നുകൊണ്ട് കൂവുക, പരിപാടികള്‍ മാക്സിമം കുളമാക്കുക, പാട്ടുകള്‍ക്ക് നൃത്തം ചെയ്യുക, ഞാന്‍ ഉദ്ദേശിച്ചത് ഡപ്പാന്കൂത്ത് തുള്ളല്‍ തന്നെ. അങ്ങനത്തെ വീറും വാശിയുമേറിയ, ഏറ്റവും ധൈര്യം വേണ്ട പരിപാടികള്‍.

അതിന് മുന്‍പ് കോളേജിന് അടുത്തുള്ള 'പൂവത്തുങ്കല്‍', 'ചെത്തിമറ്റം', 'പുതുവേലി' മുതലായ സ്ഥലങ്ങളിലെ നാടന്‍ പെട്രോള്‍ ബന്കുകളില്‍ നിന്നും അല്ലന്കില്‍ 'സോഡിയാക്', 'സോണിയ', 'മഹാറാണി', 'രാജധാനി', 'ബ്ളൂമൂണ്‍്' തുടങ്ങിയ ഹൈ ടെക് പമ്പുകളില്‍ നിന്നും ഇന്ധനം നിറച്ചുകൊണ്ടായിരിക്കും ഞങ്ങള്‍ തയാറെടുപ്പുകള്‍ നടത്തുക.

അന്ന് ഒരു കോളേജ് ഡേ ആയിരുന്നു. ഞങ്ങള്‍ മൂന്നാം വര്‍ഷ ഭൌതികശാസ്ത്ര വിദ്ധ്യാര്‍ത്ത്തികള്‍. കോഴ്സ് കഴിഞ്ഞു പലരും പല വഴിക്കും പോകും. എല്ലാവര്ക്കും ഒന്നിച്ചു കൂടി അര്‍മാദിക്കാന്‍ പറ്റുന്ന അവസാനത്തെ കോളേജ് ഡേ.

രാവിലെ തന്നെ 'കേളു' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അനീഷ് എന്നോട് ചോദിച്ചു.

'എടാ, നമുക്ക് ഇന്ന് തകര്‍ക്കണ്ടേ?'

'പിന്നെ വേണ്ടേ, നീ എല്ലാരേയും വിളിക്ക്'

അന്ന് ഞങ്ങള്‍ പാവങ്ങള്‍, എസ്. എം. എസ്., ചാറ്റിംഗ് മുതലായ സഭവങ്ങള്‍ ക്യാമ്പസ്സില്‍ പോപ്പുലര്‍ ആകാത്ത കാലം. വിളിക്കുക എന്ന് പറഞ്ഞാല്‍ ഓരോരുത്തരെയും ചെന്നു തപ്പിപ്പിടിക്കണം.

അങ്ങനെ ഒരു സെറ്റ് ഒത്തു വന്നു. കേളു, സ്റ്റീഫന്‍, 'അന്ധന്‍' ജെയിംസ്, ജേക്കു, രാജി, മാത്തന്‍, കരിംകുന്നം ജോസ്, ചാക്കോച്ചന്‍.... അങ്ങനെ ഒരു പട തന്നെ.

സാധാരണ ഞങ്ങള്‍ ഗാന്ധിജിയുടെ ആള്‍ക്കാരാണ്. 'വിദേശിയെ ബഹിഷ്കരിക്കൂ, സ്വദേശിയെ സ്വീകരിക്കൂ' എന്ന് പറഞ്ഞത് അദ്ദേഹം ആണല്ലോ. ഞങ്ങളുടെ പോക്കറ്റുകള്‍ അന്തോണി സര്ക്കാരിന്റെ ഖജനാവ് പോലെ ആയിരുന്നു താനും.

ബാറില്‍ പോകുന്നതിനു മുന്പ് കോളേജ് ഡേ ക്ക് ആരാണ് വരുന്നത്, ഗാനമേള എപ്പോള്‍ തുടങ്ങും ഇത്യാദി കാര്യങ്ങള്‍ അറിയാന്‍ ആര്‍ട്സ് ക്ലബ്ബ് സെക്റട്ടറി യെ സമീപിച്ചു.

അവനാനങ്കില്‍ അതിലെ ആസനത്തിനു തീ പിടിച്ചത് പോലെ ഓടി നടക്കുന്നു.

'പുതിയ അപ്പനെ കണ്ടു പിടിക്കാന്‍ നടക്കുവാണോഡാ?'

സസ്പെന്‍ഷന്‍ കിട്ടിയപ്പോള്‍ 'അപ്പനെ വിളിച്ചോണ്ട് വന്നിട്ട് ക്ലാസ്സില്‍ കയറിയാല്‍ മതി' എന്ന പ്രധാനാധ്യാപകന്റെ കല്പന അനുസരിക്കുന്നതിനു വേണ്ടി അപ്പനെ വാടകക്ക് കൊണ്ടുവന്ന ചരിത്രം അവനുണ്ട്.

'മിസ്റ്റര്‍ തോമസ് ഓഫീസിലേക്ക് വരൂ' എന്ന് സാര്‍ പറഞ്ഞപ്പോള്‍ 'ആരാ ഈ തോമസ്?' എന്ന രീതിയില്‍ വാടക അപ്പന്‍ ചുറ്റും നോക്കി.

'എന്റെ അപ്പന്റെ പേരാണ് തോമസ്' എന്ന് അവന് അവിടെ നിന്നും വിളിച്ചു പറയാന്‍ പറ്റില്ലല്ലോ. പാവത്തിന് രണ്ടു ആഴ്ച കൂടി സസ്പെന്‍ഷന്‍ നീട്ടിക്കിട്ടി.

'അല്ലടാ, അധ്യക്ഷന്‍ ഇതുവരെ വന്നില്ല'

'ആരാ?'

'ബാലചന്ദ്രന്‍ ചുള്ളിക്കാട്'

'നിനക്കു ലാലേട്ടനെയോ മമ്മൂട്ടിയേയോ വിളിക്കാന്‍ മേലാരുന്നോടാ അലവലാതീ'

'പിന്നെ അവര് എന്റെ അമ്മായിയുടെ അനിയന്മാരല്ലേ വിളിക്കുന്ന ഉടനെ വരാന്‍' (പറഞ്ഞ മറുപടി ശകലം മാറ്റങ്ങള്‍ വരുത്തിയാണ് ഇവിടെ ക്വൊട്ട് ചെയ്തിരിക്കുന്നത്). അവന്‍ തീ അണക്കാനുള്ള മാര്‍ഗം തേടി പോയി.

'ഉച്ച വരെ സമയം കളയാന്‍ എങ്ങോട്ടാടാ നമ്മള്‍ പോകുന്നത്?', ഞാന്‍ കേളുനോട് ചോദിച്ചു.

'സ്ഥിരം പൂവത്തുംകല് ആയാലോ?'.

'വേണ്ട, ഇന്നു അവിടെ മുഴുവന്‍ പൊടി ഇട്ട സാധനം ആയിരിക്കും. പിന്നെ തിരക്കും', രാജിക്ക് നല്ല അനുഭവ സമ്പത്ത്.

'ഇന്നു കോളേജ് ഡേ ആയതുകൊണ്ട് കുറച്ചൊക്കെ സ്റ്റാന്ഡേര്ഡ് വേണമല്ലോ. അതുകൊണ്ട് ഗാന്ധിജിയെ നമുക്കൊന്ന് മറക്കാം'

'എന്നാ സോഡിയാക്കില് നോക്കിയാലോ?'

'നമ്മടെ സാറുമ്മാരുടെ മുന്നില്‍ തന്നെ ചെന്നു ചാടണോ? അത് ശേരിയാകില്ലടാ'.

'ഹോ സ്റ്റീഫന് മാത്രമെ ശകലം എനിക്കും ബഹുമാനം ഉള്ളു'

'അല്ല, അവര്ക്കു കൂടി വാങ്ങി കൊടുക്കാന്‍ കാശില്ലാത്തത്‌ കൊണ്ടാ'

'നമുക്കു റൂംഎടുക്കാടാ'

അങ്ങനെ സോഡിയാക്കിലെ അരണ്ട വെളിച്ചത്തില്‍ ഇരുന്നു 'തേനീച്ച' യെ ഞങ്ങള്‍ പൊതിഞ്ഞു. ചൂടു പൊറോട്ടയും ചപ്പാത്തിയും ചിക്കന്‍, ബീഫ് കറികളും.

'മണം ഉണ്ടോടാ?' കേളു എന്റെ മുഖത്തേക്ക് ഊതിയിട്ട് ഒരു ചോദ്യം.

'ഇതു സുഗന്ധമല്ലേടാ, നീയെന്തിനാ വിഷമിക്കുന്നേ?'

'ക്ലാസ്സിലെ പെണ്പിള്ളേര്ക്ക് ഈ മണം അടിച്ചാല്‍ മോശം അല്ലെ അളിയാ?'

'പിന്നേ, നീ വല്യ പുണ്യാളന്‍. നവോദയയില്‍ പഠിച്ചിരുന്ന കാലത്ത് ഹോസ്റ്റലില്‍ നിന്നും രാത്രി മതില്‍ ചാടി പുറത്തു പോയി ബ്രാണ്ടി അടിച്ചത് കയ്യോടെ പൊക്കിയപ്പോള്‍ കിട്ടിയ അടിയുടെ പാടു ഇപ്പോഴും നിന്റെ ചന്തിയില്‍ തന്നെ ഇല്ലേ?'

'പോടാ ****' 'രാജി, നീ ഫിറ്റ് ആണ്. ഇനി അടിക്കണ്ട'. ജയിംസിന്റെ ഉപദേശം.

'പോടാ അന്ധന്‍ കൊണാപ്പാ. നീ വാള് വക്കാതെ നോക്കിയാ മതി'

'ഗാനമേള തുടങ്ങാരായെടാ. വേഗം തീര്‍ക്ക്'

ഒരു വിധത്തില്‍ ബില്‍ ഒക്കെ സെറ്റില്‍ ചെയ്ത് ഞങ്ങള്‍ കോളേജില്‍ എത്തി. ഓഡിട്ടൊറിയത്തിന്ടെ പുറകിലത്തെ വാതിലിനടുത്ത് ചെന്നപ്പോള്‍ അതിന് മുന്‍പില്‍ നെഞ്ചും വിരിച്ച് 'സെബാന്‍', ഞങ്ങളുടെ ക്ലാസ് ഇന്‍ ചാര്‍ജ്!

ഒരു അദ്ധ്യാപകന്‍ എന്ന രീതിയില്‍ സര്‍ ഞങ്ങളോട് പെരുമാറാറുള്ളത് ക്ലാസ്സിനു അകത്തു വരുമ്പോള്‍ മാത്രം. പുറത്തു ഞങ്ങളുടെ ആത്മ മിത്രം. സാറിനേപ്പറ്റി പറയാനാണങ്കില് ഒത്തിരിയുണ്ട്.

ടൂര്‍ നു പോയപ്പോള്‍ ഞങ്ങളുടെ കൂടെ ഇരുന്നു രണ്ടെണ്ണം വീശുകയും ആത്മാവിന് പുക കൊടുക്കുകയും ചെയ്ത 'സെബാന്‍'.

പ്രാക്ടിക്കല്‍ എക്സാം ഇവാല്യുവേഷന് വേറെ കോളേജില്‍ നിന്നും വന്ന സാറിനോട് നിര്‍ബന്ധിച്ച് എനിക്ക് ഫുള്‍ മാര്‍ക്ക് വാങ്ങിത്തന്ന 'സെബാന്‍'

ടൂറിനു ഊട്ടിയില്‍ നിന്നും മേട്ടുപ്പാളയത്തേക്ക് പോകുമ്പോള്‍ 'മന്മത റാസാ' ഗാനത്തിന് ചുവടുകള്‍ വച്ചിരുന്ന എന്നെ നോക്കി 'നിന്റെ താളം പോര. ഒന്നു കൂടി അടിചിട്ട് വന്നു തുള്ളടാ' എന്ന് മൊഴിഞ്ഞ 'സെബാന്‍'

സ്റ്റഡി ലീവിന്റെ സമയത്തും കോളേജില്‍ വന്നു ജൂനിയര്‍ പെണ്പിള്ളേരുമായി സോള്ളിക്കൊണ്ടിരുന്ന എന്നെ വിളിച്ച് ചീത്ത പറഞ്ഞ 'സെബാന്‍'

കോളേജ് ഇലക്ഷനില്‍ കെ. എസ്. യു. എനിക്ക് സീറ്റ് തന്നത് അറിഞ്ഞപ്പോള്‍ 'നീ ഇലക്ഷന് നില്‍ക്കരുത്, നിന്റെ കരിയറിനെ ബാധിക്കും' എന്ന് ഉപദേശിച്ച് പിന്തിരിപ്പിച്ച 'സെബാന്‍'.

അങ്ങനെ പെഴ്സനലി കക്ഷിക്ക് എന്നെ വല്യ കാര്യമായിരുന്നു.

സെബാനെ കണ്ടതും സംഘത്തിലെ പലരും പലവഴിക്ക് മുങ്ങി. എനിക്ക് ഓടാന്‍ ഒരു അവസരം കിട്ടിയില്ല. ആദ്യരാത്രിയില്‍ ഭര്‍ത്താവിനു മുന്നിലേക്ക് പോകുന്ന നവവധുവിന്റെ നാണത്തോടെ ഞാന്‍ സെബാന്റെ അടുത്ത് ചെന്നു.

സെബാന്‍ മുഖം ചുളിച്ച് എന്നെ നോക്കി, എന്നിട്ട് ചോദിച്ചു.

'എവിടെ പോയി കിടക്കുവാരുന്നടാ നീ ഇത്രയും നേരം?'

' അത് പിന്നെ.... ഇന്ന് കോളേജ് ഡേ ഒക്കെ അല്ലെ സാറേ'

'ബോധം വല്ലതും ബാക്കി ഉണ്ടോ?'

'പിന്നെ, ഗാനമേളക്ക് തുള്ളനമല്ലോ'

'പ്രൈസ് ഡിസ്ട്രിബ്യൂഷന്റെ സമയത്തെങ്കിലും നിനക്കു എത്താമായിരുന്നില്ലേടാ?'

'അതിന് എനിക്കെന്തു സമ്മാനം സാറേ'

'ഡാ, മരത്തലയാ'.

സാറിന് എന്നെ വേറെന്തോ വിളിക്കണമെന്നുണ്ടായിരുന്നു എന്നെനിക്കു തോന്നി.

'ബെസ്റ്റ് ഔട്ട്ഗോയിംഗ് സ്ടുഡന്റ്റ് അവാര്‍ഡ് നിനക്കായിരുന്നു'

ഞാന്‍ വായും പൊളിച്ച് നിന്നു പോയി.

'എനിക്കോ???? ഞാന്‍ അറിഞ്ഞിരുന്നില്ല സാറേ'

'അത് ഇപ്പഴല്ലേടാ അനൌണ്‍സ് ചെയ്യൂ, നിന്റെ പേരു മൂന്നു പ്രാവശ്യം വിളിച്ചു. നീ അവാര്‍ഡ് മേടിക്കുമ്പം എനിക്കല്ലേടാ അതിന്റെ അഭിമാനം, നീ എന്റെ സ്ടുഡന്റ്റ് ആയതുകൊണ്ട്?'

ഒന്നും മിണ്ടാതെ തല കുനിച്ച് നിന്നതേ ഉള്ളു ഞാന്‍. അവാര്‍ഡ് പിന്നെ ഓഫീസ് റൂമില്‍ പോയി വേണമെങ്കിലും വാങ്ങിക്കാം. പക്ഷെ കോളേജിലെ തരുണീമണികളുടെ മുന്നില്‍ വച്ച് അത് കൈപ്പറ്റുക എന്ന് പറയുന്നത് ചില്ലറ കാര്യം വല്ലതും ആയിരുന്നോ? പോയ ബുദ്ധി പിടിച്ചാല്‍ കിട്ടില്ലല്ലോ.

സോഡിയാക്കില്‍ പോകാതിരുന്നന്കില്‍ എന്ന് അറിയാതെ തോന്നിപ്പോയി. അന്ന് ഗാനമേളക്ക് ഡാന്‍സ് കളിക്കാനോ പ്രൈസ് കിട്ടിയതില്‍ സന്തോഷമോ തോന്നിയില്ല. പിന്നീട് മൂന്നു വര്‍ഷം കൂടി കോളേജില്‍ പഠിച്ചങ്കിലും അത് പോലെ ഒരു അവസരം എനിക്ക് വീണ്ടും കിട്ടിയതുമില്ല.

****

ഓഫ് ദ റെക്കോര്‍ഡ്: ആ അവാര്‍ഡിന് ഞാന്‍ എങ്ങനെ തിരഞ്ഞെടുക്കപ്പെട്ടു എന്ന് നിങ്ങള്ക്ക് തോന്നിയത് പോലെ ഒരു സംശയം അന്ന് എനിക്കും തോന്നാതിരുന്നില്ല. പിന്നെ ക്ലാസ്സ് കട്ട് ചെയ്യലും പഞ്ചാര അടിയും അലമ്പ് പരിപാടികളും അല്പസ്വല്പം 'മധുര' പാനവും ഒക്കെ ഉണ്ടായിരുന്നന്കിലും ബേസിക്കലി ഞാന്‍ ഒരു 'നീറ്റ്‌' ആയിരുന്നത് കൊണ്ടും അക്കാദമിക് വിഷയങ്ങളില്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ച വച്ചിരുന്നത് കൊണ്ടും എന്റെ പേരു നോമിനേറ്റ് ചെയ്തു എന്ന് ഞാന്‍ അങ്ങ് വിശ്വസിച്ചു.