Wednesday, February 11, 2009

ഹംസം

കൂടപ്പുലം കാരുടെ ഹൃതിക് റോഷന്‍ ആര് എന്ന് ചോദിച്ചാല്‍ ഞങ്ങള്‍ക്ക് ഒരു ഉത്തരമേ ഉള്ളു. 'ബിജുമോന്‍, കിഴക്കേല്‍ മാധവച്ചേട്ടന്റെ മകന്‍ ബിജുമോന്‍'

അഞ്ചടി എട്ടിഞ്ച് പൊക്കവും കാടമുട്ടകള്‍ തിന്നു പെരുപ്പിച്ച മസിലുകളും ഐ. കെ. ഗുജ്റാളിനെ പോലും തോല്‍പ്പിക്കുന്ന ഫ്രെന്ച്ച് താടിയും കാവ്യ മാധവന്‍ കണ്ടാല്‍ നാണിച്ചു പോകുന്ന തരത്തിലുള്ള ഉണ്ടക്കന്നുകളും നാല് പൊന്മാന്‍ (കിംഗ്‌ഫിഷര്‍ എന്ന് പരിഭാഷ) ഉള്ളില്‍ ചെന്നാല്‍ ഉടന്‍ 'സ്വോര്‍ഡ്' എടുക്കുന്ന സ്റ്റാമിനയും ഞങ്ങടെ ബിജുമോന് അല്ലാതെ മറ്റാര്‍ക്ക് ഉണ്ട്?

കൂടപ്പുലത്തെ മാത്രമല്ല, പരിസര പ്രദേശങ്ങളിലെയും തരുനീമനികളുടെ സ്വപ്നങ്ങളില്‍ ഗന്ധര്‍വനെ പോലെ വന്നിരുന്നതും മറ്റാരുമല്ല, ഈ ബിജുമോന്‍. അങ്ങനെ കൂടപ്പുലത്തിന്റെ അഭിമാനമായി (അപമാനം എന്ന് പറയുന്നവര്‍ വെറും അസൂയക്കാര്‍) കക്ഷി വിലസുന്ന സമയം.

'മോന്‍' എന്ന് പേരില്‍ ഉള്ളത് കൊണ്ട് കക്ഷി സ്കൂളില്‍ ആണന്നൊന്നും കരുതരുതേ. ബിജുമോനു പ്രായം ഇരുപത്തി എട്ട്. ഈ 'മോന്‍' കാരണം പെണ്ണുകെട്ടി നാല് പിള്ളേര്‍ ആയാലും ചെറുപ്പം തോന്നിക്കുമെടാ എന്ന് ഞങ്ങള്‍ പറയുമായിരുന്നു. 'മോന്‍' എന്നതിന് മുന്‍പ് 'ബിജു'വിനു പകരം മറ്റു ചില പദങ്ങള്‍ ചേര്‍ത്തും 'ഷൂട്ടര്‍' എന്നും ഒക്കെ ഞങ്ങളെ അവനെ വിളിച്ചു പോന്നു.

കോളേജില്‍ ആയിരുന്നപ്പോള്‍ എന്‍. സി. സി. യിലെ സജീവ സാന്നിധ്യം ആയിരുന്നു കക്ഷി. ഇന്ത്യന്‍ പ്രസിഡന്റിനു മുന്‍പില്‍ പരേഡ് അവതരിപ്പിക്കാന്‍ പോണം എന്ന ഒരേയൊരു ലക്ഷ്യത്തിനു വേണ്ടി (അല്ലാതെ കാന്റീനില്‍ നിന്നും കിട്ടുന്ന 'അന്‍ലിമിറ്റഡ്' അപ്പത്തിനും മുട്ടക്കറിക്കും വേണ്ടി അല്ലേ അല്ല) ഒന്നരക്കിലോ ഭാരം വരുന്ന ഷൂവും കാലില്‍ കയറ്റി കുന്നുകള്‍ കയറാനും, കിടങ്ങുകള്‍ ചാടിക്കടക്കാനും, ഹിന്ദിയില്‍ തെറി പറയാനും ഒക്കെ മുടങ്ങാതെ പ്രാക്ടീസ് ചെയ്തുകൊണ്ടിരുന്നു ബിജുമോന്‍. ഉന്നം തെറ്റാതെ വെടിവക്കുന്നതില്‍ ആയിരുന്നു ബിജുമോന്റെ 'സ്പെഷ്യലൈസേഷന്‍', അങ്ങനെ കിട്ടിയ വിളിപ്പേരാണ് 'ഷൂട്ടര്‍'

ബിജുമോനു സ്വഭാവഗുനങ്ങളില്‍ ഏറ്റവും പ്രധാനം സ്നേഹിക്കാനുള്ള കഴിവാണ്. അത് ശകലം കൂടിപ്പോയത്‌ കൊണ്ട് ഒരാളില്‍ മാത്രം ആ സ്നേഹം ഒതുങ്ങാറില്ലന്നു മാത്രം. പിന്നെ കൂടപ്പുലത്ത് നിന്നുള്ള ഏതൊരു 'പുലി'യേയും പോലെ അല്പസ്വല്പം വായനോട്ടവും, ഇതൊക്കെ ഒരു തെറ്റാണോ അല്ലേ?

ഒരു നോക്കുകുത്തിയെ ചുരിദാര്‍ ഇടീപ്പിച്ച് വച്ചാല്‍ പോലും 'മനസില്ലാമനസോടെ' അതിലേക്ക് ഒന്നു നോക്കിപോകുന്ന അത്രയും ശുദ്ധനായ ബിജുമോന്‍

പാലാ സെയിന്റ് തോമസ് കോളേജില്‍ ബിജുമോന്‍ ഡിഗ്രിക്ക് പഠിക്കുന്നു, ഞാന്‍ ഉഴവൂര്‍ സെയിന്റ് സ്റ്റീഫന്‍സ് കോളേജിലും. സ്വന്തം കോളേജില്‍ പോകാറില്ലന്കിലും ഉഴവൂര്‍ കോളേജില്‍ ഹാജര്‍ വക്കാന്‍ എന്ന് ബിജുമോന്‍ വരുമായിരുന്നു, ഞങ്ങള്‍ പോകുന്ന അതെ ബസില്‍ തന്നെ. അതിന്റെ പുറകില്‍ ഒരേയൊരു നഗ്ന സത്യം മാത്രം. പാലാ കോളേജില്‍ പെണ്‍കുട്ടികള്‍ ഇല്ല!

ഞാനും കുഞ്ഞേട്ടായി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ശ്രീജിത്തും (രണ്ടാം വര്‍ഷ എക്കണോമിക്സ്, സെയിന്റ് സ്റ്റീഫന്‍സ്) ബിജുമോനും ഒന്നിച്ചു ആയിരുന്നു കോളേജിലെ കറക്കങ്ങള്‍. അങ്ങനത്തെ ഒരു കറക്കത്തിനിടയില്‍ ആണ് ആ പെണ്‍കുട്ടി ബിജുമോന്റെ കണ്ണില്‍ പെട്ടത്.

മിഡിയും ടോപ്പും ഇട്ട, തോളിനെ 'തൊട്ടു തൊട്ടില്ല' എന്ന രീതിയില്‍ തൂങ്ങിക്കിടക്കുന്ന നീളത്തിലുള്ള കമ്മലുകള്‍ അണിഞു, കൊഴുക്കൊട്ട പോലിരിക്കുന്ന ഒരു പെണ്കുട്ടി. കൂട്ടുകാരികലോട് ചറപറാ സംസാരിക്കുകയായിരുന്നു അവള്. 'കൊള്ളാലോ വീഡിയോണ്‍' ബിജുവിന്റെ ആത്മഗതം പുറത്തു വന്നു.

കക്ഷി ഞങ്ങള്‍ എല്ലാരും അറിയുന്ന ആള് തന്നെ ആയിരുന്നു, ബസ്സിലെ ഒരു സഹയാത്രിക. പക്ഷെ ഞാന്‍ ആ കോളേജില്‍ പഠിക്കുന്നത് കൊണ്ടും, അവളോട് ഞാന്‍ മുന്‍പ് സംസാരിച്ചിട്ടുണ്ടന്നു പറഞ്ഞു പോയത് കൊണ്ടും അവളോട് ബിജുവിന്റെ ഇഷ്ടം അറിയിക്കാനുള്ള ഭാരിച്ച ഉത്തരവാദിത്വം എന്റെ തലയില്‍ ആയി.

'തനിക്ക് നേരിട്ടു പറഞ്ഞു കൂടേ? നിങ്ങള്ക്ക് പരസ്പരം അറിയാമല്ലോ' ഞാന്‍ ബിജുവിനോട് ചോദിച്ചു.

'അത് ശെരിയാകില്ല. ഒരു പരിചയം ഉണ്ടന്ന് മാത്രമെ ഉള്ളു, ഞാന്‍ അധികമൊന്നും സംസാരിച്ചിട്ടില്ല അവളോട്, പിന്നെ ചാടിക്കേറി എങ്ങനാ ഇതൊക്കെ പറയുന്നേ. നിനക്കാണേല്‍ അതിന്റെ രീതിയില്‍ അവതരിപ്പിക്കാന്‍ പറ്റുമല്ലോ'.

ബിയര്‍ കുപ്പികളും ചിക്കന്‍ ബിരിയാനികളും കാട്ടി അവന്‍ എന്നെ പ്രലോഭിപ്പിച്ചപ്പോള്‍ ഞാന്‍ സമ്മതം മൂളി.

പിറ്റേന്ന് തന്നെ ഞാന്‍ അവളുടെ ക്ലാസിലേക്ക് പോയി, ഒരു സുഹൃദ് ബന്ധം സ്ഥാപിക്കുന്നതിന് വേണ്ടി. നല്ല ഒരു കമ്പനി ഉണ്ടാക്കി എടുക്കാന്‍ പറ്റിയാല്‍ പിന്നെ അവന്റെ കാര്യം പറയാന്‍ എളുപ്പം ഉണ്ടല്ലോ.

അന്നത്തെ ദിവസം അവള്‍ കൂട്ടുകാരികളുടെ കൂടെ നില്‍ക്കുകയായിരുന്നു. അതില്‍ നിന്നും അവളെ മാത്രം മാറ്റി നിര്‍ത്താന്‍ ഞാന്‍ കുറച്ചു കഷ്ടപ്പെട്ടു. കണ്ടാല്‍ ശകലം തന്റേടി ആണന്നു തോന്നിയിരുന്നന്കിലും ആള് പഞ്ച പാവമാനന്നു രണ്ട് ദിവസം കൊണ്ടു തന്നെ എനിക്ക് മനസിലായി. ഒരു സ്കൂള്‍ കുട്ടിയുടെ 'മച്ച്യുരിറ്റി' മാത്രം. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഞങ്ങള്‍ നല്ല കമ്പനി ആയി. എന്തിനും ഏതിനും എന്നോട് വന്നു അഭിപ്രായങ്ങള്‍ ചോദിക്കുന്ന രീതിയിലായി കാര്യങ്ങള്‍.

അതുകൊണ്ട് ഞാനും കുറെ ബുദ്ധിമുട്ടി. ആള് സെക്കന്റ് ഗ്രൂപ്പ് ആയിരുന്നു, ഒരു ദിവസം സുവോളജിയുടെ റെക്കോര്‍ഡ് ബുക്ക് എന്റെ കയ്യില്‍ തന്നിട്ട 'രാകേഷേട്ടാ, ഇതില്‍ പടം വരച്ചു തരുവോ?' എന്നൊരു ചോദ്യം!

ഒന്നാമത് കണ്ട തവളയുടെം പല്ലീടെം ചെമ്പരത്തി പൂവിന്റെയും ഒക്കെ പടം വരക്കുക എന്നത് ഭയങ്കര ബോറന്‍ ഏര്‍പ്പാടാണ് (എനിക്ക് അറിയാന്‍ മേലാഞ്ഞിട്ടല്ല). പിന്നെ എന്റെ തന്നെ അസൈന്മെന്റുകള്‍ ഞാന്‍ ക്ലാസിലെ പെണ്‍്പിള്ളേരേ 'തേനേ, പാലെ' എന്നൊക്കെ വിളിച്ചും, 'മന്ച്ച് മേടിച്ചു തരാം, ഡയറി മില്‍ക്ക് തരാം' എന്നൊക്കെ പറഞ്ഞ പ്രലോഭിപ്പിച്ചും ഒക്കെ ആണ് ഒപ്പിക്കാര്.

ഒരു പ്രാവശ്യം ഹിന്ദിയുടെ മൂന്നു അസൈന്മെന്റ് മൂന്നു പേരേക്കൊണ്ടാണ് ഞാന്‍ എഴുതിച്ചത്! എല്ലാം വാല്യു ചെയ്തത് ഒരേ ആളും. മനസിലാകാഞ്ഞിട്ടോ അതോ പോട്ടെന്നു വച്ചിട്ടോ, ഏതായാലും ഞാന്‍ പിടിക്കപ്പെട്ടിട്ടില്ല.

അങ്ങനെയുള്ള ഞാന്‍ പടം വരക്കുക എന്ന് പറഞ്ഞാല്‍! വേറെ ആര്‍ക്കും കൊടുക്കാനും പറ്റില്ല. 'അവളുടെ റെക്കോര്‍ഡ് ബുക്ക് നിന്റെ കയ്യില്‍ എങ്ങനെ വന്നെടാ' എന്ന് ആരെങ്കിലും ചോദിച്ചാല്‍ 'ചുമ്മാ സൌഹൃദത്തിന്റെ പേരില്‍' എന്ന എന്റെ മറുപടി ഞാന്‍ പോലും വിശ്വസിക്കില്ല, പിന്നെയല്ലേ ബാക്കിയുള്ളവര്‍.

'ബിജുമോനേ, ഈ പടമെല്ലാം വരച്ചു താടാ' എന്ന് പറഞ്ഞപ്പം ' എനിക്ക് അറിയില്ല' എന്ന് മറുപടിയില്‍ അവന്‍ സ്മൂത്ത് ആയി ഒഴിഞ്ഞു മാറി. ഏറ്റു പോയില്ലേ, പറ്റില്ല എന്ന് അവളോട്‌ പറയുന്നതെങ്ങനെ. എന്റെ അഭിമാനപ്രശ്നം. കൂടാതെ ഒരു പെണ്‍കുട്ടിയുടെ മുഖത്ത് നോക്കി 'നോ' എന്ന് പറഞ്ഞാല്‍ മോശമല്ലേ, നാട്ടുകാര്‍ അറിഞ്ഞാല്‍ എന്ത് വിചാരിക്കും?

ഒരു വിധത്തില്‍ രാതി ഉറക്കമിളച്ച് ഞാന്‍ തന്നെ അതെല്ലാം വരച്ചു കൊടുത്തു. അത് കയ്യില്‍ കിട്ടിയപ്പം അവളുടെ സന്തോഷം ഒന്നു കാണേണ്ടത് തന്നെ ആയിരുന്നു.

അങ്ങനെ തമ്മില്‍ ഒരു അടുപ്പം തോന്നിയതിനു ശേഷം ഒരു ദിവസം ഞാന്‍ അവളോട് പറഞ്ഞു

'നിന്നെ ഒരാള്‍ അന്വേഷിച്ചിട്ടുണ്ട്'

'ആരാ അത്'

'അത് ഞാന്‍ ഇപ്പം പറയില്ല, അവന്‍ ഇപ്പോള്‍ സ്ക്രീനിനു പിറകില്‍ നില്‍ക്കാനാണ് ഇഷ്ടം. പക്ഷേ കക്ഷി നീ അറിയുന്ന ആളാണ്'

അവള്‍ കുറെ നേരം ചോദിച്ചങ്കിലും ആരാണ് ആ ആള്‍ എന്ന് ഞാന്‍ പറഞ്ഞില്ല. അന്ന് മുതല്‍ എല്ലാ ദിവസവും ഞാന്‍ ഈ പരിപാടി തുടര്‍ന്നു. 'അവന്‍ അന്വേഷിച്ചു, അവന്‍ അത് ചോദിച്ചു, നിന്റെ ഇന്നത്തെ ഡ്രസ്സ് അവന് ഇഷ്ടപ്പെട്ടന്ന് പറഞ്ഞു..' അങ്ങനെ പലതും എനിക്ക് തോന്നിയത് പോലെ ഞാന്‍ പറഞ്ഞു കൊണ്ടിരുന്നു.

അവള്‍ എന്നും നിര്‍ബന്ധിക്കും ആരാ അതെന്നറിയാന്‍, എങ്കിലും ഞാന്‍ പറഞ്ഞില്ല. പക്ഷെ എന്നും 'അവന്‍' പറഞ്ഞ കാര്യങ്ങള്‍ എന്തെന്നറിയാന്‍ അവള്‍ കാത്തിരുന്നത് പോലെ എനിക്ക് തോന്നി. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ ഈ ഒളിച്ചു കളി അവസാനിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു. അന്ന് രാവിലെ തന്നെ ക്ളാസില്‍ പോയി അവളെ ഞാന്‍ കണ്ടു സംസാരിച്ചു.

'അവന് നിന്നോട് ഒരു പ്രധാന കാര്യം പറയാനുണ്ട്'

'എന്താ അത്?'

വേറൊരാളുടെ കാര്യം ആയതുകൊണ്ട് പറയാന്‍ എനിക്ക് യാതൊരു ചമ്മലും ഇല്ലായിരുന്നു.

'അവന് നിന്നെ വല്യ ഇഷ്ടമാണ്'

'എനിക്ക് തോന്നി, എന്നും ഇങ്ങനെ ഓരോ കാര്യങ്ങള്‍ അന്വേഷിക്കുകയും ചോദിക്കുകയും ചെയ്തന്നു പറഞപ്പോള്‍ തന്നെ ഞാന്‍ ഊഹിച്ചിരുന്നു' അവള്‍ സ്മാര്‍ട്ട് ആയി ഉത്തരം പറഞ്ഞു. 'എന്നിട്ടും ആള് ആരാണന്നു പറഞ്ഞില്ലല്ലോ'

'നീ അറിയുന്ന ആളാണന്നു ഞാന്‍ നേരത്തെ പറഞ്ഞിട്ടുന്ടല്ലോ. അതുകൊണ്ട് ആളുടെ പേരു പറഞ്ഞാല്‍ നീ പോയി പ്രശ്നം ഒന്നും ഉണ്ടാക്കരുത്'

'ഇല്ല'

'ഉറപ്പാണോ?'

അങ്ങനെ അവളോട് കുറെ ഉറപ്പോക്കെ മേടിച്ചു ഞാന്‍ നമ്മുടെ കഥാനായകന്റെ പേരു പറഞ്ഞു. പേരു കേള്‍ക്കുമ്പോള്‍ അവള്‍ ഒന്നു ഞെട്ടുകയോ 'നുണ പറയരുത്' എന്ന് എന്ന് പറയുകയോ ചെയ്യുമെന്ന് ഞാന്‍ കരുതി. കാരണം അവള്‍ ഒട്ടും പ്രതീക്ഷിക്കാത്ത ആള്‍ ആയിരിക്കും അത് എന്ന് എനിക്കുറപ്പുണ്ടായിരുന്നു.

പക്ഷെ എന്റെ പ്രതീക്ഷകള്‍ തെറ്റിച്ചു കൊണ്ട് അവള്‍ ഞെട്ടിയില്ലന്നു മാത്രമല്ല, ഒന്നും മിണ്ടാതെ തല കുനിച്ചു നില്‍ക്കുകയാണ്‌ ഉണ്ടായത്. അത് വരെ ചിരിച്ചു കൊണ്ട് സംസാരിച്ചു നിന്ന അവളുടെ ചുണ്ടിലെ ചിരി മാഞ്ഞുവോ?

'എന്താ എന്ത് പറ്റി?. ഞാന്‍ പറയരുതായിരുന്നന്കില്‍ സോറി' എന്ന എന്റെ വാക്കിനു ശകലം താമസിചിട്ടാനന്കിലും മുഖത്തേക്ക് നോക്കാതെ അവള്‍ പറഞ്ഞ മറുപടിയില്‍ ഞെട്ടിയത് ഞാനാണ്.

'അതല്ല, ഞാന്‍ കരുതി സ്വന്തം കാര്യം ആണ് 'അവന്‍' എന്ന പേരില്‍ ഇതുവരെ പറഞ്ഞിരുന്നതെന്ന്', സ്വരത്തില്‍ അല്പം നിരാശ കലര്‍ന്നിരുന്നുവോ?

'പിന്നെ കാണാം' എന്ന് പറഞ്ഞ ഞാന്‍ ഒരു വിധത്തില്‍ അവിടെ നിന്നും രക്ഷപെട്ടു. അതിന് ശേഷം കഴിയുന്നിടത്തോളം ഞാന്‍ അവളെ ഫേസ് ചെയ്യാതെ നടക്കാന്‍ ശ്രമിച്ചിരുന്നു.

അവളുടെ മറുപടി കേട്ടപ്പോള്‍ 'മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടു പോയി' എന്നായിരുന്നു കൂടപ്പുലം ഹൃതിക് റോഷന്റെ പ്രതികരണം. ഈ സംഭവത്തിനു മുന്‍പും ഇതിന് ശേഷവും പലര്ക്കും വേണ്ടി ഞാന്‍ 'ഹംസ'പ്പണി ചെയ്തിട്ടുണ്ട്, ബട്ട് ഇങ്ങനൊരു അനുഭവം വേറെ ഉണ്ടായിട്ടില്ല എനിക്ക്.

ഓഫ് ദ റെക്കോര്‍ഡ്: കഥാനായികയുടെ കല്യാണക്കുറി ഞാന്‍ കഴിഞ്ഞ ദിവസം കാണുകയുണ്ടായി. അപ്പോഴാണ്‌ ഈ പഴയ കാര്യം ഓര്‍മയില്‍ വന്നത്. പ്രീ ഡിഗ്രി കഴിഞ്ഞ അവള്‍ നേഴ്സിങ്ങിനു പോയിരുന്നു, പിന്നെ എവിടെയോ ജോലി ആയി എന്നും കേട്ടു. ഇപ്പോള്‍ അവള്‍ക്ക് ഇതൊക്കെ ഒര്മയുണ്ടാകുമോ എന്തോ.

2 comments:

Unknown said...

ഒരു പെണ്‍കുട്ടിയുടെ മനസ് പിച്ചിച്ചീന്തിയ കശ്മലാ.....

kichu... said...

The Roblex nodu njaanu yojikkunnu

paaavam penkutty :(