Monday, April 13, 2009

എസ്. പി. യുടെ മരുമോന്‍

പോലീസ് ചെക്കിംഗ് എന്താണന്നും 'പെറ്റി' അടിക്കാന്‍ അവര്‍ എന്തൊക്കെ ലൂപ് ഹോള്‍സ് തേടുമെന്നും വണ്ടി ഓടിച്ചു പരിചയമുള്ള എല്ലാ സുഹൃത്തുക്കള്‍ക്കും അറിയാമായിരിക്കുമല്ലോ. പതിനാറാം വയസ്സില്‍, ലൈസെന്‍സ് കിട്ടുന്നതിനു മുന്‍പ് തന്നെ, വണ്ടി ഓടിച്ചു തുടങ്ങിയ ഈയുള്ളവന് അഭിമുഖീകരിച്ച ചില 'ചെക്കിന്ഗ്' വിശേഷങ്ങള്‍ പറഞ്ഞുകൊണ്ടാണ് ഇന്ന് നിങ്ങളുടെ കഴുത്തില്‍്‍ ഞാന്‍ കത്തി വക്കാന്‍ പോകുന്നത്.
 
ഞാന്‍ ആദ്യമായി ഓടിച്ച മോട്ടോര്‍ വാഹനം ഒരു കൈനെറ്റിക് ഹോണ്ട ആയിരുന്നു. പ്രീ ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് സൈക്കിളില്‍ നിന്നും ഒരു പ്രൊമോഷന്‍. പക്ഷെ ലൈസെന്‍സ് ഇല്ലാത്തത് കാരണം ദൂരെ എങ്ങും പോകാന്‍ എനിക്ക് അനുവാദം ഇല്ലായിരുന്നു. എങ്കിലും കോളേജില്‍ പോകാനും രാമപുരം പോകാനും ഒക്കെ ഞാന്‍ എന്റെ പ്രിയപ്പെട്ട വാഹനം ഉപയോഗിച്ചു.
 
പതിവുപോലെ ഒരു ദിവസം രാമപുരം പോകുന്ന വഴി, ഒരു വളവു തിരിഞ്ഞപ്പോള്‍ മുന്നില്‍ ചെക്കിങ്ങിനു നില്‍ക്കുന്ന ഏമാന്മാരെ കണ്ടു ഞാന്‍ ഞെട്ടി. ഏഷ്യ കപ്പ്‌ ഫൈനലില്‍ അവസാന പന്തില്‍ സിക്സര്‍ അടിച്ച് മിയാന്‍ദാദ് പാകിസ്ഥാനെ ജയിപ്പിച്ചപ്പോള്‍ ആ പന്ത് എറിഞ്ഞ ചേതന്‍ ശര്‍മ പോലും ഇങ്ങനെ ഞെട്ടിയിട്ടുണ്ടാവില്ല. പ്രതികരിക്കാന്‍ ഞാന്‍ ഒട്ടും താമസിച്ചില്ല. അവിടെ വച്ച് തന്നെ 180 ഡിഗ്രിയില്‍ വണ്ടി തിരിച്ചു. ജീവിതത്തില്‍ അത്രയും സ്പീഡില്‍ ആ കൈനെറ്റിക് ഞാന്‍ ഓടിച്ചിട്ടില്ല, ആ സംഭവത്തിനു മുന്‍പോ അതിനു ശേഷമോ. എന്റെ ഭാഗ്യം കൊണ്ട് ഏതായാലും ഏമാന്മാര്‍ എന്റെ പിറകെ വന്നില്ല.
 
'മിസ്ടര്‍ വൈറ്റ്' മാത്യു ജോസഫിനെ (എന്നും വെള്ള മുണ്ടും കഞ്ഞി മുക്കിയ ഷര്‍ട്ടും ഇട്ടു വരുന്ന അവനെ വേറെ എന്ത് വിളിക്കാന്‍. മനസ്സോ ശുദ്ധമല്ല, ഡ്രസ്സ് എങ്കിലും നന്നായിരിക്കട്ടെ എന്ന് അവനും അവന്റെ വീട്ടുകാരും കരുതിക്കാണും) പിറകില്‍ ഇരുത്തി കോളേജിലേക്ക് പോകുന്ന വഴിക്കാണ് അതിനു ശേഷം 'പൌലോസ്' മായി മുട്ടിയത്. അപ്പോഴേക്കും നാല് ചക്ര വാഹനം വരെ ഓടിക്കാനുള്ള ലൈസെന്‍സ് എനിക്ക് കിട്ടിയിരുന്നു. എങ്കിലും എന്നെ കണ്ടാല്‍ സ്കൂളില്‍ പഠിക്കുന്ന ഒരു പയ്യന്‍ ആണന്നേ ആള്‍ക്കാര്‍ വിചാരിക്കുമായിരുന്നുല്ലു (എന്റെ ഒരു കാര്യം അല്ലെ? ഈ ചെറുപ്പത്തിന്റെ രഹസ്യം തല്‍ക്കാലം ഞാന്‍ പറയുന്നില്ല)
 
വര്‍ത്തമാനം പറഞ്ഞ പതുക്കെ പോകുമ്പോള്‍ ആണ് എതിരെ പോലീസ് വണ്ടി വന്നത്. ഡ്രൈവര്‍ എന്നോട് വണ്ടിനിര്‍ത്താന്‍ ആന്ഗ്യം കാണിച്ചു. കാണാത്ത മട്ടില്‍ പോയാല്‍ മതിയാരുന്നു, എങ്കിലും ഒരു മാന്യന്‍ ആയതു കൊണ്ട് ഞാന്‍ വണ്ടി നിര്‍ത്തി, അവരും. പതുക്കെ ജീപ്പിനടുതെക്ക് നടന്നു, മാത്യു എന്റെ കൂടെ വന്നു. പുറകില്‍ ഇരുന്ന കോണ്‍സ്റ്റബിള്‍ ലൈസെന്‍സ് ചോദിച്ചു, പേര്‍സ്‌ തുറന്നു ഞാന്‍ അത് എടുത്തു കൊടുത്തു.
 
'വണ്ടി നിര്തിയപ്പഴെ ഞാന്‍ പറഞ്ഞില്ലേ സാറേ ഇവന്റെ കയ്യില്‍ ലൈസെന്‍സ് കാണുമെന്നു', അയാളുടെ വക കമ്മെന്റ് എസ്. ഐ. യോട്. മുന്നില്‍ ഇരുന്ന എസ്. ഐ. ലൈസെന്‍സ് തിരിച്ചും മരിച്ചു ഒക്കെ നോക്കി ഒരു ചോദ്യം, 'ലൈസെന്‍സ് ഓക്കേ, വണ്ടിക്കു പേപ്പര്‍ ഒക്കെ ഉണ്ടോടാ?'
 
'ഉണ്ട് സാറേ, എടുത്തു കൊണ്ട് വരണോ?' വിനീതനായി ഞാന്‍ ചോദിച്ചു. 'വേണ്ട. ശെരി പൊക്കോ' എസ്. ഐ. യുടെ ഈ മറുപടി കേട്ടപ്പോഴാണ് എനിക്ക് സമാധാനമായത്. കാരണം പോല്യുഷന്‍ സെര്ടിഫിക്കറ്റ് എന്റെ കയ്യില്‍ ഉണ്ടായിരുന്നുല്ല, ഒരു പെറ്റി അടിക്കാന്‍ ഈ കാരണം ധാരാളം ആണല്ലോ.
 
ബൈക്കില്‍ ട്രിപ്പില്‍ അടിചതിനായിരുന്നു  അടുത്ത തവണ പോലീസ് പൊക്കിയത്. പ്രേമന്റെ വീടിനടുത്തുള്ള അമ്പലത്തിലെ ഉത്സവത്തിന് ഗാനമേള കേള്‍ക്കാന്‍ അവന്‍ എന്നെയും ജോബി അളിയനെയും ക്ഷണിച്ചു. ഗാനമേള തീര്ന്നപ്പം രണ്ടു മണി ആയി. ജോബിയെ വീട്ടില്‍ കൊണ്ട് വിടേണ്ട ദൌത്യം പ്രേമന്‍ എന്നെ ഏല്‍പ്പിച്ചു. അവന്റെ വീട്ടില്‍ കൊണ്ട് വിട്ടിട്ടു ഞാന്‍ തനിയെ തിരിച്ചു വരണമല്ലോ എന്നോര്തപ്പം പ്രേമനെയും കൂടി ഞാന്‍ കൂട്ട് വിളിച്ചു. തനിച്ചു വന്നാല്‍ ബോര്‍ അടിക്കും എന്നുള്ളത് കൊണ്ട, അല്ലാതെ രാത്രി തനിച്ചു വരാന്‍ പേടി ഉണ്ടായിറ്റൊന്നുമല്ല കേട്ടോ.
 
അങ്ങനെ ഞങ്ങള്‍ മൂന്നു പേരും കൂടി എന്റെ പാഷനില്‍ 'പണ്ടപ്പിള്ളി'യിലേക്ക് യാത്ര തിരിച്ചു. കൂത്താട്ടുകുളം കഴിഞ്ഞ കുറച്ചു കൂടി പോയപ്പോള്‍ അതാ എം. സി. റോഡില്‍ 'ഹൈവേ പോലീസ്'. വണ്ടി നിര്‍ത്തി. എസ്. ഐ. ജീപ്പിന്റെ മുന്‍പില്‍ ഇരുന്നു, ഞങ്ങളെ ചോദ്യം ചെയ്തത് സാദാ പോലീസ്.
 
'പാതിരാത്രിയില്‍ എങ്ങോട്ടാടാ ഓവര്‍ ലോഡുമായി?' എന്നോടാണ് ചോദ്യം. ബൈക്ക് ഓടിച്ചിരുന്നത്‌ ഞാന്‍ ആണല്ലോ. മുഖത്ത് ശകലം ദൈന്യത ഒക്കെ വരുത്തി ഞാന്‍ എല്ലാ സത്യവും പറഞ്ഞൊപ്പിച്ചു.
 
'ഇവനെ കൊണ്ടുവിടാന്‍ എന്തിനാടാ രണ്ടു പേര്‍?'
 
'അത് പിന്നെ സാറേ എനിക്ക് വഴി വല്യ പരിചയമില്ല. തിരിച്ചു വരുമ്പോള്‍ ഒരു കമ്പനി ആകുമല്ലോ എന്ന് കരുതിയ ഇവനെ കൂട്ടിയത്'
 
'ഹം, നീ വെള്ളമാടിചിട്ടുണ്ടോടാ? ഒന്ന് ഊതിക്കെ'
 
ഭാഗ്യത്തിന് ഞങ്ങള്‍ അന്ന് ഡീസന്റ്റ് ആയിരുന്നു. പ്രേമന് വീട്ടില്‍ നിന്നും സമയത്ത് ഇറങ്ങാന്‍ പറ്റാത്തത് കൊണ്ട് ബാറില്‍ പോയില്ല. ആ പേരില്‍ ജോബി അളിയന്‍ അവനെ കുറെ തെറി പറഞ്ഞെന്കിലും ഇപ്പോള്‍ രക്ഷപെട്ടു എന്ന് ഞാന്‍ മനസ്സില്‍ വിചാരിച്ചു.
 
ഊത്തല്‍ പരീക്ഷ കഴിഞ്ഞു, വണ്ടിയുടെ ബുക്കും പേപ്പറും ഒക്കെ നോക്കി.
 
'നീയൊക്കെ എന്തിനാടാ പഠിക്കുന്നെ?'
 
'ബി. എഡ്. നു'
 
'ആഹാ, അദ്യാപകര്‍ ആകാര്‍ പോകുന്നവര്‍ ആണോ? എന്നിട്ട് നിനക്കൊന്നും നിയമം അറിയില്ലേ?. ഒരു ആയിരം രൂപ എങ്കിലും ഫൈന്‍ അടക്കേണ്ടി വരും, വെറുതെ വിടാന്‍ പട്ടതില്ലല്ലോ'. എന്നിട്ട് കക്ഷി ഒരു വളിച്ച ചിരിയും പാസാക്കി.
 
'ദൈവമേ ആയിരം രൂപ! എത്ര തവണ ഷാപ്പില്‍ പോയി കള്ളു കുടിക്കാം അതുകൊണ്ട്'. ഞാന്‍ മനസ്സില്‍ ഓര്‍ത്തു. എന്നിട് പതുക്കെ പ്രേമനെ തിരിഞ്ഞു നോക്കി. അവന്‍ ഗ്യാസ് പോയ മട്ടില്‍ തല കുനിച്ച് ഒന്നും മിണ്ടാതെ നില്‍പ്പാണ്. ജോബി അളിയനെ നോക്കിയപ്പോള്‍ അവന്‍ ഒരു കൂസലും ഇല്ലാതെ നില്‍ക്കുന്നു. അവനെന്തിന് വിഷമിക്കണം, പിടിച്ചത് എന്നെയല്ലേ, ഞാന്‍ മനസ്സില്‍ വിചാരിച്ചു.
 
'അപ്പം എങ്ങനാ ഫൈന്‍ അടക്കുവല്ലേ?' അയാളുടെ ചോദ്യം വീണ്ടും. 'ഇനി കൈക്കൂലി കൊടുക്കാന്‍ എന്ങാനുമാണോ ഇയാള്‍ ഉദ്ദേശിക്കുന്നത്?' എനിക്ക് സംശയമായി. ഇതുവരെ ഒരു പോലീസുകാരന് കൈക്കൂലി കൊടുത്തിട്ടില്ല, അതുകൊണ്ട് അത് എങ്ങനെ വേണം എന്ന് നിശ്ചയമില്ല. തന്നെയുമല്ല നാലന്ച്ച് പേരുണ്ട്, എല്ലാരുടെയും മുന്‍പില്‍ വച്ച് ആര്‍ക്കു കൊടുക്കും? എത്ര കൊടുക്കണം? ഇതെല്ലാം ആലോചിച്ച് ടെന്‍ഷന്‍ അടിച്ചു നില്‍ക്കുകയായിരുന്നു ഞാന്‍.
 
അപ്പോഴാണ്‌ എസ്. ഐ. സീറ്റിലിരുന്നു 'വിട്ടേരെ, അവന്മാര്‍ പൊക്കോട്ടെ' എന്ന രീതിയില്‍ പോലീസുകാരനോട് ആന്ഗ്യം കാണിക്കുന്നത് ഞാന്‍ കണ്ടത്. മനസ്സില്‍ ഒരു ചെറിയ പ്രതീക്ഷ മുളച്ചു. മുഖത്ത് കുറച്ചു കൂടി ദൈന്യത വരുത്തി ഞാന്‍ പേടിച്ചു വിറച്ചു നിന്നു.
 
'പടിക്കല്‍ വരെ ചെന്നിട്ടു കലം ഉടച്ചു' എന്ന് പറഞ്ഞപോലെ ആ സമയത്ത് ജോബി അളിയന്‍ ഇടപെട്ടു. അളിയന്‍ സ്റ്റൈലില്‍ ഒരു ഡയലോഗ് 'സാറേ, എറണാകുളം എസ്. പി. എന്റെ അങ്കിള്‍ ആണ്'.
 
'ഓഹോ, നീ വല്യ പുള്ളി യാണല്ലോ?' പോലീസുകാരന്റെ വക കമന്റ്. അയാള്‍ക്ക്‌ വിശ്വാസമായില്ലന്നു കരുതി അളിയന്‍ ഒന്നുകൂടി പറഞ്ഞു 'സത്യമാ സാറേ. എസ്. പി. യെ വേണമെന്കില്‍ വിളിച്ചു ചോദിച്ചോ'. അങ്കിളിന്റെ പേര് കൂടി പറഞ്ഞു കൊടുത്തു ജോബി.
 
'ഒരു പെറ്റി കേസ് പോലും വിടാന്‍ പാടില്ലന്ന അങ്ങേര്‍ ഞങ്ങളോട് പറയാറുള്ളത്. പുള്ളിയുടെ ബന്ധുക്കാരന്‍ ആയ സ്ഥിതിക്ക് ഒരു രണ്ടായിരം ഫൈന്‍ അടചെച്ചു പൊക്കോ. നീ അടച്ചാലും മതി'. അയാള്‍ ജോബി അളിയനോട് പറഞ്ഞു.
 
എനിക്ക് ചിരിക്കനമെന്നുണ്ടായിരുന്നു, പക്ഷെ സന്ദര്‍ഭം ശരിയല്ലല്ലോ. ജോബി അളിയന്റെ മുഖത്തേക്ക് നോക്കി ഞാന്‍. സകല ഗ്യാസും പോയ സ്ഥിതിയില്‍ ആയിരുന്നു അവന്‍.
 
ഞാന്‍ വീണ്ടും ഇടപെട്ടു. 'സാറേ, വേറെ വണ്ടി ഒന്നും ഇല്ലാത്തത് കൊണ്ട ട്രിപ്പിള്‍ അടിച്ചത്. രാത്രി സമയവും ആണല്ലോ. ഇവന് പോകാന്‍ ഓട്ടോ പോലും കിട്ടിയില്ല. ഞങ്ങടെ ആരുടെയേലും വീട്ടിലേക്ക് കൊണ്ട് പോകാമെന്ന് വിചാരിച്ചതാ. പക്ഷെ നാളെ ക്ളാസ് ഉണ്ട്. അതുകൊണ്ടാ'. കൊന്‍സ്ടബിളിന്റെയും എസ്. ഐ. യുടെയും മുഖത്തേക്ക് ഞാന്‍ മാറി മാറി നോക്കി. കുറച്ചു നേരത്തേക്ക് അവര്‍ ഒന്നും മിണ്ടിയില്ല. എന്റെ കയ്യില്‍ ആനന്കില്‍ മൊബൈലും ഇല്ല. ഫൈന്‍ അടക്കാനുള്ള കാശും തികയില്ല. ഇവന്മാര്‍ വിട്ടില്ലന്കില്‍ എന്ത് ചെയ്യും എന്ന് ആലോചിച്ച് വീണ്ടും ഞാന്‍ പ്രേമനെ നോക്കി.
 
അവസാനം എസ്. ഐ. ഇടപെട്ടു. 'വിട്ടെരടോ, അവന്മാര്‍ പൊക്കോട്ടെ'. അത് കേട്ടപ്പോള്‍ പകുതി ആശ്വാസം തോന്നി.
 
'വേണോ സാറേ?' അയാളുടെ മറു ചോദ്യം. എന്നിട്ട് ഒരു മിനിറ്റ് ആലോചിച്ച് അയാള്‍ തുടര്‍ന്ന്. 'തല്‍ക്കാലം പൊക്കോ'. അത് നിന്റെ അങ്കിള്‍ എസ്. പി. ആയതുകൊണ്ട് ഒന്നും അല്ല. കേട്ടോടാ?' ജോബിയുടെ മുഖത്തേക്ക് നോക്കി അയാള്‍ പറഞ്ഞു.
 
ജോബി ഒന്നും മിണ്ടിയില്ല, അവന്റെ ധൈര്യം ഒക്കെ നേരത്തെ പോയിരുന്നു. ഞങ്ങളെ മുഖത്ത് പോലും അവന്‍ നോക്കുന്നുണ്ടായിരുന്നില്ല. പോലീസിലും നല്ല ആള്‍ക്കാര്‍ ഉണ്ടന്ന് എനിക്കന്നു മനസ്സിലായി. അഞ്ചു പൈസ പോലും വാങ്ങാതെ ഞങ്ങളെ അവര്‍ വിട്ടല്ലോ.
 
ഏതായാലും ആ സംഭവം കൊണ്ട് ഒരു ഗുണം ഉണ്ടായി. ആരെയും എന്തിനും ഏതിനും കളിയാക്കാരുണ്ടായിരുന്ന ജോബി അളിയന്‍ ഒന്ന് ഒതുങ്ങി. 'ഈ വണ്ടി പോയാല്‍ തീവണ്ടി' എന്നത് അളിയന്റെ സ്ഥിരം ഡയലോഗ് ആയിരുന്നു. (കൂടെ പഠിച്ച പെണ്ണിനോട്്‍ 'ഐ ലവ് യു' പറഞ്ഞപ്പോള്‍ അവളുടെ 'പോടാ പുല്ലേ' എന്ന മറുപടി കേട്ട നിരാശയില്‍ അളിയന്‍ ഉണ്ടാക്കിയെടുത്ത വാചകം ആണ് ഇത് എന്ന് അസൂയക്കാര്‍ മാത്രം പറയും). മിക്കവാറും പ്രേമന്‍ ആയിരുന്നു ജോബി അളിയന്റെ ഇര. പക്ഷെ ഈ സംഭവത്തിനു ശേഷം അളിയന്‍ എന്തെങ്കിലും പറഞ്ഞാല്‍ ഉടന്‍ പ്രേമന്‍ പ്രതികരിക്കും. 'ശെരിയാ, എസ്. പി. യുടെ മരുമോന്‍ പറയുന്നതല്ലേ. അനുസരിച്ചേക്കാം'. പിന്നെ അന്നത്തെ ദിവസത്തേക്ക് അളിയന്‍ മിണ്ടില്ല.

4 comments:

ramanika said...

വിഷുദിനാശംസകള്‍ .......

നരിക്കുന്നൻ said...

വിഷു ദിനത്തിൽ നല്ലൊരു പോസ്റ്റ് വായിച്ചു. ഇനി ഈ വർഷം ഐശ്വര്യമായിരിക്കുമെന്ന് തീർച്ച. വിഷുദിനാശംസകൾ!

Pongummoodan said...

:)

പയ്യന്‍സ് said...

നന്ദി രമണിക, നരിക്കുന്നന്‍, പോങ്ങുമ്മൂടന്‍:)