'ഒഴിക്കടാ അളിയാ ഒരെണ്ണം കൂടെ'.... പ്രേമന് വക റിക്വസ്റ്റ്. ഗ്രീക്ക് ദേവന് ആയ ഹെര്‍കുലീസ് (റം) അവനില്‍ പ്രസാദിച്ച ലക്ഷണം ഞാന്‍ കണ്ടു.
ചെന്നൈയിലെ ജോലിത്തിരക്കില്‍ നിന്നും മോചിതനായി ഒരു രണ്ടു മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് നാട്ടില്‍ എത്തിയതായിരുന്നു ഞാന്‍. ഉറ്റ സുഹൃത്ത് പ്രേമനും (പഞ്ചാര കുട്ടനായ പ്രമോദിനെ ഇങ്ങനെ വിളിച്ചു തുടങ്ങിയത് ഞാന്‍ ആണ്, കോളേജിലെ തരുണീമണികള്‍ക്കിടയിലും ഈ നാമം പ്രചരിപ്പിച്ചതിന്റെ ക്രെഡിറ്റ് വേറാര്‍ക്കുമല്ല) കുറച്ചു സമാധാനത്തിനായി കൂത്താട്ടുകുളം സോണിയ ബാറിലെ അരണ്ട വെളിച്ചത്തില്‍ പഴയ സ്മരണകള്‍ അയവിറക്കാന്‍ എത്തി. മൂന്നാമത്തെ റൌണ്ട് ഫിനിഷ് ചെയ്ത അവന് വൈറ്റ് റം ഏത് വെള്ളം ഏത് എന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയില്‍ എത്തി.... 'അളിയാ, നിന്നെ കാണുമ്പോള്‍ മാത്രമെ ഉള്ളടാ മനസമാധാനമായി ഞാന്‍ രണ്ടെണ്ണം വീശാറുളളു'.... അവന് സെന്റി അടിക്കാന്‍ തുടങ്ങിയപ്പോള്‍ എന്റെ ഓര്‍മ്മകള്‍ ഒരു മൂന്നു വര്‍ഷം പുറകോട്ടു പാഞ്ഞു....
പാലായിലെ പുരാതനമായ ബി. എഡ്. കലാലയം. സമൂഹത്തിന്റെ ഭാവി തലമുറയെ വളര്‍ത്തി എടുക്കാന്‍ (തെറ്റിദ്ധരിക്കരുത്, അധ്യാപനം എന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളു) വെമ്പല്‍ കൊള്ളുന്നവര്‍ പരിശീലനം നേടിയെടുക്കുന്ന സ്ഥലം. ഈയുള്ളവനും അവിടെ അര്‍മാദിക്കാനുള്ള (പഠിക്കാനുള്ള എന്ന് പറഞ്ഞാല്‍ അത് കല്ല് വച്ച നുണ ആകും, അതുകൊണ്ടാ) ഭാഗ്യം ഉണ്ടായി. ബി. എഡ്. വിദ്ധ്യാര്ഥികള് എന്ന് പറഞ്ഞാല്‍ അധ്യാപകരെ പോലെ തന്നെ പെരുമാറണം എന്ന് കേട്ടിട്ടുണ്ട്. എന്റെ കൂതറ സ്വഭാവവും വച്ച് ഇ കോഴ്സ് എങ്ങനെ പൂര്‍ത്തിയാക്കും എണ്ണ ശങ്കയോടെ ആണ് ഞാന്‍ കോളേജില്‍ കാലെടുത്തു വച്ചത്. 'മുല്ലപൂമ്പൊടി ഏറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൌരഭ്യം' എന്ന് പണ്ടാരോ (പണ്ടാരമല്ല, പണ്ട് ആരോ) പാടിയിട്ടുണ്ടല്ലോ. ഇനി എങ്കിലും ഞാന്‍ നന്നായേക്കും എണ്ണ പ്രതീക്ഷ എന്നില്‍ പൊട്ടി മുളച്ചു.
'പാപി ചെല്ലുന്നവന് പാതാളം' എന്ന് മറ്റേതോ കവി പാടിയിട്ടുള്ള കാര്യം ഞാന്‍ മറന്നു. ചെന്ന ദിവസം തന്നെ എനിക്ക് കിട്ടിയ കമ്പനി ബഹു കേമം. പഠിപ്പിക്കുന്ന അധ്യാപകരെ കാണുമ്പോള്‍ അവരുടെ കുടുംബക്കാരെ സഹിതം സ്തുതിച്ചു പൂരപ്പാട്ട് പാടുന്ന ജോബി അളിയനും, കര്‍ത്താവ് കഴിഞ്ഞാല്‍ മാണി സാറിനെ ദൈവമായി കരുതുന്ന, രാഷ്ട്രീയക്കാരന് വേണ്ട അവശ്യ വസ്തു ആയ പതപ്പീര് വേണ്ടുവോളം അറിയാവുന്ന ബിജോയും, പൂരപ്പാട്ടുകളും നാടന്‍ പാട്ടുകളും സിലബസില്‍ ഉള്പെടുതിയിരുന്നങ്കില്‍ റാങ്ക് വാങ്ങുമായിരുന്ന രാജേഷും, 'മിണ്ടാപ്പൂച്ച കലം ഉടക്കും' എണ്ണ ചൊല്ല് അന്വര്ധമാക്കിയ, ഒറ്റയിരുപ്പിന് മൂന്നു കുപ്പി കള്ളു കുപ്പികള്‍ കാലിയാക്കുന്ന പ്രേമനും, ഒരു കരണത്ത് അടിച്ച് രണ്ടു തെറിയും വിളിച്ചാല്‍ പോലും നിന്റെ കൈ വേദനിചോടാ എന്ന് ചോദിക്കുന്ന, പിള്ളേച്ചന് എന്ന് അറിയപ്പെട്ടിരുന്ന സന്തോഷും എല്ലാം ചേര്‍ന്നപ്പോള്‍ 'ഒരു ഉത്തമ അദ്ധ്യാപകന് ആയതു തന്നെ' എന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു.
ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തെങ്ങ്, പന തുടങ്ങിയ ദൈവങ്ങളെ കുടിയിരുത്തിയിട്ടുള്ള പരിസര പ്രദേശങ്ങളിലെ ആരാധനാലയങ്ങളിലെ സ്ഥിരം സന്ദര്‍ശകര്‍ ആയി മാറി ഞങ്ങള്‍. രണ്ടെണ്ണം അകത്തു ചെല്ലുമ്പോള്‍ തന്നെ ഫ്ലാറ്റ് ആകുന്ന പിള്ളേച്ചനും സെന്റി അടിക്കുന്ന പ്രേമനും ലോകത്തിനെ തന്നെ തെറികള്‍ കൊണ്ട് സ്നേഹിക്കുന്ന ജോബിയും.... ഇ പ്രകടനങ്ങള്‍ കാണാന്‍ ഞാനും.... കൂട്ടം കൂടി ആഘോഷിക്കുന്ന ഈ സമയത്ത് ആരെയെന്കിലും ആക്രമിക്കുക എന്നത് ഞങ്ങളുടെ സ്ഥിരം ഹോബി ആയിരുന്നു, പാവം പ്രേമനാണ് മിക്കവാറും അതിനുള്ള ഭാഗ്യം സിദ്ധിക്കാറ്. കൂട്ടത്തില്‍ വീട്ടില്‍ ശകലം അനുസരണ കാണിക്കുന്ന പയ്യന് അവനെ ഉണ്ടായിരുന്നുള്ളു. മൂത്രം ഒഴിക്കാന്‍ പറമ്പിലേക്ക് ഇറങ്ങിയാല്‍ പോലും വീട്ടില്‍ പറഞ്ഞിട്ട് പോകുന്ന ഒരു പാവം. കഷ്ടകാലത്തിനു ഒരു ദുര്‍ബല നിമിഷത്തില്‍ അവന് ഇങ്ങനെയുള്ള കുറെ കാര്യങ്ങള്‍ ഞങ്ങളോട് പറഞ്ഞു പോയി. അതില്‍ പിന്നെ ജോബി അളിയന്റെ സ്ഥിരം ടാര്‍ഗറ്റ് പ്രേമന് ആയി. ഒരിക്കല്‍ ഇതുപോലെയുള്ള ഒരു സംഗമത്തിനിടെ അളിയന് 'എടാ രാകേഷേ, പ്രേമന്റെ ആദ്യ രാത്രി എങ്ങനെ ആയിരിക്കും എന്ന് നീ ഒന്നു ഊഹിച്ചേ'. എന്തെങ്കിലും ആഭാസത്തരം ആയിരിക്കും എന്ന് കരുതി ഒരു (പകല്‍) മാന്യന് ആയ ഞാന്‍ പറഞ്ഞു 'നീ തന്നെ അങ്ങ് ഊഹിച്ചു പൂരിപ്പിച്ചാല്‍ മതി'. മൂന്നാമത്തെ കുപ്പിയുടെ മട്ടും അകത്താക്കി, പ്ലേറ്റിലെ അവസാനത്തെ പോടിമീനെ വായിലിട്ടു ചവച്ചു കൊണ്ട് എരുമ അമറുന്ന സൌണ്ടില് അളിയന് തുടര്‍ന്നു. 'അമ്മേ, അവള് മുറിയില്‍ എനിക്കായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നേരമായി. ഞാന്‍ അകത്തു കയറി കതക് അടച്ചോട്ടേ? എന്നിട്ട്....'. 'ഫാ....' ബാക്കി മുഴുമിപ്പിക്കാന്‍ പ്രേമന് അനുവദിച്ചില്ല.... 'പന്ന **മോനേ'.... ഏതായാലും ഇരുന്നിടത്ത് നിന്നു എഴുനേല്‍ക്കാന്‍ അവന്മാര്ക്കും, അടി ഉണ്ടായാല്‍ പിടിച്ചു മാറ്റാന്‍ ഞങ്ങള്‍ക്കും ആഗ്രഹം ഉണ്ടായിരുന്നന്കില്‍ കൂടി 'പന' ഭഗവാന്റെ അനുഗ്രഹം കാരണം ആര്‍ക്കും അതിനു കഴിഞ്ഞില്ല.
'നീ ഉറങ്ങുവാണോ?'. പ്രേമന്റെ ചോദ്യം എന്നെ സോണിയയിലേക്ക് തിരിച്ചെത്തിച്ചു. 'അളിയാ, സമയം ഒരുപാട് ആയെടാ. എനിക്ക് വീട്ടില്‍ പോണം....' (താമസിച്ചാല്‍ അമ്മ തല്ലുമായിരികും, ഞാന്‍ മനസ്സില്‍ ഓര്‍ത്തു ചിരിച്ചു). 'നിന്റെ ഈ സ്വഭാവം ഇതു വരെ മാറിയില്ലേ?, ശെരി നീ വാ' എന്ന് പറഞ്ഞ് അവനെ പിടിച്ച് ബൈക്കിന്റെ പുറകില്‍ കയറ്റി, അടുത്ത ലീവ് ഇനി എപ്പോള്‍ കിട്ടും എന്ന ആലോചനയില്‍ ഞാന്‍ വണ്ടി വിട്ടു....
******************************
എന്റെ കലാലയത്തിലെ പോക്രിത്തരങ്ങള്‍ എഴുതാന്‍ തുടങ്ങിയാല്‍ ഒരുപാടുണ്ട്. അതെല്ലാം സമയവും മൂഡും കിട്ടുന്നതുപോലെ എഴുതി ഇവിടെ പോസ്റ്റുന്നതായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റാന്‍ മറക്കരുതേ.
കോവിഡൻ വന്നു
3 years ago