'ആ മിടുക്കി ആണല്ലോ, ചായക്ക് മധുരം കൂട്ടി ഇട്ടില്ലല്ലോ അല്ലേ?'
'ശകലം മധുരമുള്ള ചായ കുടിച്ചന്നോര്‍ത്ത് കുഴപ്പമൊന്നുമില്ല, ഒന്നുമില്ലേലും ഞാനല്ലേ ഉണ്ടാക്കിയത്?'
'അതുകൊണ്ടല്ല ഡാര്‍ലിംഗ്, പഞ്ചാര എനിക്കത്ര ഇഷ്ടല്ല'
'ഓ പിന്നെ, കോളേജില്‍ പഠിച്ച കാലത്ത് പഞ്ചാരയുടെ ഹോള്‍സെയില്‍ ഡീലര്‍ ആയിരുന്നന്നു ഞാന്‍ കേട്ടിട്ടുണ്ട്'. അവള്‍ എനിക്കിട്ടു ഒന്ന് ആക്കി.
ചൂട് ചായ മോന്താന്‍ തുടങ്ങുമ്പോള്‍ അവളുടെ വക ഉപദേശം. 'ആ പല്ലൊന്നു തേച്ചൂടെ?'
'ഇല്ലാത്ത ശീലങ്ങള്‍ വെറുതെ എന്തിനാ'? ഞാന്‍ സത്യസന്ധനായി.
'ദേ, സ്വര്‍ണത്തിന്റെ വില വീണ്ടും കൂടി'. മനോരമ കയ്യില്‍ എടുത്തു കൊണ്ട് അവള്‍ വിളിച്ചു കൂവി. അവളുടെ സന്തോഷം കണ്ടാല്‍ എന്‍റെ അമ്മായി അപ്പന് നാലഞ്ചു സ്വര്‍ണക്കട ഉണ്ടന്ന് തോന്നും.
'സ്വര്‍ണത്തിന് വില കൂടിക്കോട്ടെ. എനിക്ക് വല്ലപ്പോഴും കാശിനു ആവശ്യം വന്നാ കല്യാണത്തിനു നീയിട്ട മാല ഒക്കെ തൂക്കി വില്‍ക്കാമല്ലോ'. ഞാന്‍ ആത്മഗതം ചെയ്തു.
'എന്‍റെ സ്വര്‍ണത്തില്‍ തൊട്ടുള്ള കളിയൊന്നും വേണ്ട'. ഉടന്‍ വന്നു പ്രിയതമയുടെ മറുപടി. അല്ലങ്കിലും അങ്ങനെയാ. എല്ലാ കാര്യത്തിലും 'നമ്മുടെ' ആണങ്കിലും സ്വര്‍ണത്തിന്റെ വിഷയത്തില്‍ മാത്രം 'എന്‍റെ' എന്നേ അവള്‍ പറയൂ'. കലികാലം.
'നിനക്കെന്നാല്‍ വല്ല സ്വര്‍ണക്കട മുതലാളിയേയും കല്യാണം കഴിച്ചാല്‍ പോരായിരുന്നോ?'
'അതെങ്ങനാ, വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്നല്ലേ ചൊല്ല്. എന്‍റെ വിധി'. എന്‍റെ കയ്യില്‍ നിന്നും ചായ ഗ്ലാസ് വാങ്ങി അവള്‍ അടുക്കളയിലേക്കു നടന്നു.
ഞാന്‍ പതുക്കെ ലാപ്ടോപ് ഓപ്പണ്‍ ചെയ്ത് മെയിലുകള്‍ ചെക്ക് ചെയ്യാന്‍ തുടങ്ങി. ജിമെയിലില്‍ ഒരു സൂസന്റെ മെയില്‍. 'രാകേഷ്, ഹിയര്‍ ഈസ് സംതിംഗ് സ്പെഷ്യല്‍ ഫോര്‍ യു' എന്ന് സബ്ജക്റ്റ്. 'ഓ സൂസന്‍, പണ്ട് പ്രോജെക്ടില്‍ കൂടെ വര്‍ക്ക് ചെയ്ത സൂസന്‍ ജേക്കബ്. അവള്‍ക്കു ഞാന്‍ എന്‍റെ പേര്‍സണല്‍ മെയില്‍ ഐ ഡി കൊടുത്തിട്ടില്ലല്ലോ, പിന്നെങ്ങനെ അവള്‍ മെയില്‍ അയച്ചു'? എന്ന് ആലോചിച്ച് അതില്‍ ക്ലിക്ക് ചെയ്ത ഞാന്‍ ഞെട്ടി. നല്ല 'ചൂടോടെ' നില്‍ക്കുന്ന സൂസന്റെ ഒരു പടം. 'കല്യാണം കഴിഞ്ഞിട്ടും ഇതൊന്നും നിര്‍ത്താറായില്ലേ?' എന്ന ചോദ്യം കേട്ട് ഞാന്‍ വീണ്ടും ഞെട്ടി. ചുവന്ന കണ്ണുകളോടെ എന്‍റെ പിറകില്‍ നില്‍ക്കുന്ന എന്‍റെ സ്വന്തം ഭാര്യ.
'അല്ല, അത് പിന്നെ..' ഞാന്‍ വീണ്ടും തെറ്റിധരിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ നടിയുടെ കൂടെയുള്ള പടം പുറത്തു വന്നപ്പോള്‍ ആ സ്വാമി പോലും ഇത്രയും ഞെട്ടിയിട്ടുണ്ടാവില്ല.
'നാണമില്ലേ മനുഷ്യാ, അതെങ്ങനാ. അണ്ണാന്‍ കുഞ്ഞു മരം കയറ്റം മറക്കുമോ? ആരെങ്കിലും കാണുന്നതിനു മുന്പ് അത് ക്ലോസ് ചെയ്. ഏതു നേരവും ഈ ലാപ്ടോപ് ഉം കെട്ടിപ്പിടിച്ചോണ്ടിരിക്കുന്നതിന്റെ ഗുട്ടന്‍സ് എനിക്കിപ്പഴല്ലേ പിടികിട്ടിയത്'.
ഇവള്‍ക്ക് പണ്ട് കേരളാ പോലീസില്‍ ആയിരുന്നോ പണി. ഒരു പോക്കറ്റടിക്കാരനെ കിട്ടുമ്പോള്‍ പണ്ടത്തെ തെളിയാതെ കിടക്കുന്ന കേസ് എല്ലാം അവന്‍റെ തലയില്‍ വയ്ക്കുന്ന സ്വഭാവം?
മാതൃ പാര്‍ട്ടിയിലേക്ക് മടങ്ങി വന്നപ്പോള്‍ ഡിമാണ്ട് ഒന്നുമില്ലാതെ നിന്ന ലീഡറെപ്പോലെ ഞാന്‍ ചുണ്ടുകള്‍ കൂട്ടിപ്പിടിച്ചു. അവള്‍ പോയപ്പോള്‍ ഒഫീഷ്യല്‍ മെയില്‍സ് നോക്കാന്‍ തുടങ്ങി. വെക്കേഷന്‍ ആണങ്കിലും എന്‍റെ മാനേജര്‍ക്ക് അതൊന്നും അറിയണ്ട, കുറേ 'കുരിശ് ടാസ്കുകള്‍' അങ്ങേര് മെയിലില്‍ അയച്ചിരിക്കുന്നു. ഇതെല്ലാം എപ്പം ചെയ്യും എന്ന് ആലോചിച്ചു തലയില്‍ കൈ വച്ചിരിക്കുമ്പോള്‍ അതാ വരുന്നു അവളുടെ അടുത്ത ഡയലോഗ്.
'ഇനി ബാക്കിയുള്ള പെണ്ണുങ്ങളെ കൂടി കണി കാണുവായിരിക്കും. ഈ പണ്ടാരം അധികം താമസമില്ലാതെ ഞാന്‍ തല്ലിപ്പൊട്ടിക്കും'. അതല്ലേലും അങ്ങനാണല്ലോ. പെണ്‍വര്‍ഗ്ഗവും ഇലക്ട്രോണിക്സ് സാധനങ്ങളും മൂന്നാം നാളുകാര്‍ ആണ്. ദൈവം പെണ്‍വര്‍ഗത്തിന്റെ തലയില്‍ സ്വര്‍ണത്തിനും സാരിക്കും സ്ഥലം കൊടുത്തപ്പോള്‍ മറ്റൊന്നും അതില്‍ കയറ്റാന്‍ പറ്റാത്ത വിധം ഫുള്‍ ആയി.
'അതേ, ഞാന്‍ ഒരു കാര്യം പറയട്ടെ?'. പ്രിയതമയുടെ വാക്കുകളില്‍ തേനും പാലും ഒഴുകുന്നു. 'ഇന്ന് ഫ്രീയല്ലേ, എന്നെ ബീച്ചില്‍ കൊണ്ടു പോകാമോ?'
രാവിലത്തെ മധുരിക്കുന്ന ചായ കുടിക്കണ്ടായിരുന്നു എന്ന് തോന്നി. ഒരു ദിവസം റസ്റ്റ് എടുക്കാന്‍ പോലും ഇവള്‍ സമ്മതിക്കില്ലല്ലോ. തന്നെയുമല്ലാ, ഈ ചൂടുകാലത്ത് ബീച്ചില്‍ പോകാത്തതിന്റെ കുറവേ ഉള്ളു. മനസ്സില്‍ തെറി തോന്നിയാലും പുറമേ മുപ്പത്തിരണ്ട് പല്ലും കാണിച്ചു ടീം ലീഡറിനോഡ് സംസാരിച്ചു ശീലിച്ചത് പ്രയോജനപ്പെട്ടു.
'അതിനെന്താ ചക്കരേ, എനിതിംഗ് ഫോര്‍ യു'. ഞാന്‍ ഒരു ഉത്തമ ഭര്‍ത്താവായി. 'സൂസന്റെ' ക്ഷീണം എനിക്ക് മാറ്റണമല്ലോ.
'നീ മധു പകരൂ..' എന്ന പാട്ട് മൂളി, കഞ്ഞി മുക്കി തേച്ച ഷര്‍ട്ടില്‍ സ്പ്രേ അടിച്ചു കേറ്റുമ്പോള്‍ സംശയ ദ്രിഷ്ടിയോടെ അവള്‍ എന്നെ നോക്കി. 'അല്ലാ, ഇതാരെ കാണിക്കാനാ ഇങ്ങനെ ഒരുങ്ങുന്നത്? പഴയ കാമുകിമാരെ വല്ലോം ക്ഷണിച്ചിട്ടുണ്ടോ ബീച്ചിലേക്ക്?'
'കാമുകിയോ? എന്ന് വച്ചാ എന്തുവാ?' ഞാന്‍ നിഷ്കളങ്കന്‍ ആയി.
'ഉവ്വ, എന്നേ കൊണ്ട് ഹിസ്ടരിയും ജോഗ്രഫിയും ഒന്നും എടുപ്പിക്കരുത്'. അവള്‍ കണ്ണുരുട്ടി.
'ഡാര്‍ മോളൂ, നിന്‍റെ ഉണ്ടക്കണ് കള്‍ക്ക് എന്ത് ഭംഗി. നമ്മുടെ കിഴക്കേലെ വരിക്ക പ്ലാവിലെ ചക്കയുടെ കുരുവിനേപ്പോലെ തിളക്കം'.
'ഓ പിന്നെ, വെറുതെ ഓരോന്ന് പറയാതെ', അവള്‍ തിരിഞ്ഞു നടന്നു. 'ദൈവമേ, ആക്കി പറഞ്ഞാലും ഇവള്‍ക്ക് മനസ്സിലാവില്ലേ?'
കാറില്‍ പോകുന്ന വഴി സൈഡിലെ വലിയെ പരസ്യ ബോര്‍ഡില്‍ എന്‍റെ ശ്രദ്ധ പോയി. സാരിക്കടയുടെ പരസ്യമായിരുന്നന്നു എന്ന് തോന്നുന്നു, പക്ഷെ ആ പെണ്ണിന് സാരി ഉടുത്താല്‍ എന്തോ അലര്‍ജി ഉള്ളത് പോലെ, കുറച്ചു ഭാഗത്ത് മാത്രമേ സാരി ചുറ്റിയിട്ടുള്ളൂ, ബാക്കിമുഴുവന്‍ ഓപ്പണ്‍.
'മതി, ഒരു പടം പോലും വെറുതെ വിടില്ല അല്ലേ?'. ദൈവമേ, അവള്‍ അതും കണ്ടോ?
'ഏതു പടം, ഞാന്‍ ഏതു കടയുടെ പരസ്യം ആണ് അത് എന്ന് നോക്കിയതാ'.
'എന്നാ പറ, ഏതു കടയുടെയാ?'
ദൈവമേ, വടി കൊടുത്ത് അടി വാങ്ങിയല്ലോ. ഏതു കടയുടെ ആണന്നു എനിക്കെങ്ങനെ അറിയാം?. ഞാന്‍ വിഷയം മാറ്റാന്‍ ഒരു ശ്രമം നടത്തി.
'നിനക്ക് ചുരിദാര്‍ വാങ്ങണമെന്നോ മറ്റോ പറഞ്ഞില്ലേ?, ഇന്ന് പോണോ?'
'വേണ്ട. നമുക്ക് ശനിയാഴ്ച പോകാം. സെലക്ട് ചെയ്യാന്‍ ഒത്തിരി സമയം വേണ്ടേ?'. അവളുടെ ഉത്സാഹം കണ്ടോ, എനിക്ക് ലോട്ടറി അടിച്ചന്നു പറഞ്ഞാലും ഇത്രയും സന്തോഷം കാണില്ല. 'അത് പറഞ്ഞപ്പഴാ, കോട്ടയത്ത് ഇമ്മാനുവേല്‍ വന്നിട്ടുണ്ട്'.
'അതാരാ, നിന്‍റെ ക്ലാസ്മേറ്റ് ആണോ?'
'ശ്ശേ പൊട്ടന്‍, ഇമ്മാനുവേല്‍ ടെക്സ്റയില്‍സ്'
ഈശ്വരാ, ഇവന്മാര്‍ക്കൊക്കെ കട തുടങ്ങാന്‍ വേറെ സ്ഥലമൊന്നും കിട്ടിയില്ലേ?. ബാകിയുള്ളവന്മാരുടെ കളസം കീറുമ്പഴേ ഇവനൊക്കെ സമാധാനമാകത്തൊള്ളോ? ഞാന്‍ വിഷയം വീണ്ടും മാറ്റണമല്ലോ.
'എന്‍റെ കൂടെ പഠിച്ച ആ സംഗീതയുടെ വീട് ഇവിടെ എങ്ങാണ്ടാ, ഒന്ന് വിളിച്ചാ ഓസില്‍ ഒരു ചായയും വടയും കഴിക്കായിരുന്നു'
'അല്ലാ, അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ, ഇദ്ദേഹം വല്ല ഗേള്‍സ് സ്കൂളിലുമാണോ പഠിച്ചത്?. അല്ലാ ഏതു സഹപാഠിയുടെ പേര് പറഞ്ഞാലും അതൊരു പെണ്‍ നാമം ആയിരിക്കും, അതുകൊണ്ട് ചോദിച്ചതാ'
ദൈവമേ, വീണ്ടും ആപ്പ്. എന്നോടെന്തിനീ ക്രൂരത?
ഇടയ്ക്കു പൈനാപ്പിള്‍ ജൂസ് കുടിക്കാന്‍ നിര്‍ത്തിയപ്പോള്‍ വഴിയില്‍ കൂടി നടന്നു പോയ കിടാങ്ങളെ ജന്മ സഹജമായ വാസന കൊണ്ട് ഒന്ന് നോക്കിപ്പോയി.
'ഈ വായ്നോട്ടത്തിന് ഒരു കുറവുമില്ല അല്ലേ?'. ഇടിമുഴക്കം പോലുള്ള ശബ്ദത്തോടെ, തീ പാറുന്ന കണ്ണുകളുമായി വീണ്ടും അവള്‍.
'അല്ലാ, ഞാന്‍ വായ്നോക്കുന്നതില്‍ നിനക്ക് കുഴപ്പമില്ല എന്നൊക്കെ ആണല്ലോ കല്യാണത്തിനു മുന്പ് നീ പറഞ്ഞത്?' ഞാന്‍ എന്നെ ന്യായീകരിക്കാന്‍ ശ്രമിച്ചു.
'വായ്നോക്കും എന്ന് പറഞ്ഞപ്പോള്‍ ഇത്രയും ഞാന്‍ പ്രതീക്ഷിച്ചില്ല. ഇതൊരുമാതിരി പെണ്ണുങ്ങളെ കാണാത്ത എവിടുന്നോ വന്നത് പോലെ. ഒരു കോലില്‍ ചുരിദാറിന്റെ ഷാള്‍ തൂക്കിയിട്ടാലും അങ്ങോട്ട് നോക്കി നിന്ന് കളയുമല്ലോ നാണമില്ലാതെ. തന്നെയുമല്ല 'വായ്നോട്ടം' എന്ന് പേര് മാത്രമല്ലേ ഉള്ളു, വായിലോട്ടു മാത്രമല്ലല്ലോ നോട്ടം'.
'അയ്യേ, നീ ചുമ്മാ തെറ്റിദ്ധരിക്കാതെ ചക്കരേ', ഞാന്‍ ആ സന്ദര്‍ഭത്തെ ഒന്ന് സാധൂകരിക്കാന്‍ ശ്രമിച്ചു. ഏതു നേരത്താണോ പെണ്ണ് കെട്ടാന്‍ തോന്നിയത്. ഏതായാലും താലി കെട്ടുന്ന സമയത്ത് 'അവനവന്‍ കുഴുക്കുന്ന കുഴിയില്‍..' എന്ന പാട്ട് കേട്ടതായി ഞാന്‍ ഓര്‍ക്കുന്നില്ല.
ബീച്ചില്‍ ചെന്നപ്പോള്‍ നിരാശ ആയിരുന്നു എനിക്ക് ഫലം. കളക്ഷന്‍ വളരെ കുറവ്. പിന്നെ തിരയെണ്ണാന്‍ സൌകര്യമുള്ള ഒരു സ്ഥലം നോക്കി ഞാനും അവളും ഇരുന്നു.
സമയം സന്ധ്യ ആകാറായിരുന്നു. ഒരു കൊച്ചു കുഞ്ഞ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം എന്ന് കരുതി അമ്മയുടെ മാറില്‍ ചായുന്നത് പോലെ അവള്‍ എന്‍റെ തോളില്‍ ചാരിക്കിടന്നപ്പോള്‍ ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവാനാണ് ഞാന്‍ എന്ന് തോന്നി.
'എന്തൊരു ഭംഗി അല്ലേ?'
അസ്തമയ സൂര്യന്റെ മനോഹാരിതയില്‍ മതിമറന്ന് ആവേശത്തോട് കൂടി അവള്‍ എന്നോട് ഈ ചോദ്യം ചോദിച്ചപ്പോള്‍ 'അതേ' എന്ന് ഞാന്‍ മറുപടി പറഞ്ഞത് ചക്രവാളത്തില്‍ മറയുന്ന ആദിത്യന്റെ അരുണിമ ആസ്വദിച്ചിട്ടായിരുന്നില്ല. അവളുടെ ചുണ്ടുകളില്‍ വിരിഞ്ഞ പുഞ്ചിരിക്കും കണ്ണുകളിലെ തിളക്കത്തിനും അസ്തമയ സൂര്യനെക്കാള്‍ ആയിരം മടങ്ങ് വശ്യത ഉണ്ടായിരുന്നു.